Connect with us

Kerala

വൈദ്യുതി സ്വകാര്യവത്കരിച്ചാല്‍ 2028 കോടിയുടെ സഹായം

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിച്ചാല്‍ ബോര്‍ഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് 2028 കോടി രൂപയുടെ സഹായം നല്‍കാമെന്ന് കേന്ദ്രം. ഇതിനുള്ള കര്‍മപദ്ധതി തയ്യാറാക്കി ഈ മാസം 28നകം അറിയിക്കണമെന്നും കേന്ദ്ര പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ കെ എസ് ഇ ബിക്ക് അയച്ച കത്തില്‍ പറയുന്നു.

ഈമാസം അഞ്ചിന് ഡല്‍ഹിയില്‍ ഊര്‍ജ മന്ത്രിമാരുടെ യോഗം നടന്നിരുന്നു. യോഗത്തിലാണ് ബോര്‍ഡ് നേരിടുന്ന പ്രതിസന്ധികള്‍ കേരളം അറിയിച്ചത്. കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം നികത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്ന പ്രധാന വ്യവസ്ഥ ഉള്‍പ്പെടുന്ന പദ്ധതി അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സ്വകാര്യവത്കരണ കര്‍മപദ്ധതി 15 ദിവസത്തിനകം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡി സത്‌നാം സിംഗാണ് ഈ മാസം 13ന് കെ എസ് ഇ ബി ചെയര്‍മാന്‍ എം ശിവശങ്കറിന് ഇതുസംബന്ധിച്ച കത്തയച്ചത്. കത്ത് കിട്ടി 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
സ്വകാര്യവത്കരണം ഫ്രാഞ്ചൈസി രൂപത്തിലോ, പൊതു സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകാമെന്നാണ് വ്യവസ്ഥ. ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ സമ്മേളനം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഊര്‍ജ മേഖലയുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തുന്നതിന് സംസ്ഥാനതലത്തില്‍ കാര്യക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. 2011-12ല്‍ കെ എസ് ഇ ബിക്കുണ്ടായ 241 കോടി രൂപയുടെ ലാഭം നാമമാത്രമാണെന്നും ഈ സാഹചര്യത്തില്‍ സ്വകാര്യവത്കരണത്തിനുള്ള നടപടി വേണമെന്നും സത്‌നാം സിംഗ് നിര്‍ദേശിക്കുന്നു.
ബോര്‍ഡിന്റെ ഉത്പാദന, പ്രസരണ, വിതരണ മേഖലകള്‍ക്ക് 2028 കോടി രൂപയുടെ സാമ്പത്തിക സഹായം പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ വിതരണ ശൃംഖലയുടെ സാമ്പത്തിക ഭദ്രതയില്‍ സംശയമുണ്ടെന്ന് കോര്‍പറേഷന്‍ പറയുന്നു. ഉത്പാദന, പ്രസരണ മേഖലകള്‍ക്ക് ഇനി സഹായം ലഭ്യമാക്കുന്നത് വിതരണ മേഖലയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാക്കിയ ശേഷമേ ഉണ്ടാകൂ എന്നാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്റെ നിലപാട്.
കെ എസ് ഇ ബിയുടെ കാര്യത്തില്‍ നിര്‍ണായക സ്വാധീനമാണ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ഇപ്പോള്‍ ചെലുത്തുന്നത്. കഴിഞ്ഞ രണ്ട് മാസവും വൈദ്യുതി ബോര്‍ഡില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്തത് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ലഭ്യമാക്കിയ വായ്പ ഉപയോഗിച്ചാണ്. ഈ സ്വാധീനം പരമാവധി പ്രയോജനപ്പെടുത്തി കേരളത്തിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇവിടുത്തെ വൈദ്യുതി വിതരണ മേഖലയുടെ നിയന്ത്രണം കൈയടക്കാന്‍ ലക്ഷ്യമിടുന്ന വന്‍കിട വ്യവസായികളുടെ കടുത്ത സമ്മര്‍ദം ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വൈദ്യുതി വിതരണം സ്വകാര്യ നിയന്ത്രണത്തിലാകുന്നതോടെ വൈദ്യുതി നിരക്കുകള്‍ കുത്തനെ കൂടും. കേരളത്തിലെ പുതിയ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പ്രശ്‌നം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയും ഇതുവഴി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ബോര്‍ഡിനെ കരകയറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാതെ സ്വകാര്യവത്കരണം അടിച്ചേല്‍പ്പിക്കുന്ന നയമാണ് കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
വൈദ്യുതി വിതരണത്തിനായി സര്‍ക്കാര്‍ നിയന്ത്രണം, സ്വകാര്യ മേഖല, പൊതു- സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെ മൂന്ന് സാധ്യതകളാണ് അഞ്ചിന് ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തിരുന്നത്. ഇതില്‍ കേന്ദ്രം മുന്‍ഗണന നല്‍കുന്നത് സ്വകാര്യ മേഖലക്ക് തന്നെയാണ്. വിതരണ മേഖലാ പുനഃസംഘടനാ പാക്കേജില്‍ കേരളം ഒപ്പ് വെച്ചിട്ടുണ്ടെന്നാണ് പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ വൈദ്യതി ബോര്‍ഡ് കമ്പനിയാക്കാത്തതിനാല്‍ കേരളത്തിന് ഇത് ബാധകമല്ലെന്ന് തൊഴിലാളി യൂനിയനുകള്‍ പറയുന്നു.