Connect with us

International

ക്വറ്റാ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി

Published

|

Last Updated

ഇസ്‌ലാമാബാദ്: ശിയാ വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന ക്വറ്റയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 81 ആയി. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹം ലഭിച്ചതോടെയാണ് മരണ സഖ്യ ഉയര്‍ന്നത്. 200 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ നിരവധിയാളുകളുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റിനുള്ളില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. ബൈക്കുകളില്‍ 800 കിലോഗ്രാം സ്‌ഫോടക വസ്തുകള്‍ ഘടിപ്പിച്ചിരുന്നതായി വിദഗ്ധ സംഘം അറിയിച്ചു.
അതിനിടെ, ക്വറ്റയിലെ സ്‌ഫോടനം സര്‍ക്കാറിന്റെ പാജയമാണെന്ന ആരോപണവുമായി പ്രവിശ്യാ നേതാക്കള്‍ രംഗത്തെത്തി. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പരാജയമാണെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യാ ഗവര്‍ണര്‍ ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനോ ആക്രമണം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് ഗവര്‍ണര്‍ നവാബ് സുല്‍ഫിക്കര്‍ മഗ്‌സി അറിയിച്ചു.
പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്വറ്റയില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ തടയാന്‍ പാക് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ആരോപണം.
ശിയാ ഹസാറാസ് വിഭാഗത്തെയാണ് സ്‌ഫോടനത്തിലൂടെ ലക്ഷ്യം വെച്ചത്. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാക് രൂപ നഷ്ടപരിഹാരം നല്‍കാന്‍ ബലൂചിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ മാസമുണ്ടായ സ്‌ഫോടനത്തില്‍ 90 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ലശ്കറെ ജംഗ്‌വിയുടെ വക്താക്കള്‍ ഏറ്റെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പാക് താലിബാനുമായി ബന്ധമുള്ള ബലൂചിസ്ഥാനിലെ സായുധ സംഘമാണ് ലശ്കറെ ജംഗ്‌വി. പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി അപലപിച്ചിരുന്നു.