Connect with us

Kerala

നിലം നികത്തി വെച്ച വീടുകളുടെ വില്‍പ്പന തടഞ്ഞ് ഉത്തരവ്‌

Published

|

Last Updated

തിരുവനന്തപുരം: നിലം നികത്തി വെക്കുന്ന വീടുകള്‍ പത്ത് വര്‍ഷത്തേക്ക് വില്‍പ്പന നടത്തരുതെന്ന കര്‍ശന നിയന്ത്രണവുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ്. വീട് നിര്‍മിക്കാന്‍ അനുയോജ്യമായ മറ്റു ഭൂമി സ്വന്തമായി ഇല്ലാത്തവര്‍ക്ക് നിലം നികത്തി വീട് നിര്‍മിക്കാമെന്ന ഇളവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് കര്‍ശന നിലപാടെടുത്തത്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി വീട് നിര്‍മിച്ചവരെ പത്ത് വര്‍ഷത്തേക്ക് ഉടമസ്ഥാവകാശവും കൈവശാവകാശവും കൈമാറാന്‍ അനുവദിക്കാത്ത രീതിയിലാണ് പുതിയ ഉത്തരവ്.
അതേസമയം, പിന്തുടര്‍ച്ചാവകാശിക്ക് ഈ സമയപരിധിക്കുള്ളില്‍ വീട് കൈമാറാന്‍ അനുവദിക്കുന്നുണ്ടെങ്കിലും അവകാശിക്കും മറിച്ച് വില്‍ക്കാനാവില്ല. ഇങ്ങനെ കൈമാറിയാല്‍ വീണ്ടും പത്ത് വര്‍ഷത്തെ സമയപരിധി ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ബാധകമാകും മുമ്പുതന്നെ നിലമെന്ന് റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയത് കാരണം വീട് നിര്‍മിക്കുന്നതിന് അനുമതി ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നഞ്ച, നിലം, വയല്‍ എന്നീ മൂന്ന് തരം ഭൂമികളില്‍ നിലവില്‍ 100 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണമുള്ള ഗൃഹങ്ങള്‍ക്കും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി വീട് െവച്ചശേഷം കൈമാറ്റം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്. എന്നാല്‍, നേരത്തെയുള്ള ഉത്തരവ് പ്രകാരം പത്ത് വര്‍ഷം കഴിഞ്ഞതായി രേഖയില്‍ കാണിച്ചാല്‍ ഇവ കൈമാറ്റം ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനും പഴുതുണ്ടായിരുന്നു. നഞ്ച, വയല്‍, നിലം എന്നീ തരം ഭൂമികളില്‍ നൂറ് ചതുരശ്ര മീറ്റര്‍ വരെ തറ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതായിരുന്നു സര്‍ക്കുലര്‍. ഇതില്‍ ഭൂമി കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഇത്തരം കെട്ടിടങ്ങള്‍ വാസഗൃഹം തന്നെയായിരിക്കണമെന്ന് മാത്രമേ സര്‍ക്കുലറില്‍ പറയുന്നുള്ളൂ. ഈ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് താത്കാലിക റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ എന്നിവ എടുക്കുന്നതിനും ഇവിടെ താമസിക്കുന്നവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും അനുവാദവും നല്‍കിയിരുന്നു. ഏത് അനധികൃത കെട്ടിടവും വാസഗൃഹമാക്കി കാണിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നതാണ് പ്രത്യേകത. സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം ഈ കെട്ടിടങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് നിയമപരമായി തടയുന്നതാണ് സര്‍ക്കാറിന്റെ പുതിയ ഉത്തരവ്.
നിലം നികത്തിയ സ്ഥലത്ത് നിര്‍മിക്കുന്ന വാസഗൃഹങ്ങള്‍ക്ക് പത്ത് വര്‍ഷത്തേക്ക് ഉപയോഗമാറ്റം വരുത്തരുത് എന്ന വ്യവസ്ഥ കൂടി ഉള്‍ക്കൊള്ളിച്ചു മാത്രമേ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാവൂ എന്നാണ് നിര്‍ദേശം. നിര്‍ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ സര്‍ക്കുലര്‍ നിലനില്‍ക്കെ തന്നെ ഭൂമി കൈമാറ്റം തുടരുന്നതായി കണ്ടെത്തി. ഇതോടെയാണ് സര്‍ക്കാര്‍ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

Latest