Connect with us

Kasargod

മലബാര്‍ ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സ് നടപ്പാക്കേണ്ടെന്ന് രഹസ്യ നിര്‍ദേശം

Published

|

Last Updated

പയ്യന്നൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഏരിയാ കമ്മിറ്റികള്‍, ട്രസ്റ്റി ബോര്‍ഡുകള്‍ എന്നിവയുടെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് നടപ്പിലാക്കേണ്ടതില്ലെന്ന രഹസ്യ നിര്‍ദേശം ബോര്‍ഡില്‍ ഭരണ പ്രതിസന്ധിക്ക് കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനാണ് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട് പുറത്തിറക്കിയത്. ഈ ഓര്‍ഡിനന്‍സിലാണ് ബോര്‍ഡിലെ ഏരിയാ കമ്മിറ്റികള്‍, ക്ഷേത്രങ്ങളിലെ ട്രസ്റ്റി ബോര്‍ഡുകള്‍ എന്നിവയുടെ കാലാവധി ബോര്‍ഡിന്റെത് പോലെ രണ്ട് വര്‍ഷമാക്കി കുറച്ചുകൊണ്ടുള്ള വിജ്ഞാപനം ഉള്ളത്. ഈ നിര്‍ദേശമാണ് തത്ക്കാലം നടപ്പിലാക്കേണ്ടെന്ന രഹസ്യ നിര്‍ദേശം ക്ഷേത്ര ഭരണാധികാരികള്‍ക്കും അസി. കമ്മീഷണര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറങ്ങിയിട്ടും തീരുമാനങ്ങള്‍ നടപ്പിലാക്കാത്തത് ഭരണ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്.

ഓര്‍ഡിനന്‍സോടു കൂടി കഴിഞ്ഞ നവംബര്‍ മാസത്തില്‍ മുഴുവന്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡുകളുടെയും കാലാവധി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ നിര്‍ദേശം നടപ്പിലാക്കേണ്ടെന്ന അധികൃതരുടെ രഹസ്യ നിര്‍ദേശം മൂലം ഇപ്പോഴും ട്രസ്റ്റി ബോര്‍ഡുകള്‍ ചേരുകയും നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. അംഗീകാരം നഷ്ടപ്പെട്ട ഇത്തരം ട്രസ്റ്റി ബോര്‍ഡുകള്‍ കൈക്കൊള്ളുന്ന പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
ബോര്‍ഡുകള്‍ കാലഹരണപ്പെട്ടതോടു കൂടി ചില ട്രസ്റ്റി യോഗങ്ങള്‍ നടക്കാതെ വരുന്നത് ക്ഷേത്ര പ്രവര്‍ത്തനങ്ങളെയും ബാധിച്ചിരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മുഴുവന്‍ ട്രസ്റ്റി ബോര്‍ഡുകളും ഒന്നിച്ച് കാലഹരണപ്പെട്ടതോടെയുണ്ടാകുന്ന ഭരണ പ്രതിസന്ധി മറികടക്കാനാണ് ഓര്‍ഡിനന്‍സ് നടപ്പിലാക്കേണ്ടെന്ന രഹസ്യ നിര്‍ദേശം നല്‍കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. പുതിയ ട്രസ്റ്റി ബോര്‍ഡുകള്‍ രൂപവത്കരിക്കുന്നതിന് ചുമതലയുള്ള ഏരിയാ കമ്മിറ്റികള്‍ നിലവില്‍ ഇല്ലാത്തതും ഓര്‍ഡിനന്‍സ് പൂഴ്ത്തിവെക്കുന്നതിന് മറ്റൊരു പ്രധാന കാരണമായിരിക്കുകയാണ്. അതിനിടയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, ഏരിയാ കമ്മിറ്റികള്‍ എന്നിവ പുനഃസംഘടിപ്പിക്കാത്തത് ക്ഷേത്ര പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ക്ഷേത്ര ജീര്‍ണോദ്ധാരണ പ്രവൃത്തികള്‍ക്കുള്ള ഗ്രാന്റ് രണ്ട് വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്.

Latest