Connect with us

National

ജസ്റ്റിസ് കട്ജുവിനെതിരെ ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ) ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജുവിന്റെ ലേഖനം പുതിയ വിവാദത്തിലേക്ക്. കട്ജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നിഷ്പക്ഷമായി സ്ഥാനത്തിരിക്കാന്‍ സാധിക്കില്ലെങ്കില്‍ കട്ജു പി സി ഐ അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിതര കക്ഷികള്‍ ഭരണത്തിലുള്ള ബീഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ തുടങ്ങിയവയെ രാഷ്ട്രീയ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസുകാരനേക്കാള്‍ വലിയ കോണ്‍ഗ്രസുകാരനായാണ് കട്ജു പ്രവര്‍ത്തിക്കുന്നതെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
ദിനപത്രത്തില്‍ കട്ജു എഴുതിയ ലേഖനമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഗോധ്രയില്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും നിഗൂഢമാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മോഡിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നതായും കട്ജു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മോഡിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണ് ലേഖനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്റ്റ്‌ലി രംഗത്തെത്തിയത്.
ബീഹാറിലെ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കട്ജുവിന്റെ റിപ്പോര്‍ട്ടും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ വിരമിച്ച ശേഷം സര്‍ക്കാര്‍ ജോലികളില്‍ തുടരാന്‍ യോഗ്യരല്ലെന്നും ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
എന്നാല്‍, ജെയ്റ്റ്‌ലിയുടെ അഭിപ്രായം അസംബന്ധമാണെന്ന് കട്ജു പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെയും താന്‍ രംഗത്തു വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ രണ്ട് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് നോട്ടീസയച്ചിരുന്നുവെന്ന കാര്യം കട്ജു ചൂണ്ടിക്കാട്ടി.

Latest