Connect with us

Education

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാവാം.....

Published

|

Last Updated

വന്‍കിട കമ്പനികള്‍ പെരുകിക്കൊണ്ടിരിക്കുന്ന ഇന്ന് ഏറെ തൊഴില്‍ സാധ്യതകളുള്ള ഒരു കോഴ്‌സാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കോഴ്‌സ്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍, ആസ്തി ബാധ്യതകള്‍, ദേശീയ-അന്തര്‍ദേശീയ നിയമ പരിരക്ഷകള്‍, തുടങ്ങിയവ ശാസ്ത്രീയമായി പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നതാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ജോലി. ഡല്‍ഹി കേന്ദ്രമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ) എന്ന സ്റ്റാറ്റിയൂട്ടറി ബോഡിയാണ് സി.എ. പരീക്ഷ നടത്തുന്നത്. പാര്‍ലിമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എ.ഐ പ്രവര്‍ത്തിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് സി.എ. പരീക്ഷ നടക്കുന്നത്. പ്രവേശന പരീക്ഷയാണ് കോമണ്‍ പ്രൊവിഷന്‍സി ടെസ്റ്റ്(സി.പി.ടി). പ്ലസ് ടു പഠനത്തോടൊപ്പം തന്നെ സി.പി.ടി.ക്കും തയ്യാറെടുക്കാവുന്നതാണ്. ഓരോ വര്‍ഷവും ജൂണിലും ഡിസംബറിലും സി.പി.ടി. പരീക്ഷ നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നിനകം അപേക്ഷിക്കുന്നവര്‍ക്ക് ജൂണിലും ഒക്‌ടോബര്‍ ഒന്നിനകം അപേക്ഷിക്കുന്നവര്‍ക്ക് ഡിസംബറിലും പരീക്ഷയെഴുതാം. പ്ലസ് ടുവിന് കൊമേഴ്‌സ് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. നാല് പേപ്പറുകളാണ് സി.പി.ടി. പരീക്ഷക്കുള്ളത്. അക്കൗണ്ടിംഗ്‌സിന്റെ പ്രാഥമിക പാഠങ്ങള്‍, മാര്‍ക്കന്റയിന്‍ നിയമങ്ങള്‍, ഇക്കണോമിക്‌സ്, ഗണിതശാസ്ത്രത്തിലെ അടിസ്ഥാന പാഠങ്ങള്‍ എന്നിവയാണ് വിഷയങ്ങള്‍.
ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ കോംപിറ്റന്‍സി കോഴ്‌സ് (ഐ.പി.സി.സി) ആണ് രണ്ടാമത്തെ ഘട്ടം. ഏഴ് പേപ്പറുകളാണ് രണ്ടാം ഘട്ടത്തില്‍ ഉള്ളത്. അക്കൗണ്ടിംഗ്,നിയമം, എത്തിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കോസ്റ്റ് എക്കൗണ്ടിംഗ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എഷ്വറന്‍സ് തുടങ്ങിയവയാണ് വിഷയങ്ങള്‍. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഐ.ടി പരിശീലനവും ഈ ഘട്ടത്തില്‍ നടത്തണം. രണ്ടാം ഘട്ടം രണ്ട് ഗ്രൂപ്പായാണ്. ആദ്യ ഗ്രൂപ്പ് പാസായ ഉടനെ ഒരു പ്രാക്ടീസ് ചെയ്യുന്ന സി.എ.യുടെ കൂടെ പ്രായോഗിക പരിശീലനം നേടണം. ഐ.പി.സി.സി.യുടെ രണ്ട് ഗ്രൂപ്പും പാസായാല്‍ ഫൈനല്‍ പരീക്ഷയെഴുതാം. ഇതില്‍ എട്ട് പേപ്പറുകളാണ് ഉള്ളത്. ഫൈനല്‍ പരീക്ഷ ജയിക്കുകയും പ്രായോഗിക പരിശീലനം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യതയായി. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഐ.സി.എ.ഐ യുടെ ബ്രാഞ്ചുകളുണ്ട്. കൂടാതെ പതിനഞ്ചോളം കോളേജുകളെ അക്രഡിറ്റഡ് സ്ഥാപനങ്ങളായി ഐ.സി.എ.ഐ. അംഗീകരിച്ചിട്ടുണ്ട്. അവിടെയും പഠനം നടത്താവുന്നതാണ്.

 

Latest