Connect with us

Ongoing News

വയറ്റാട്ടികള്‍ നാടുനീങ്ങി സംസ്‌കൃതിയുടെ പാഠങ്ങളും

Published

|

Last Updated

പേറ്റിച്ചികള്‍. പോയകാലങ്ങളില്‍ അവരുടെ കാര്‍മികത്വത്തിലായിരുന്നു ഓരോ പുതിയ ജനനവും. പുതിയകാലത്തിന് ചിന്തിക്കാന്‍പോലുമാകാത്ത ഉയരത്തിലേക്ക് വൈദ്യശാസ്ത്രം വളര്‍ന്നിരിക്കുന്നു. പുതിയ തലമുറ അതിന്റെ സൗഭാഗ്യങ്ങള്‍ അനുഭവിച്ച് സുഖകരമായ പ്രസവങ്ങള്‍ക്കായി എല്ലാ സൗകര്യങ്ങളേയും പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഇതേക്കുറിച്ചൊന്നും സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത ഒരു തലമുറ സങ്കീര്‍ണമായ ഈ പ്രതിസന്ധികളെ തരണം ചെയ്തത് എങ്ങനെയായിരുന്നു. ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. വിശ്വസിക്കാന്‍ പ്രയാസം നേരിടാം. കേള്‍ക്കുമ്പോള്‍ ഭീതിയുടെ ചിറകടിയൊച്ചകള്‍ മുഴങ്ങാം.
ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു ഈ വിഭാഗത്തിന്. അവരുടെ പിന്‍മുറക്കാര്‍ പോലും ആതുരാലയങ്ങളില്‍ അഭയം തേടുന്നു.അപ്പോള്‍ വിസ്മൃതിയിലാണ്ടത് ഒരുജനവിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നു. കൈമോശം വന്നത് ഒരു സംസ്‌കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്. ആ കാലത്തിന്റെ പ്രതിനിധിയായ മലപ്പുറം അഞ്ചച്ചവടിയിലെ പുതിയത്ത് കുഞ്ഞീമ ഓര്‍ത്തെടുക്കുന്നു പോയകാല സ്മൃതികള്‍.
നാട്ടുപാതകളില്‍ വാഹനങ്ങളും വൈദ്യുതി വിളക്കുകളും വിരുന്നെത്തിയിട്ടില്ലാത്ത ഒരുകാലം. ആശുപത്രികളും ഡോക്ടര്‍മാരും സേവനം തുടങ്ങിയിരുന്നുവെങ്കിലും ആതുരാലയങ്ങളിലേക്ക് പ്രസവാവശ്യത്തിനായി പോകാന്‍ ഭയന്നിരുന്നവര്‍. നാട്ടുവൈദ്യത്തേയും പാരമ്പര്യ ചികിത്സാ രീതികളേയും പിന്തുടര്‍ന്നവരെ പരിചരിക്കാനെത്തിയിരുന്നത് പേറ്റിച്ചികളായിരുന്നു. ഓരോ ഗ്രാമത്തിനും സ്വന്തമായുണ്ടാകും അവര്‍. ഒസ്സാന്‍മാരും. അന്ന് അങ്ങാടികളില്‍ ബാര്‍ബര്‍ ഷാപ്പുകള്‍ വന്നിട്ടില്ല. പുരുഷന്‍മാര്‍ പ്രദേശത്തുകാരുടെ തലമൊട്ടയടിക്കും. മുടിവെട്ടും. ക്ഷൗരം ചെയ്യും. കുട്ടികളുടെ സുന്നത്ത് കല്യാണ കര്‍മം നടത്തും. കയ്യോ കാലോ വീണ് ഒടിവോ ചതവോ പറ്റിയാല്‍ ചികിത്സിക്കാന്‍ നിയോഗിക്കപ്പെട്ടവരും അവരായിരുന്നു.
പേറ്റുനോവിന്റെ ലക്ഷണങ്ങള്‍ തുടങ്ങും മുമ്പേ ബന്ധുക്കള്‍ വിളിക്കാനാളെ വിടും. നേരത്തെ ചിലര്‍ സൂചനയും തരും. നട്ടപ്പാതിരക്കാവും പലരും കടന്ന് വരിക. എപ്പോഴും എവിടേക്കും പോകാന്‍ തയ്യാറായി നിന്നുകൊള്ളണം. ഇടുങ്ങിയ പാതകളിലൂടെ ഓലച്ചൂട്ടുകളോ സുറൂങ്കുറ്റികളോ വെളിച്ചം തെളിക്കും. വിദൂരങ്ങളിലാണെങ്കില്‍ പോത്തും വണ്ടികളായിരിക്കും യാത്ര. വീട്ടില്‍ നിന്നും ആണുങ്ങളാരെങ്കിലും കൂടെപോരും. മഹത്തായ ഒരുപുണ്യകര്‍മമല്ലേ ചെയ്യേണ്ടത്. രണ്ടു ജീവനുകള്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്നു പിടയുമ്പോള്‍ ദൈവ നിയോഗംപോലെയാണവിടെ എത്തുന്നത്. കുലത്തൊഴില്‍ മാത്രമായിരുന്നില്ല അത്. ഒരു സുകൃതം ചെയ്യലായിരുന്നു. മുറുമുറുപ്പ് പറഞ്ഞ് പിന്തിരിഞ്ഞ് നടക്കാന്‍ എങ്ങനെയാവും…?
വറുതിയുടെ കാലമാണ.് പട്ടിണിയും പരിവട്ടവും വിരുന്നുണ്ടുപോയിരുന്ന പതിവുദിനങ്ങള്‍. വീടുകളിലെ വയറുകള്‍ പുലരണമെങ്കില്‍ ഈ വരുമാനവും മുഖ്യഘടകമായിരുന്നു . മൂന്നിടങ്ങഴി നെല്ല്. മൂന്നാഴി അരി. അതായിരുന്നു പ്രസവമെടുത്താല്‍ കിട്ടിയിരുന്ന കൂലി. ആദ്യത്തെ പ്രസവമാണെങ്കില്‍ തുണിയും കുപ്പായവും കിട്ടും ഒത്താച്ചിക്ക്. സാധാരണക്കാരുടെ വീടെങ്കില്‍ പ്രസവം കഴിഞ്ഞാല്‍ പതിനാലിന്റെ അന്ന് മുടികളയാനും പോകും. അരി, തേങ്ങ, വെറ്റില ഒരിടങ്ങഴി അരി എന്നിവ തെമ്മാനം വെക്കണം. അതിനുശേഷം മൂന്നുതല പടിവെച്ച് അതിന്മേല്‍ ഇരുന്ന് ഇരുമ്പ് കത്തികൊണ്ടാണ് മുടികളയുക. സമ്പന്നവീടുകളാണെങ്കില്‍ നാല്‍പതു ദിവസവും പെണ്ണിനേയും കുട്ടിയേയും കുളിപ്പിക്കണം. മുടികളയുന്ന അന്ന് ബലി ദാനമുണ്ടാകും. ഒസ്സാന് തല കൊടുക്കണം. ഒത്താച്ചിക്ക് വലത്തെ കൊറക്, പിന്നെ അരിയും തേങ്ങയും തുണിയും കുപ്പായവും നാഴി എണ്ണയും. അതായിരുന്നു നാട്ടുനടപ്പ്. അതിന് കഴിവില്ലാത്തവര്‍ മൂന്നിടങ്ങഴി നെല്ലും മുന്നാഴി അരിയും മൂന്ന് കുയ്യല്‍ (300 ഗ്രാം)എണ്ണയും നല്‍കണം. പണമായി നാല്‍പ്പതിന്റെ അന്ന് മുതലാളിമാരുടെ വീടുകളില്‍ നിന്ന് 50 രൂപ ലഭിക്കും. കുട്ടിയുടെ ബാപ്പാന്റെ കൂട്ടക്കാരാണ് നല്‍കേണ്ടത്. പെണ്‍വീട്ടുകാര്‍ അതറിയില്ല. എന്നാല്‍ നാട്ടുനടപ്പുകള്‍ പലപ്പോഴും തെറ്റിപ്പോകും. അപ്പോഴും ഇല്ലായ്മകളോടും വല്ലായ്മകളോടും കലഹിക്കാറില്ല.
ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് കുഞ്ഞീമ ആദ്യമായി പ്രസവമെടുക്കാന്‍ പോകുന്നത്. ഉമ്മയായിരുന്നു ഗുരു. എന്നാല്‍ മുമ്പൊരിക്കലും ഉമ്മ കൂടെകൊണ്ടുപോയിട്ടില്ല. ഒറ്റക്കുപോയാണ് പഠിച്ചത്. ആശങ്കയോടെയാണ് കടന്നുചെന്നത്. വലിയ പ്രയാസങ്ങളൊന്നുമില്ലാതെ ആദ്യ കടമ്പ കടന്നു. എന്നാല്‍ പിന്നാലെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും പലതവണ കടന്നു വന്നു. ചില മരണങ്ങള്‍ക്കും മൂക സാക്ഷിയായി. അതെല്ലാം ഓര്‍ക്കുമ്പോള്‍ എഴുപതാം വയസ്സിലും അവര്‍ നടുങ്ങുന്നു. ഇതിനകം എത്ര ജന്മങ്ങള്‍ക്കാണ് കാര്‍മികത്വം വഹിച്ചത്. എണ്ണിയിട്ടില്ല. എണ്ണിയാല്‍ ഒടുങ്ങുകയുമില്ല.
വളരെ സങ്കീര്‍ണമായ പ്രക്രിയയാണ് പ്രസവം. വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും ഭയപ്പാടോടെ മാത്രമെ സമീപ്പിക്കുന്നുള്ളൂ. ചില അടിയന്തര സാഹചര്യങ്ങളില്‍ കുഞ്ഞിന്റേയും മാതാവിന്റേയും ജീവന് ഭീഷണിയുണ്ടാവാം. ആ ഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ മാതൃശിശു മരണ കണക്ക് 13913ആണ്. മലപ്പുറം ജില്ലയിലാണ് ഇതിന്റെ തോത് കൂടുതല്‍. ഈ കാലയളവില്‍ മലപ്പുറത്ത് മാത്രമുണ്ടായത് 3213 മരണങ്ങള്‍. അത്യാസന്ന നിലയില്‍ നിന്ന് രണ്ടു ജീവനുകളെ സുരക്ഷിതരാക്കുംവരെ ഉറ്റവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പ്രവചനാതീതമാണ്. ഗര്‍ഭിണിയുടെ വേദനയേയും വേവലാതികളേയും അടയാളപ്പെടുത്തുവാനും പ്രയാസമാണ്. ഓരോ പേറ്റുനോവും പാതിമരണത്തെയാണ് ഓര്‍മിപ്പിക്കുന്നത്.
അവരുടെ വേദന ലഘൂകരിക്കാനും പ്രസവം വേഗത്തിലാക്കാനും എത്തുന്ന പേറ്റിച്ചികളും പ്രാര്‍ഥനകളോടെയാണ് വീടിറങ്ങുന്നത്. ഏതു പ്രതിസന്ധിയേയും തരണം ചെയ്യേണ്ടി വന്നേക്കാം. ആപത്തുകള്‍ ഒന്നും സംഭവിക്കരുതേ എന്നുമാത്രമാണ് പ്രാര്‍ഥന. പുതിയ ആളുകള്‍ പടിപ്പുര കയറിവരുമ്പോഴും പേറ്റിച്ചിയുടെ മനസും പിടക്കാന്‍ തുടങ്ങുന്നു. അതെത്ര പരിചിതരായാലും ശരി. പ്രസവം ശുഭകരമായി പര്യവസാനിക്കുമ്പോള്‍ മാത്രമേ നെഞ്ചിലെ തീ അണയുന്നുള്ളൂ. എന്നാല്‍ മനസ്സ് പതറിക്കൂടാ.ആത്മധൈര്യം കൈവിട്ടുപോകാനും പാടില്ല.
കുഞ്ഞീമയുടെ ബന്ധുതന്നെയായ ആച്ചുവിന്റെ മരണത്തിന് സാക്ഷിയാകേണ്ടി വന്നതാണ് ഇന്നും ഉള്ളുണര്‍ത്തുന്ന വേദനയായി അവരുടെ മനസ്സില്‍ നിറയുന്നത്. അഞ്ചാമത്തെ പ്രസവമായിരുന്നു. രാത്രിവൈകിയാണ് പേറ്റുനോവ് തുടങ്ങിയത്. കുഞ്ഞീമ സ്ഥലത്തെത്തുമ്പോഴെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. അവര്‍ വേദനകൊണ്ട് പുളയുന്നു. ആരൊക്കെയോ കാളികാവിലെ ആശുപത്രിയിലേക്ക് ഡോക്ടറെ വിളിക്കാന്‍ പാഞ്ഞു. എന്നാല്‍ ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകണ്ടായെന്ന് തന്നെ ഗര്‍ഭിണി പറഞ്ഞുകൊണ്ടിരുന്നു. അവര്‍ വയറ് കീറും. അതുവേണ്ട..ഞാനിവിടെ കിടന്ന് മരിച്ചോളാം… എന്നായിരുന്നു ഒടുവിലത്തേയും വാക്കുകള്‍. രാത്രിയായത്‌കൊണ്ട് വീട്ടിലേക്ക് വരാന്‍ ഡോക്ടറും കൂട്ടാക്കിയില്ല. പക്ഷേ നേരം വെളുത്തില്ല. അര്‍ധരാത്രിയില്‍ തന്നെ മരണം പടികടന്നുവന്നു. കുഞ്ഞിനേയും അമ്മയേയും കൂട്ടികൊണ്ടുപോയി. പിന്നെയും നിരവധി അപകട ഘട്ടങ്ങളില്‍ തളര്‍ന്നുപോകേണ്ടി വന്നിട്ടുണ്ട്. അത്യാസന്ന നിലയില്‍ കുഞ്ഞിനെ വലിച്ചൂരിയെടുത്ത് കുട്ടിയേയും ഉമ്മയേയും ജീവിതത്തിലേക്ക് തിരികെ നടത്തിച്ചിട്ടുമുണ്ട്. ഈ സമയത്ത് കഴുത്ത് കുടുങ്ങിപോകുന്നതാണ് പ്രശ്‌നം സങ്കീര്‍ണമാക്കുക. വീടിന് തൊട്ടടുത്ത് തന്നെയുള്ള വീട്ടിലെ സ്ത്രീയുടെ നാല് കുഞ്ഞുങ്ങള്‍ മരിച്ചു. എല്ലാത്തിലും ഇതേ പ്രശ്‌നമായിരുന്നു വിഘാതമായത്. ആപത് ഘട്ടങ്ങളില്‍ ആരും കുറ്റപ്പെടുത്തുകയോ കുറ്റവാളികളാക്കുകയോ ചെയ്തിട്ടില്ല. അവരെകൊണ്ട് അത്രയേ ചെയ്യാനാവൂ എന്നായിരുന്നു ആളുകള്‍ പറയുക. എന്നാല്‍ അന്ന്‌പൊക്കിള്‍ക്കൊടി മുറിച്ച ശേഷം വലുതായാല്‍ അത് ഒത്താച്ചിയുടെ കുറ്റംകൊണ്ടാണെന്ന് പറയുമായിരുന്നു. എന്നാല്‍ ഇന്ന് ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങളില്‍ പോലും പൊക്കിള്‍ക്കൊടി വലുതാകുന്നുണ്ട്. എന്നാല്‍ അതിലാര്‍ക്കും പരാതിയില്ലെന്നുമാണ് ഇവരുടെ പരാതി.
ഇന്ന് ഡോക്ടര്‍മാര്‍പോലും പറയുന്നത് ഗര്‍ഭിണികളോട് ദേഹം അനങ്ങരുതെന്നാണ്. പഴയകാലത്തെ ഗര്‍ഭിണികള്‍ ദേഹമനങ്ങി പണിയെടുക്കുമായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണനയോ പരിചരണമോ ലഭിച്ചിരുന്നില്ല. പ്രത്യേക ഭക്ഷണമില്ല. പത്തുമാസം തികയുംവരെ പലരും നെല്ല്കുത്തുകയും കൊയ്യുകയും ചെയ്തിരുന്നു. പ്രസവിച്ചാല്‍ നാല്‍പത് ദിവസം മാത്രമേ വിശ്രമമുണ്ടായിരുന്നുള്ളൂ. എന്നാല്‍ചിലര്‍ അപ്പോഴും വീട്ടുജോലികളൊക്കെ ചെയ്യും. ആടിന്റെ ഊരയോ തലയോ കിട്ടിയാല്‍ അത് വലിയ അനുഗ്രഹമായിവേണം കരുതാന്‍.
സാധാരണ പ്രസവങ്ങളില്‍ ശിശുവിന്റെ തലയുടെ ഊര്‍ദ്ധ്വഭാഗമാണ് ആദ്യം പുറത്തുവരേണ്ടത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മറ്റു ഭാഗങ്ങളോ കാലുകളോ ആദ്യം പുറത്തു വരും. അപൂര്‍വമാണത്. ഇത്തരം സാഹചര്യങ്ങളിലാണ് ഓപ്പറേഷന്‍ അനിവാര്യമാകുന്നത്. കുഞ്ഞിന്റെ അംഗവൈകല്യങ്ങളും പ്രസവത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. ഇരട്ട കുഞ്ഞുങ്ങളോ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളോ ഉണ്ടെങ്കിലും പ്രതി സന്ധി രൂക്ഷമാകുന്നു. ഗര്‍ഭിണിയുടെ പ്രായവും പ്രസവത്തിന്റെ പ്രതികൂലാവസ്ഥക്ക് കാരണമാകും. 19 മുതല്‍ 25 വയസ്സുവരെയാണ് ആദ്യ പ്രസവത്തിന് പറ്റിയ പ്രായമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. 19 വയസ്സില്‍ കുറവുള്ള സാഹചര്യത്തില്‍ കുഴപ്പങ്ങളുണ്ടാകാനിടയുണ്ടെന്നും ഡോക്ടര്‍മാര്‍ വിധിക്കുമ്പോള്‍ ഈ പഴമക്കാരി അതിന് മാര്‍ക്കിടില്ല. വിയോജനക്കുറിപ്പുകള്‍ പലതും രേഖപ്പെടുത്താനുമുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ കിടപ്പ് ശരിയായ രീതിയിലല്ലെങ്കില്‍, പ്രായം 30 വയസ്സിനു മുകളിലാണെങ്കില്‍, തീയതി കഴിഞ്ഞിട്ടും പ്രസവ വേദന തുടങ്ങാതിരുന്നാല്‍ എല്ലാം വിഘാതങ്ങള്‍ വന്ന് കുമിയുന്നു. എന്നാല്‍ ഇതെല്ലാം എന്തുകൊണ്ട് എന്നതിനുള്ള വ്യക്തമായ മറുപടികള്‍ ഉണ്ടായിരുന്നില്ല. കാരണം ഇന്നത്തെ പ്രശ്‌നങ്ങളുടെ മുഖമായിരുന്നില്ല. നാളെയെത്തുന്ന വീട്ടിലെ പെണ്ണിന്റെ പേറ്റു നോവിന്റെ ലക്ഷണങ്ങള്‍. വേദനയുടെ സീല്‍ക്കാരം കൊണ്ട് പിടയുന്നവളുടെ അടയാളങ്ങളായിരുന്നില്ല അടുത്ത ദിനം ചെല്ലുന്ന വീട്ടിലെ ഗര്‍ഭിണിയുടെ പ്രയാസങ്ങള്‍. പ്രത്യേകിച്ചൊരു പ്രശ്‌നവും കൂടാതെ വളരെ പെട്ടന്ന് പ്രസവമുഖത്ത് നിന്ന് രക്ഷപ്പെടാനാവുന്നവരും ഉണ്ട്. അതെല്ലാം അവരവരുടെ പ്രായത്തേയും ശരീരഘടനയേയും ആശ്രയിച്ചിരിക്കുന്നു. ചിലര്‍ക്ക് ഭാഗ്യം തുണയായി മാറുന്നു. മറ്റുള്ളവര്‍ ഗതികേടുകളുടെ യുഗങ്ങള്‍ താണ്ടുന്നു. ഓരോന്നിനും അനുഭവത്തിന്റെ പാഠപുസ്തകങ്ങളില്‍ നിന്നും അവര്‍ക്ക് പലതും പറയാനുണ്ട്. പഴമക്കാരായ ഒത്താച്ചികള്‍ക്കും കാരണവത്തികള്‍ക്കുമുണ്ടായിരുന്നു ഉപദേശങ്ങളും നിര്‍ദേശങ്ങളും കൈമാറാന്‍.
പഴയ കാലത്ത് ഗര്‍ഭിണികള്‍ ഗര്‍ഭാവസ്ഥ സ്ഥിരീകരിക്കാന്‍പോലും ആശുപത്രിയിലേക്ക് പോയിരുന്നില്ല. അത്യാസന്ന ഘട്ടങ്ങളില്‍പോലും ആശുപത്രിയെക്കുറിച്ച് ആലോചിക്കാനും ഭീതിയായിരുന്നു. കുഞ്ഞീമ തന്നെ 12 തവണ പ്രസവിച്ചു. ഒരിക്കലും ആശുപത്രി വരാന്തപോലും കണ്ടില്ല. മൂന്ന് കുട്ടികള്‍ മരിച്ചു. ബാക്കിയുള്ളവരെല്ലാം ഇന്നും ജീവിക്കുന്നു. അവര്‍ക്ക് മക്കളും മരുമക്കളുമായി. പേറ്റുപനിമൂലം അന്നെല്ലാം പല മരണങ്ങളുമുണ്ടായിട്ടുണ്ട്. പ്രസവിച്ചു മൂന്നാലു ദിവസംകഴിഞ്ഞുണ്ടാകുന്ന പനിയെ ഭയപ്പെടേണ്ടതില്ല. എന്നാല്‍ അതിനുശേഷം ഉണ്ടാകുന്ന പനിയെ പേടിക്കണം. അണു ആക്രമണം മൂലമായിരുന്നു ഈ പനിയുടെ വരവ്. അണുനാശക ഔഷധങ്ങള്‍ വിപണിയിലെത്തുംമുമ്പ് പേറ്റുപനിയുണ്ടാകുന്നവരില്‍ അന്‍പത് ശതമാനംപേരും മരണത്തിന് കീഴടങ്ങാറായിരുന്നു പതിവെന്ന് സാഹിത്യ പ്രവര്‍ത്തക സംഘം പുറത്തിറക്കിയ വിശ്വ വിഞ്ജാന കോശത്തില്‍ പറയുന്നുണ്ട്. പിന്നീട് സള്‍ഫെണോ മൈഡും ആന്റി ബയോട്ടിക്കുകളും വന്നതിനുശേഷമാണ് പേറ്റുപനിമൂലമുള്ള മരണം കുറഞ്ഞത്.
ഒടിവോ ചതവോ പറ്റിയാലുള്ള പരിശോധനയും ചികിത്സയും ഒസ്സാന്‍മാരുടേതായിരുന്നു. കുഞ്ഞീമയുടെ ഭര്‍ത്താവ് പരേതനായ പുതിയത്ത് അഹമ്മദ് എണ്ണംപറഞ്ഞ ഒസ്സാനായിരുന്നു. കുട്ടികളുടെ സുന്നത്ത് കര്‍മം നടത്തുന്നതിലും കയ്യോ കാലോ ഒടിഞ്ഞാലും അദ്ദേഹത്തിന്റെ അരികിലായിരുന്നു ഓടി എത്തിയിരുന്നത്. അനുഭവ പരിജ്ഞാനം കൊണ്ട് അദ്ദേഹം വേഗത്തില്‍ ഒടിവിനും ചതവിനും ചികിത്സ വിധിച്ചിരുന്നു. എക്‌സറേയില്ലാത്തത് കൊണ്ട് പൊട്ടുള്ള ഭാഗം പിടിച്ച് നോക്കും. പ്ലാസ്റ്ററിന് പകരം മുളങ്കോല്‌വെച്ചാണ് കെട്ടുക. കുളര്‍മാവിന്റെ തോല്, പച്ചയിലയും മറ്റും ചേര്‍ത്ത് അരച്ചെടുത്ത പച്ചമരുന്ന് തേച്ചശേഷമാണ് കെട്ടുക. മൂന്നാഴ്ചകൊണ്ട് ഏത് പൊട്ടലും ശരിയാവും. ഡോക്ടര്‍മാരുടെ വാക്കുകളെക്കാളും വലിയ വിശ്വാസമായിരുന്നു നാട്ടുകാര്‍ക്ക് അയാളെ. ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ട് നേരെയാവാത്ത പല കേസുകളും അയാള്‍ ശരിപ്പെടുത്തിയ സംഭവങ്ങളും കുഞ്ഞീമ ഓര്‍ക്കുന്നു. എന്നാല്‍ ഈ പാരമ്പര്യത്തൊഴിലിനെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചത് കാഴ്ച മങ്ങി തുടങ്ങിയതോടെയാണ്. അപ്പോഴേക്കും ആശുപത്രികള്‍ സജീവമായി. കൂടുതല്‍ സൗകര്യങ്ങള്‍ കണ്‍മുന്നിലെത്തിയപ്പോള്‍ ആളുകളും അതിന്റെ പിന്നാലെ പോയി. അതില്‍ അവര്‍ക്ക് പരിഭവമോ കുലത്തൊഴില്‍ അന്യം നിന്നതില്‍ വേദനയോ ഇല്ല. എങ്കിലും ആ പഴയ കാലംതന്നെയായിരുന്നു ജീവിതത്തിന്റെ സുകൃതങ്ങള്‍ എന്നുതന്നെയാണിപ്പോഴും ഈ പഴമക്കാരി പറയുന്നത്.