Connect with us

Ongoing News

ഇപ്പോള്‍ കുറ്റബോധം തോന്നുന്നു: ശശികുമാര്‍

Published

|

Last Updated

ദൃശ്യമാധ്യമ രംഗത്ത് ഇന്ത്യയില്‍ ഉണ്ടായ വിപ്ലവകരമായ മാറ്റത്തിന് നേതൃത്വം നല്‍കിയ ആളാണ് ശശികുമാര്‍. പത്രപ്രവര്‍ത്തനം,

അഭിനയം, ടെലിവിഷന്‍ സാരഥ്യം, സിനിമാ സംവിധാനം,
അധ്യാപനം തുടങ്ങിയ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ശശികുമാര്‍ താന്‍ തുടങ്ങിവെച്ച മാധ്യമ വിപ്ലവം ഇന്നെവിടെ
എത്തിനില്‍ക്കുന്നുവെന്നതിനേക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നു.

? മറ്റ് സംസ്ഥാനങ്ങളിലെങ്ങുമില്ലാത്ത തരത്തില്‍ മലയാളത്തില്‍ ചാനലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ചാനലുകളുടെ എണ്ണം കൂടുന്നതല്ലാതെ ഏതെങ്കിലും തരത്തില്‍ ഗുണപരമായ മാറ്റം കാണാന്‍ കഴിയുന്നുണ്ടോ?
എന്താ ഇവിടുത്തെ പ്രശ്‌നമെന്ന് വെച്ചാല്‍, എല്ലാ ചാനലുകളും ഒന്നു തന്നെയാണ്. ഒരേ പ്രോഗ്രാമുകളാണ് എല്ലായിടത്തും. ന്യൂസിലും സീരിയലിലുമൊക്കെ. ആരും മാറി ചിന്തിക്കുന്നില്ല. ന്യൂസിന്റെ ഫോര്‍മാറ്റ് പോലും പരസ്പരം കോപ്പി ചെയ്യുകയാണ്. താരതമ്യേന പുതിയ ഒരു മേഖലയായതുകൊണ്ടാകാം ഈ പ്രശ്‌നങ്ങള്‍. ഈ രീതികള്‍ മാറിയേ പറ്റൂ. പിന്നെ പോസിറ്റീവ് ആയ ഒന്നുണ്ട്. കൂടുതല്‍ ചാനലുകള്‍ വരുന്നത് കുറച്ച് ചാനലുകള്‍ ഉള്ളതിനേക്കാള്‍ നല്ലതാണ്. പ്രത്യേകിച്ച് ന്യൂസിന്റെ കാര്യത്തില്‍. ഒന്നിനെയും മറച്ചുവെക്കാന്‍ കഴിയില്ല. നേരത്തെ ഒന്നോ രണ്ടോ ചാനലുകള്‍ ഉണ്ടായിരുന്നപ്പോള്‍ പല വാര്‍ത്തകളും വരാതെ പോയിട്ടുണ്ട്. കൂടുതല്‍ മാധ്യമങ്ങള്‍ വന്നപ്പോള്‍ കൂടുതല്‍ വാര്‍ത്തകള്‍ ഉള്ളതായി നമുക്ക് തോന്നുന്നു. ഈ വാര്‍ത്തകളൊക്കെ പണ്ടും ഉണ്ടായിരുന്നു News is what reported, not what happened. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രമേ വാര്‍ത്തയാകുന്നുള്ളൂ. ലോകത്ത് സംഭവിക്കുന്നതിന്റെ പത്ത് ശതമാനത്തോളം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വാര്‍ത്തയുടെ കാര്യത്തില്‍ വലിയ സാധ്യതകള്‍ ഇവിടെ ഉണ്ട്. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ലായെന്നതാണ് ഇവിടത്തെ പ്രശ്‌നം.
? താങ്കള്‍ വളരെ സജീവമായി ഉണ്ടായിരുന്ന ഏഷ്യാനെറ്റിന്റെ ആദ്യ അഞ്ചു വര്‍ഷങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. കേരളത്തിന്റെ സാംസ്‌കാരികമുഖം അന്ന് ഏഷ്യാനെറ്റിന് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യത്തെ അഞ്ച് വര്‍ഷത്തിനുശേഷം ചാനല്‍ ലാഭത്തിലാവുകയും പല ഗൗരവമുള്ള പരിപാടികളും ഇല്ലാതാവുകയോ, അപ്രത്യക്ഷമാവുകയോ ചെയ്തു.
ലാഭത്തിലോടുക എന്ന ലക്ഷ്യം മാത്രം വെച്ചല്ല ഏഷ്യാനെറ്റ് തുടങ്ങിയത്. വരുമാനം വേണമായിരുന്നെങ്കിലും അത്തരത്തിലുള്ള ഒരു ബിസിനസ്സ് കാഴ്ചപ്പാട് അന്നുണ്ടായിരുന്നില്ല. മാധ്യമരംഗത്തെ ഒരു നവോത്ഥാന പ്രസ്ഥാനമെന്ന നിലയിലാണ് ഏഷ്യാനെറ്റ് തുടങ്ങിയത്. അതുകൊണ്ടാണ് പല എഴുത്തുകാരും ബുദ്ധിജീവികളും സിനിമാരംഗത്തെ പ്രമുഖരും മികച്ച പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ ഉന്നതരായ പലരും ഏഷ്യാനെറ്റിനോട് സഹകരിക്കാന്‍ സമ്മതിച്ചത്. അതിന്റെ ക്വാളിറ്റി അന്നുണ്ടായിരുന്നു.
എന്റെ കേരളം പോലൊരു പരിപാടി ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും. അതുപോലെ, പത്രവിശേഷം. അതിനൊക്കെ പലതരത്തിലുള്ള ഏതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
പിന്നെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍, ആ എനര്‍ജി നഷ്ടപ്പെട്ടുവെന്നത് ശരിയാണ്. അത് സ്വാഭാവികമായി നഷ്ടപ്പെട്ടതായിരിക്കും. അല്ലെങ്കില്‍ ബിസിനസ്സിന്റേതായ മേല്‍ക്കോയ്മ വന്നതുമൂലം സംഭവിച്ചതായിരിക്കും. എങ്കിലും ആദ്യത്തെ ചാനല്‍ എന്ന നിലയില്‍ കൂടുതല്‍ വ്യത്യസ്തമായ പരിപാടികളിലേക്ക് ഏഷ്യാനെറ്റ് കടക്കേണ്ടതായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിന്റേതായ ഒരു ബോധവും അതിനുള്ള ശ്രമവും ഉണ്ടായിരുന്ന ഒരു മൂവ്‌മെന്റ് ആയിരുന്നു ഏഷ്യാനെറ്റ്. പല വെല്ലുവിളികളും ഉണ്ടായിരുന്നു. അതിനെ നേരിട്ടാണ് മുന്നോട്ട് പോയത്. അത് ഞാനോ ഏതാനും വ്യക്തികളോ ചെയ്തതല്ല. അങ്ങനെ സംഭവിച്ചതാണ്.
? പരസ്യം ലഭിക്കാന്‍ എളുപ്പമുള്ള പരിപാടികള്‍ക്കായില്ലേ പിന്നീട് ചാനലില്‍ പ്രാധാന്യം? അതല്ലേ പരിപാടികളുടെ ഗുണത്തെ ബാധിച്ചത്?
അത് മാത്രമല്ല. ഒരു വ്യത്യസ്തതക്ക് ആരും ശ്രമിച്ചില്ല. ജനങ്ങള്‍ക്ക് കാണാന്‍ പറ്റുന്ന തരത്തില്‍ ഉത്തരവാദിത്വമുള്ള പരിപാടികള്‍ ചെയ്യേണ്ടിയിരുന്നു. ജനപ്രിയം ആവണമെന്നില്ല, പക്ഷേ ജനകീയം ആയിരിക്കണം. നിലവിലുള്ള പരിപാടികള്‍ മുഴുവന്‍ ഒഴിവാക്കി തികച്ചും വ്യത്യസ്തമായവ ചെയ്യാന്‍ ഇപ്പോഴും സാധ്യതകള്‍ ഉണ്ട്. എന്നാല്‍ ആരും അതിന് ശ്രമിക്കുന്നില്ല. ഇപ്പോഴുള്ള പരിപാടികള്‍ കൊണ്ടുതന്നെ നല്ല പരസ്യ വരുമാനം കിട്ടുന്നുണ്ട്. പിന്നെന്തിനാണ് പുതിയ പരിപാടികള്‍ എന്നാണ് പലരും ആലോചിക്കുന്നത്.
? കാര്യങ്ങള്‍ ഒട്ടും പോസിറ്റീവ് അല്ലായെന്ന് തോന്നുന്നുണ്ടല്ലേ?
പല കാര്യങ്ങളും പോസിറ്റീവ് അല്ല. പ്രത്യേകിച്ച് സീരിയലുകളുടെ കാര്യത്തില്‍. അതുപോലെ ആളുകളെ ചൂഷണം ചെയ്യുന്ന പരിപാടിയാണ് ഒളിക്യാമറ വെച്ച് ചെയ്യുന്നത്. വഴിയേ പോകുന്ന സാധാരണക്കാരെ പിടിച്ച് വെറുതെ ബുദ്ധിമുട്ടിക്കുകയാണ്. എന്നിട്ട് അവസാനം അത് ഒരു തമാശയാണെന്ന് പറയുന്നു. ടെലിവിഷന്‍ ക്യാമറയുണ്ടെങ്കില്‍ എന്തും ആവാം എന്നാണ് പലരുടെയും വിചാരം. ഒളിക്യാമറ വെച്ച് ചെയ്യുന്ന പരിപാടികള്‍ക്കും ഒരു മാന്യത വേണം. ചൂഷണത്തിന്റെ അവസ്ഥയിലേക്ക് അത് എത്താന്‍ പാടില്ല. പക്ഷെ ഇപ്പോള്‍ അത് മൂന്നാംകിട രീതിയിലാണ്. ജനവിരുദ്ധമാണ്. ആ ധിക്കാരം ടെലിവിഷന്‍ മാധ്യമത്തിന് വന്നിട്ടുണ്ട്. ആളുകളോട് പലപ്പോഴും ധിക്കാരത്തോടെ പെരുമാറുന്ന ടെലിവിഷന്‍ പ്രവര്‍ത്തകരെയും ഇപ്പോള്‍ സ്ഥിരമായി കാണാം. വി ഐ പികളോട്, പ്രത്യേകിച്ച് രാഷ്ട്രീയക്കോരോട് അങ്ങനെ ആവുന്നതില്‍ തെറ്റില്ല. അത്തരം ചോദ്യങ്ങളെ നേരിടാന്‍ അവര്‍ തയ്യാറായിരിക്കണം. പക്ഷേ പലപ്പോഴും സാധാരണക്കാരുടെ മേലാണ് കുതിരകയറ്റം. ഇംഗ്ലീഷ് അറിയാത്തവരോട് ഇംഗ്ലീഷില്‍ പരമാവധി ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് സ്ഥിരമായി കാണാം. ലല്ലു പ്രസാദ് യാദവിനെ പലപ്പോഴും കാര്‍ട്ടൂണായി കാണുന്ന ഒരു രീതിയുണ്ട് മാധ്യമങ്ങള്‍ക്ക്. എന്നാല്‍ അദ്ദേഹം റെയില്‍വേയില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദേശത്തുനിന്ന് ആളുകള്‍ എത്തുന്നു. അപ്പോഴാണ് ഇവിടുത്തെ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ മനസ്സിലാക്കുന്നത്. അപ്പര്‍ മിഡില്‍ ക്ലാസിന്റെ സ്‌നോബിഷ് മനഃസ്ഥിതി മാധ്യമങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് വന്നിട്ടുണ്ട്.
? ഇത്തരമൊരു Identinty Crisis തന്നെയല്ലേ വാര്‍ത്താ വായനയിലും അതിന്റെ മേക്കപ്പിലുമൊക്കെ കാണുന്നത്. ആദ്യകാലത്ത് ഷര്‍ട്ട് മാത്രം ധരിച്ചിരുന്ന വാര്‍ത്താ വായനക്കാര്‍ പിന്നീട് ടൈ കെട്ടി. ഇപ്പോള്‍ കോട്ടില്ലാത്ത വായനക്കാരെ ചിന്തിക്കാന്‍ കഴിയില്ല.
നമ്മുടെ കാലാവസ്ഥക്കും സംസ്‌കാരത്തിനും ടൈയും കോട്ടും ആവശ്യമുണ്ടോയെന്ന് ചിന്തിക്കേണ്ടതാണ്. വിദേശികള്‍ക്ക് അതൊരു ഫോര്‍മാലിറ്റിയുടെ ഭാഗമാണ്. പക്ഷേ ദക്ഷിണ ഭാരതത്തില്‍ ഇങ്ങനെ വസ്ത്രം ധരിക്കുകയും വാര്‍ത്ത വായിക്കുകയും ചെയ്യുന്നത് ആഭാസം തന്നെയാണ്. ടീഷര്‍ട്ട് ഇട്ട്, ബട്ടന്‍സ് ഇടാതെ വളരെ കാഷ്വലായി വാര്‍ത്ത വായിക്കണമെന്നല്ല ഞാന്‍ പറയുന്നത്.
? നേരത്തെ ടെലിവിഷന്‍ പരിപാടികളുടെ നിലവാരത്തെക്കുറിച്ച് പറഞ്ഞു. എന്നാല്‍ കണ്ണീര്‍ സീരിയലുകളിലേക്ക് മലയാളി പ്രേക്ഷകരെ തിരിച്ചുവിട്ടത് താങ്കള്‍ ഏഷ്യാനെറ്റ് മേധാവിയായിരുന്നപ്പോള്‍ തുടങ്ങിയ സ്ത്രീ എന്ന പരമ്പരയിലൂടെയാണ്. ആ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?
ആ കുറ്റബോധം എനിക്കുണ്ട്. സ്ത്രീ തുടങ്ങിക്കഴിഞ്ഞപ്പോള്‍ അത് ഞങ്ങളാരും വിചാരിക്കാത്ത ഒരു നിലയിലേക്ക് മാറിപ്പോയി. ചാനലിന്റെ വിജയം എന്നത് തന്നെയാണ് പലപ്പോഴും അതിന്റെ പ്രശ്‌നമായി വരുന്നത് എന്നതിന്റെ ഉദാഹരണമാണ് സ്ത്രീ. നമുക്ക് പോലും അതിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അതില്‍ ഒരു മാര്‍ക്കറ്റിങ്ങ് ലോജിക്ക് ഉണ്ട്. കാരണം, ആ പരിപാടി നല്ലൊരു വരുമാനം കൊണ്ടുവരുന്നു. അതില്‍ ഇടപെടാന്‍ കഴിയാതെ വരുന്നു.
സ്ത്രീ പോലെയാണ് ജ്യോതിഷ പരിപാടിയും. സത്യത്തില്‍ അതൊരു തമാശയായി തുടങ്ങിയതാണ്. എന്നാല്‍ അതിനും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് ഉണ്ടായത്. അങ്ങനെ ആവശ്യമില്ലാത്ത ചില ട്രെന്‍ഡുകള്‍ ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് നിഷേധിക്കുന്നില്ല.
? ചാനലുകള്‍ തികച്ചും കൊമേഴ്‌സ്യല്‍ ആയപ്പോള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന പരിപാടികള്‍ മാത്രം മതി എന്നായി. ന്യൂസ് ഉള്‍പ്പെടെ ഗൗരവമുള്ള പരിപാടികള്‍ക്കായി മറ്റൊരു ചാനല്‍ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏഷ്യാനെറ്റ് ന്യൂസ്, പീപ്പിള്‍ ഇവയൊക്കെ ഉദാഹരണം.
അത് ശരിയാണ്. ഞങ്ങള്‍ ചാനല്‍ തുടങ്ങുന്ന കാലത്ത് അത്തരം വ്യക്തമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ഒരു സിനിമയുണ്ടെങ്കില്‍ ഒരു ചാനല്‍ ഓടിക്കാം എന്നതായിരുന്നു അന്നത്തെ അവസ്ഥ. പിന്നീടാണ് സീരിയലുകള്‍ വന്നത്. മൂന്നാമത്തെ ഘട്ടമെന്ന നിലയിലാണ് ന്യൂസ്.
ഏഷ്യാനെറ്റില്‍ ന്യൂസ് ഒരു പ്രധാന വിഭാഗമായിരുന്നെങ്കിലും അതില്‍നിന്നും വരുമാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ന്യൂസില്ലാത്ത ചാനല്‍ നടത്താനും കഴിയുമായിരുന്നില്ല. സീരിയല്‍ പോലുള്ള പരിപാടികളില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ന്യൂസ് ചാനല്‍ നടത്താം എന്നാണ് അന്ന് കരുതിയിരുന്നത്.
ഇപ്പോള്‍ ഓരോന്നിനും ഓരോ ചാനല്‍ എന്ന അവസ്ഥയായി. അതിനുള്ള പ്രധാന കാരണം ഇപ്പോള്‍ ചാനല്‍ നടത്താനുള്ള ചെലവ് കുറവാണ്. ഏഷ്യാനെറ്റ് തുടങ്ങുമ്പോള്‍ ട്രാന്‍സ്‌പോണ്ടര്‍ ചെലവുകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷം 10 – 15 കോടി രൂപ വേണമായിരുന്നു. എന്നാല്‍ ഇന്നത് 1 – 2 കോടിയായി കുറഞ്ഞു.
? കേരളത്തിനകത്തും പുറത്തും നിന്നുള്ള ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് നിരവധി പേര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നു. അവര്‍ക്കൊക്കെ ചാനലുകളില്‍ ജോലിയും കിട്ടുന്നു. എന്നാല്‍ ജോലിയുടെ ഗ്ലാമര്‍ എന്നതിനപ്പുറം ശരിയായ പക്വത ഇവര്‍ പ്രകടിപ്പിക്കുമെന്ന് തോന്നിയിട്ടുണ്ടോ?
ടെലിവിഷനില്‍ ലൈവ് പരിപാടികള്‍ കാണുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്. ഞാന്‍ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം തുടങ്ങിയതിനു ശേഷം എല്ലാ കൊല്ലവും നൂറോളം കുട്ടികള്‍ എന്റെ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ചാനലുകളിലൊക്കെ അവര്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ലൈവ് സിറ്റ്വേഷനില്‍ അവര്‍ എന്താ വിളിച്ചു പറയുകയെന്ന് ഒരു പിടിയും ഇല്ല. അത് അവരുടെ മാത്രം കുറ്റമല്ല. ചാനലുകളും അതില്‍ കുറ്റക്കാരാണ്.
? മലയാളത്തില്‍ ന്യൂസ് ചാനലുകളുടെ കാര്യത്തില്‍ ഇന്ത്യാവിഷന്‍ ഒരു മേല്‍ക്കൈ നേടിയിട്ടുണ്ട്. താങ്കള്‍ എങ്ങനെയാണ് ആ ചാനലിനെ കാണുന്നത്?
ഇന്ത്യാവിഷന്‍ തുടങ്ങുന്ന സമയത്ത് ഡോ. മുനീര്‍ എന്നെ കണ്ടിരുന്നു. അവര്‍ ആദ്യം പ്ലാന്‍ ചെയ്തത് ഒരു ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനലായിരുന്നു. ഞാനാണ് ന്യൂസ് ചാനല്‍ തുടങ്ങുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞത്. തുടര്‍ന്നാണ് അവര്‍ പ്ലാന്‍ മാറ്റിയത്. ഒരു ന്യൂസ് ചാനല്‍ എന്ന ക്യാരക്ടര്‍ അതിനുണ്ട്. ഇനിയും നന്നാവാനുണ്ട്.
? മലയാളം ചാനലുകളെക്കുറിച്ച് താങ്കള്‍ക്ക് പ്രതീക്ഷയുണ്ടോ?
തീര്‍ച്ചയായും പ്രതീക്ഷയുണ്ട്. പല കാര്യത്തിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിലും ഈ ചാനലുകള്‍ ഒന്നും ഇല്ലായിരുന്നെങ്കിലത്തെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കൂ. നാം പഴയ ദൂരദര്‍ശന്‍ മാത്രം കാണേണ്ടിവന്നേനെ. അവിടെ ബുദ്ധിയുള്ളവരും പ്രൊഫഷണല്‍സും ഇല്ലാതിരുന്നിട്ടല്ല. സര്‍ക്കാര്‍ നിയന്ത്രണം ഉണ്ടാകുമ്പോള്‍ അങ്ങനെ സംഭവിക്കുന്നതാണ്
അതുകൊണ്ട് ചാനലുകള്‍ കൂടുതലായി വരുന്നത് ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണ്. ഞാന്‍ പ്രതീക്ഷയിലാണ്. ഒരുപാട് സുഹൃത്തുക്കളുമായി സ്വപ്‌നം കണ്ട ഒരാള്‍ എന്ന നിലയില്‍ എനിക്ക് അങ്ങനെ പ്രതീക്ഷിക്കാനേ കഴിയൂ.