Connect with us

Kerala

ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി/തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂനിയന്‍ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. പണിമുടക്ക് ഒഴിവാക്കുന്നതിനായി ഇന്നലെ രാത്രി നടന്ന ചര്‍ച്ച പരാജയപ്പെട്ടു. പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെയും ധനമന്ത്രി പി ചിദംബരത്തിന്റെയും നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് ട്രേഡ് യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. 11 ട്രേഡ് യൂനിയനുകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സമരം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളൊന്നും ചര്‍ച്ചയില്‍ ഉയര്‍ന്നുവരാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ ഇടത് അനുകൂല സര്‍വീസ് സംഘടനകളും അധ്യാപകരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പണിമുടക്കിന് ഡയസ്‌നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.

കേന്ദ്ര, സംസ്ഥാന സര്‍വീസ്, അധ്യാപക സംഘടനകളും സംസ്ഥാനതല ട്രേഡ് യൂനിയന്‍ സംഘടനകളും കേന്ദ്ര ട്രേഡ് യൂനിയനുകളുമായി അഫിലിയേഷന്‍ ഇല്ലാത്ത സ്വതന്ത്ര സംഘടനകളും പണിമുടക്കില്‍ സഹകരിക്കുന്നുണ്ട്. ആശുപത്രി, പത്രം, പാല്‍ എന്നീ മേഖലകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കി. വ്യാപാരി വ്യവസായി സംഘടനകളോട് കടകമ്പോളങ്ങള്‍ അടച്ചും പൊതുജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കിയും പണിമുടക്കുമായി സഹകരിക്കണമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. പണിമുടക്കിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വിളംബര ജാഥ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ ഇന്ന് സമാപിക്കും.
അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളും സംഘടിത ഫാക്ടറി തൊഴിലാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബേങ്ക് ഇന്‍ഷ്വറന്‍സ് ജീവനക്കാരും ഉള്‍പ്പെടെ വിവിധ തുറകളിലെ തൊഴിലാളികള്‍ 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്ക് ചേരുമെന്ന് നേതാക്കള്‍ പറഞ്ഞു.
യു പി എ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന നവ ഉദാരവത്കരണ നയങ്ങള്‍ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രത്യാഘാതങ്ങളാണ് തൊഴിലാളികളെ കക്ഷിരാഷ്ട്രീയത്തിനതീതമായി സമര രംഗത്തിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയത്. വിലക്കയറ്റം തടയുക, തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക, തൊഴില്‍ നിയമങ്ങള്‍ ഉറപ്പ് വരുത്തുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്, താത്കാലിക- കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാരുടെ വേതനം നല്‍കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
എളമരം കരീം (സി ഐ ടി യു), കാനം രാജേന്ദ്രന്‍ (എ ഐ ടി യു സി), അഡ്വ. സുബോധനന്‍(ഐ എന്‍ ടി യു സി), അഡ്വ. എം എസ് കരുണാകരന്‍ (ബി എം എസ്), എം കെ കണ്ണന്‍ (എച്ച് എം എസ്), സി കെ ലൂക്കോസ് (എ ഐ യു ടി യു സി), അഡ്വ. ഫിലിപ് കെ തോമസ് (യു ടി യു സി), എ പി അനില്‍കുമാര്‍ (ടി യു സി സി), അഹ്മദ്കുട്ടി ഉണ്ണികുളം(എസ് ടി യു), സോ ണിയ ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest