Connect with us

Palakkad

ഭൂഗര്‍ഭജലം അപകടകരമാം വിധം താഴുന്നു

Published

|

Last Updated

പാലക്കാട്:വ്യവസായ ശാലകളുടെ ജലചൂഷണം കടുത്ത വരള്‍ച്ചക്ക് പുറമെ മലബാര്‍ മേഖലയില്‍ ഭൂഗര്‍ഭജലം അപകടകരമാം വിധം താഴുന്നതിനും കാരണമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര – സംസ്ഥാന ഭൂഗര്‍ഭജല ബോര്‍ഡുകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.വ്യവസായ ശാലകളുടെ അമിത ജല ഉപയോഗമാണ് ഭൂഗര്‍ഭജല ശോഷണത്തിനിടയാക്കിയ പ്രധാന കാരണം. മലമ്പുഴ ബ്ലോക്കില്‍പ്പെട്ട പ്രദേശങ്ങളില്‍ പെപ്‌സി കമ്പനിയും മദ്യ ഉത്പന്ന ഫാക്ടറികളും വന്‍തോതില്‍ നടത്തുന്ന ജല ഉപഭോഗമാണ് ഭൂഗര്‍ഭജല ചൂഷണത്തിനിടയാക്കുന്നത്. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തിച്ചിരുന്ന ചിറ്റൂര്‍ ബ്ലോക്കാണ് സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ ഭൂഗര്‍ഭജല ചൂഷണം നടക്കുന്ന സ്ഥലം. പട്ടാമ്പി തൃത്താല ബ്ലോക്കുകളില്‍ ഭാഗികമായി ഭൂഗര്‍ഭജല ചൂഷണം നടത്തുന്നതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്ക്, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി ബ്ലോക്ക്, കോഴിക്കോട്ട് ബാലുശ്ശേരി, കുന്നുമ്മല്‍, മലപ്പുറത്ത് കൊണ്ടോട്ടി, തിരുങ്ങാടി, വേങ്ങര ബ്ലോക്കുകളാണ് സംസ്ഥാനത്ത് ഭൂഗര്‍ഭജല ചൂഷണം നടത്തുന്ന പ്രദേശങ്ങള്‍. ഇവിടെ ലഭ്യമായ ഭൂഗര്‍ഭജലം പൂര്‍ണമായും വ്യവസായ ശാലകള്‍ ഊറ്റിയെടുക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയത്. അമിതമായ ജലചൂഷണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇവിടങ്ങളില്‍ അനുഭവപ്പെട്ട് തുടങ്ങിയതായും വിഗ്ദധര്‍ പറയുന്നു. ഈ മേഖലയിലെ ഭൂരിഭാഗം കിണറുകളും വേനലിന് മുമ്പേ വറ്റി വരണ്ടതും കുഴല്‍ കിണറുകള്‍ പോലും ഉപയോഗശൂന്യമായതും മുന്നറിയിപ്പായി ഇവര്‍ ചൂണ്ടികാണിക്കുന്നു. സംസ്ഥാനത്ത് ഗുരുതരമായ വിധം ഭൂഗര്‍ഭജലം താഴ്ന്ന 26 ബ്ലോക്കുകളില്‍ 14 എണ്ണവും മലബാറിലെ വിവിധ ജില്ലകളിലാണ്.പരിസ്ഥിതി പ്രവര്‍ത്തകര്‍പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയില്‍ നിന്ന് പുറത്ത് വന്നിരുന്ന അസംസ്‌കൃത വസ്തുക്കളും വിഷാംശ കലര്‍ന്ന ഖരമാലിന്യങ്ങളും ഭൂമിക്കടിയില്‍ കലര്‍ന്നത് മൂലം ജലം മലിനമായിരിക്കുകയാണ്. ഇത് മൂലം തദ്ദേശവാസികളുടെ ജീവിതം താറുമാറായതിന് പുറമെ വന്‍തോതില്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. കഞ്ചിക്കോട് മേഖലയില്‍ പെപ്‌സി കമ്പനി വന്‍തോതില്‍ ജലചൂഷണം നടത്തുമ്പോഴും അതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പൂട്ടിയെങ്കിലും പെപ്‌സി കമ്പനി ഇപ്പോഴും ജലചൂഷണം തുടരുകയാണ്. കുത്തക കമ്പനികള്‍ വന്‍തോതില്‍ ജലചൂഷണം നടത്തുമ്പോഴും നടപടിയെടുക്കാത്തത് കടുത്ത ജലക്ഷാമത്തിനിടയാക്കുമെന്ന്  മുന്നറിയിപ്പ് നല്‍കുന്നു.