Connect with us

Ongoing News

റവന്യൂ വകുപ്പിലെ മികച്ച ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു

Published

|

Last Updated

പാലക്കാട്: സംസ്ഥാനതല റവന്യൂ ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ മികച്ച ഡെപ്യൂട്ടി കലക്ടറായി എ ഡി എം ആന്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) കെ വി വാസുദേവനേയും മികച്ച തഹസില്‍ദാരായി ആലത്തൂര്‍ തഹസില്‍ദാര്‍ കെ ചന്ദ്രനെയും മികച്ച വില്ലേജ് ഓഫീസര്‍മാരായി അരവിന്ദാക്ഷന്‍ (മണ്ണാര്‍ക്കാട്-1), ശ്രീജിത്ത് (തൃക്കടീരി-2), ജ്യോതിലക്ഷ്മി (അകത്തേത്തറ) എന്നിവരെയും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തിരഞ്ഞെടുത്തു. കെ വി വാസുദേവന്‍ 1980 ല്‍ എല്‍ ഡി ക്ലാര്‍ക്കായി പാലക്കാട് ജില്ലയില്‍ റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് തഹസില്‍ദാരായി ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലും, ഡെപ്യൂട്ടി കലക്ടറായി വയനാട് ജില്ലയിലും, റവന്യൂ ഡിവിഷണല്‍ ഓഫീസറായി ഒറ്റപ്പാലത്തും, എ ഡി എം ആയി മലപ്പുറത്തും ജോലി ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷമായി പാലക്കാട് കലക്ടറേറ്റില്‍ എ ഡി എം ആന്റ് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) ആയി സേവനമനുഷ്ഠിക്കുന്നു. ഒറ്റപ്പാലം താലൂക്കിലെ വാടാനാംകുറിശ്ശി സ്വദേശിയാണ്. കെ ചന്ദ്രന്‍ 1983 ല്‍ എല്‍ —ഡി ക്ലാര്‍ക്കായി റവന്യൂ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. വില്ലേജ് ഓഫീസറായി ആലത്തൂര്‍ താലൂക്കിലും, ജൂനിയര്‍ സൂപ്രണ്ടായി വയനാട് ജില്ലയിലും ജോലി നോക്കിയിട്ടുണ്ട്. 2007 ല്‍ തഹസില്‍ദാരായി പ്രമോഷന്‍ ലഭിച്ച ശേഷം വയനാട് വൈത്തിരി താലൂക്കിലും, ഒറ്റപ്പാലം റവന്യൂ ഡിവിഷണല്‍ ഓഫീസിലും 2009 മുതല്‍ ആലത്തൂര്‍ താലൂക്കിലും തഹസില്‍ദാരായി സേവനമനുഷ്ഠിച്ചുവരുന്നു.
2010 ലും 2012 ലും ജില്ലാ കലക്ടറുടെ സദ്‌സേവന പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ആലത്തൂര്‍ കാവശേരി സ്വദേശിയാണ്. മികച്ച വില്ലേജ് ഓഫീസര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട അരവിന്ദാക്ഷന്‍ മണ്ണാര്‍ക്കാട് തെങ്കര സ്വദേശിയും, ശ്രീജിത്ത് ഒറ്റപ്പാലം ചളവറ സ്വദേശിയും ജ്യോതിലക്ഷ്മി ചങ്ങനാശേരി സ്വദേശിനിയുമാണ്.
ഇന്ന് രാവിലെ 10.30 ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടക്കുന്ന സംസ്ഥാനതല റവന്യൂ ദിനാഘോഷചടങ്ങില്‍ മുഖ്യമന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും