Connect with us

Pathanamthitta

ഗുരുവായൂര്‍ ആനയോട്ടം; പത്താമതും കൊമ്പന്‍ രാമന്‍കുട്ടി ജേതാവ്

Published

|

Last Updated

ഗുരുവായൂര്‍: ആനപ്രേമികളില്‍ ആവേശം വിതറി നടന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ജേതാവായി. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന ആനയോട്ടത്തില്‍ അഞ്ച് ഗജവീരന്‍മാരെ പിന്നിലാക്കിയാണ് രാമന്‍കുട്ടി തന്റെ പത്താമത്തെ കിരീടം സ്വന്തമാക്കിയത്.
1956ല്‍ പുത്തില്ലത്ത് രാമന്‍ നമ്പൂതിരിയാണ് ഈ ആനയെ നടയിരുത്തിയത്. പുന്നത്തൂര്‍ ആനത്താവളത്തിലെ 30ാളം ആനകളെ പങ്കെടുപ്പിച്ചെങ്കിലും വിദഗ്ധ സമിതി തിരഞ്ഞെടുത്ത എട്ട് ആനകളില്‍ നിന്ന് ജൂനിയര്‍ മാധവന്‍, രാമന്‍കുട്ടി, നന്ദിനി, ഗോപീകണ്ണന്‍, കേശവന്‍കുട്ടി എന്നീ അഞ്ചാനകളെയാണ് ഓടിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ രാമന്‍കുട്ടി മുന്നിലായിരുന്നു.
ഗോപീ കണ്ണനും, കേശവന്‍ കുട്ടിയും തൊട്ടു പിറകില്‍ എത്തി. കല്യാണ മണ്ഡപത്തിനടുത്തെത്താറാകുമ്പോഴേക്കും രാമന്‍കുട്ടിയും ഗോപീകണ്ണനും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും രാമന്‍കുട്ടി കുതിച്ച് മുന്നേറി ക്ഷേത്ര ഗോപുരവാതില്‍ കടന്ന് വിജയകിരീടം ചൂടുകയായിരുന്നു.
രാമന്‍കുട്ടിയുടെ പിറകെ ഗോപീകണ്ണനും, കേശവന്‍കുട്ടിയും ക്ഷേത്ര ഗോപുരം കടന്നു. ഉത്‌സവത്തിന്റെ പത്തു ദിവസവും എഴുന്നെള്ളിപ്പിന് ഇനി തിടമ്പറ്റുക രാമന്‍കുട്ടിയാണ്. ഈ ദിവങ്ങളില്‍ പ്രത്യേക പരിഗണനയാണ് ഈ കൊമ്പന് ലഭിക്കുക.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിന് ആനയെത്താതായപ്പോള്‍ തൃക്കണാ മതിലകം ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ആന ഓടിയെത്തിയെന്ന ഐത്യഹ്യത്തെ സ്മരിക്കുന്നതാണ് ആനയോട്ടം.
ഉച്ച കഴിഞ്ഞ് ക്ഷേത്ര നാഴിക മണി മൂന്നടിച്ചപ്പോള്‍ ക്ഷേത്രം പാരമ്പര്യ അവകാശികളില്‍ കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്‍ ആനയുടെ കഴുത്തില്‍ അണിയിക്കുന്നതിനുള്ള കുടമണികള്‍ മാതേമ്പാട്ട് അനിരുദ്ധന്‍ നമ്പ്യാര്‍ക്ക് കൈമാറി. ആനയോട്ടം വീക്ഷിക്കാന്‍ വിദേശികളടക്കം നിരവധി ടൂറിസ്റ്റുകള്‍ ഗുരുവായൂരിലെത്തിയിരുന്നു.

---- facebook comment plugin here -----

Latest