Connect with us

Books

ദേശീയ പുസ്തകോത്സവം തൃശൂരില്‍ തുടങ്ങി

Published

|

Last Updated

തൃശൂര്‍: സംശയം, ഭീതി തുടങ്ങിയവയുടെ നിഴലിലാണ് ഇന്ന് പുസ്തകോത്സവങ്ങള്‍ നടക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്. സാഹിത്യഅക്കാദമി അങ്കണത്തില്‍ ദേശീയപുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരോധനങ്ങളും പ്രശ്‌നങ്ങളും സാഹിത്യകാരനും വായനക്കാരനുമിടയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതിലൂടെ വായനക്കാരന് പരമാധികാരം നഷ്ടപ്പെടുകയാണ്. പുസ്തകോത്സവങ്ങള്‍ക്ക് ഈയിടെ സന്തോഷകരമായ അന്തരീക്ഷമല്ല നിലനില്‍ക്കുന്നത്.
പ്രകടനത്തിലും പോലീസ് കേസിലും വരെ എത്തി നില്‍ക്കുന്നു പുസ്തകോത്സവങ്ങള്‍. ഫ്രീ സെന്‍സര്‍ഷിപ്പുണ്ടായിരുന്ന ഒരു കലാരൂപമാണ് സിനിമ. അവിടെയും അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാഹിത്യോത്സവത്തില്‍ സാഹിത്യകാരനും പുസ്തകോത്സവത്തില്‍ വയനക്കാരനുമാണ് പ്രാധാന്യമെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് നാല് വരെ നീണ്ടുനില്‍ക്കുന്ന പുസസ്തകോത്സവം 80 സ്റ്റാളുകളിലായാണ് തയ്യാറാക്കിയിരിക്കുന്നത്. 55 പ്രസാധകരുടെ ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്ന പുസ്തകങ്ങളും ഇവിടെയുണ്ട്. സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ്, സ്വാഗതസംഘം കണ്‍വീനര്‍ പ്രൊഫ അന്നം ജോണ്‍, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, ആര്‍ ഗോപാലകൃഷ്ണന്‍, ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest