Connect with us

National

കര്‍ണാടക: ഒരു ബി ജെ പി എം എല്‍ എ കൂടി രാജിവെച്ചു

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ മറ്റൊരു ബി ജെ പി നേതാവ് കൂടി എം എല്‍ എ സ്ഥാനം രാജിവെച്ചു. ചാമരാജ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എച്ച് എസ് ശങ്കര്‍ലിംഗ ഗൗഡയാണ് സ്പീക്കര്‍ കെ ജി ബൊപ്പയ്യക്ക് നേരിട്ടെത്തി രാജിക്കത്ത് സമര്‍പ്പിച്ചത്. സ്പീക്കറുടെ ഓഫീസിന് സമീപം ഒന്നര മണിക്കൂറോളം കാത്തിരുന്നാണ് രാജി നല്‍കിയത്. സ്പീക്കര്‍ ഉടന്‍ രാജി സ്വീകരിച്ചു. ജനതാദള്‍ (എസ്)ലേക്ക് ചേക്കേറാന്‍ ശങ്കര്‍ലിംഗ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
വനം മന്ത്രി സി പി യോഗേശ്വര്‍, ചെറുകിട വ്യവസായ മന്ത്രി രാജുഗൗഡ എന്നിവര്‍ രാജിവെച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ രാജി. യോഗീശ്വര്‍ കഴിഞ്ഞ ദിവസം നിയമസഭാംഗത്വം രാജിവെക്കുന്ന കത്ത് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. തീരുമാനം അറിയിക്കാന്‍ പത്രസമ്മേളനം നടത്തുവെന്ന വാര്‍ത്ത സ്പീക്കര്‍ ബൊപ്പയ്യ നിഷേധിച്ചു.
അതേസമയം, 225 അംഗ നിയമസഭയില്‍ ബി ജെ പിയുടെ അംഗബലം 104 ആയി കുറഞ്ഞു. കോണ്‍ഗ്രസ്- 71, ജെ ഡി എസ് -25, ഏഴ് സ്വതന്ത്രര്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരാള്‍, സ്പീക്കര്‍ എന്നിങ്ങനെയാണ് സഭയിലെ കക്ഷിനില. 16 പേരുടെ ഒഴിവുകളുമുണ്ട്. യോഗീശ്വറിന്റെ രാജി സ്വീകരിക്കുകയാണെങ്കില്‍ ബി ജെ പിയുടെ അംഗബലം 103 ആകും. ഇത് കടുത്ത പ്രതിസന്ധിയാണ് ഷെട്ടര്‍ സര്‍ക്കാറിനുണ്ടാക്കുക. ഏഴ് സ്വതന്ത്രരില്‍ മന്ത്രിസഭയിലുള്ള വര്‍തുര്‍ പ്രകാശ് സര്‍ക്കാറിനെ പിന്തുണക്കുന്നുണ്ട്. ബി എസ് ആര്‍ കോണ്‍ഗ്രസ് അംഗം ബി ശ്രീരാമുലു നേരത്തെ ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് രാജിക്കത്ത് കൈമാറിയ ബി ജെ പി അംഗങ്ങളായ വിത്തല്‍ കടകകോണ്ട, ഡി എസ് സുരേഷ് എന്നിവരുടെ രാജി ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, സര്‍ക്കാറിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. സര്‍ക്കാറിന് ഭൂരിപക്ഷമുണ്ടെന്നും കാലാവധി തികക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുറത്തുപോകാന്‍ ആഗ്രഹിക്കുന്നവരെ അവരുടെ വഴിക്ക് വിടുക. സര്‍ക്കാറിന് യാതൊരു ഭീഷണിയുമില്ല. കാലാവധി പൂര്‍ത്തിയാക്കും.” ഷെട്ടര്‍ അവകാശപ്പെട്ടു.
സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മെയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

Latest