Connect with us

Sports

ത്രില്ലറിനൊടുവില്‍ ഒഡീഷ

Published

|

Last Updated

കൊച്ചി:രണ്ടു ഗോളടിച്ച് വെല്ലുവിളിച്ച മധ്യപ്രദേശിനെ മൂന്നു ഗോളിന് മറികടന്ന് ഒഡീഷ സന്തോഷ് ട്രോഫി ക്വാര്‍ട്ടറില്‍ ആവേശജയം സ്വന്തമാക്കി. രണ്ടാം പകുതിയുടെ പതിനെട്ടാം മിനുട്ടുവരെ ഗോള്‍ രഹിതമായിരുന്നു.പിന്നീട് ഇടതടവില്ലാതെ അഞ്ച് ഗോളാണ് പിറന്നത്.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ മത്സരം കളി തീരാന്‍ രണ്ട് മിനിറ്റ്് മാത്രം ബാക്കി നില്‍ക്കെയാണ് ഒഡീഷ വിജയഗോള്‍ നേടിയത്. 62ാം മിനുട്ടില്‍ അഭിമന്യു പാണ്ഡെയും 69ാം മിനുട്ടില്‍ മുഹമ്മദ് ഇഹ്‌സാന്‍ഖാനും അധിക സമയത്ത് സന്‍ജിത് പന്നയുമാണ് ഒഡീഷക്ക് വേണ്ടി ഗോള്‍ നേടിയത്. 67ാം മിനുട്ടില്‍ ഫുര്‍ബയും 82ാം മിനുട്ടില്‍ ജാവേദ് മനിഹാറും മധ്യപ്രദേശിന് വേണ്ടി ഗോള്‍ മടക്കി.
സന്തോഷ് ട്രോഫിയില്‍ ഇക്കുറി കൊച്ചി കണ്ട ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഒഡീഷയും മധ്യപ്രദേശും തമ്മില്‍ നടന്നത്. തുടക്കം മുതല്‍ ചടുലമായ നീക്കങ്ങളിലൂടെ എതിര്‍ഗോള്‍മുഖത്ത് പ്രകമ്പനം സൃഷ്ടിച്ച ഒഡീഷ കളിയുടെ എല്ലാ മേഖലയിലും മികവ് പുലര്‍ത്തി. ആദ്യപകുതി ഒഡീസയുടെ ആധിപത്യമാണ് കളിയിലുടനീളം കണ്ടത്.
എന്നാല്‍ ഫിനിഷിംഗില്‍ പിഴച്ചതിനാല്‍ പലപ്പോഴും മനോഹരമായ അവരുടെ ഷോട്ടുകള്‍ പാഴായി. ഒഡീഷയുടെ ശിവാംഗ് കുമാര്‍ നാലാം മിനുട്ടില്‍ ഡിഫന്‍ഡറെ വെട്ടിച്ച് ഒറ്റക്ക് പന്തുമായി മുന്നേറി ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന തൊടുത്തു വിട്ട ഷോട്ട് ഗോളിയെ മറികടന്നെങ്കിലും ക്രോസ് ബാറിന്റെ മൂലയിലൂടെ പുറത്തേക്ക് പോയി. തുടര്‍ന്നങ്ങോട്ട് ഒഡീഷയുടെ നിരന്തരമായ ആക്രമണങ്ങളില്‍ മധ്യപ്രദേശിന്റെ പ്രതിരോധ നിര പതറി. കളിയുടെ ആദ്യപകുതി മധ്യപ്രദേശിന്റെ ഗോള്‍ ഏരിയയില്‍ കേന്ദ്രീകരിച്ചു.
രണ്ടാം പകുതിയില്‍ ശക്തമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ ഇരു ടീമുകളും മത്സരത്തിന് വീറ് കൂട്ടി. 66-ാം മിനുട്ടില്‍ അഭിമന്യു പാണ്ഡെ മധ്യപ്രദേശിന്റെ ഗോള്‍വല ചലിപ്പിച്ചത് മത്സരത്തിലെ വഴിത്തിരിവായി. പ്രതിരോധ നിരയെ കബളിപ്പിച്ച് മുന്നേറിയ അഭിമന്യുവിനെ തടയാന്‍ മുന്നോട്ടിറങ്ങിയ ഗോളി ഈശ്വര്‍ പ്രസാദിന്റെ നീക്കം പിഴച്ചപ്പോള്‍ വെട്ടിത്തിരിഞ്ഞ് പന്തുമായി ഗോള്‍ മുഖത്തേക്ക് കുതിച്ച അഭിമന്യു ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഉന്നം തെറ്റാതെ നിറയൊഴിച്ചു.
ഗോള്‍ വഴങ്ങിയതോടെ മധ്യപ്രദേശ് വര്‍ധിതവീര്യത്തോടെ ആഞ്ഞടിച്ചു. ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുമ്പേ മധ്യപ്രദേശ് സമനില ഗോള്‍ നേടി.
മൈതാനത്തിന്റെ മധ്യ ഭാഗത്തു നിന്ന് ഫുര്‍ബ തൊടുത്തുവിട്ട ലോംഗ് റേഞ്ചര്‍ ക്രോസ് ബാര്‍ തൊട്ടുരുമ്മി ഒഡീഷയുടെ വല കുലുക്കിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നിനാണ് നെഹ്‌റു സ്റ്റേഡിയം സാക്ഷിയായി.
ഇതോടെ മധ്യപ്രദേശ് ഗോള്‍ മുഖത്ത് കൊടുങ്കാറ്റു കണക്കെ ആഞ്ഞടിച്ച ഒഡീസ നിമിഷങ്ങള്‍ക്കകം ഗോള്‍ മടക്കി. മുഹമ്മദ് ഇഹ്‌സാന്‍ ഖാനാണ് ഗോള്‍ നേടിയത്. മൂന്നു മിനുട്ടിനകം മധ്യപ്രദേശ് രണ്ടാം ഗോളിലൂടെ ഒഡീഷയെ ഞെട്ടിച്ചു. എസ് ബി ഗുറൂഗ് നല്‍കിയ പാസുമായി മുന്നേറിയ ജാവേദ് മനിഹാര്‍ ബോക്‌സിന് പുറത്തു നിന്ന് നെറ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഒഡീഷ ഗോളി കാഴ്ചക്കാരനായി.
വിജയത്തിനായി ദാഹിച്ച ഒഡീഷ മധ്യപ്രദേശ് ഗോള്‍മുഖം സംഘര്‍ഷ ഭരിതമാക്കി. രണ്ട് തുറന്ന അവരസങ്ങള്‍ ഈ സമയത്ത് ഒഡീഷക്ക് നഷ്ടമായി. കേദാര്‍നാഥ് സിംഗ് ഒറ്റക്ക് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗോള്‍ മുഖം തുറന്നെങ്കിലും ഗോളി തെറ്റായ പൊസിഷനില്‍ നില്‍ക്കെ കേദാര്‍നാഥിന്റെ ഗോള്‍ശ്രമവും ലക്ഷ്യം തെറ്റി.
കളിതീരാന്‍ കഷ്ടിച്ച് രണ്ട് മിനുട്ട് മാത്രം ബാക്കിയിരിക്കെ മധ്യപ്രദേശ് ഏരിയയുടെ വലതുകോര്‍ണറില്‍ നിന്ന് മുഹമ്മദ് ഫയാസുദ്ദീന്‍ ഖാന്‍ നല്‍കിയ പാസ് സന്‍ജിത് പന്ന നെറ്റിലേക്ക് പായിച്ചതോടെ സ്‌റ്റേഡിയം ഒഡീഷയുടെ വിജയാരവത്തില്‍ മുങ്ങി.