Connect with us

Sports

ത്രിപ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി-ചെല്‍സി പോരാട്ടം. പോയിന്റ് ടേബിളില്‍ 53 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹോംഗ്രൗണ്ടിന്റെ ആനുകൂല്യമുണ്ട്. സന്ദര്‍ശക ടീമായ ചെല്‍സി 49 പോയിന്റോടെ മൂന്നാം സ്ഥാനത്താണിപ്പോള്‍. സിറ്റിയുടെ രണ്ടാം സ്ഥാനത്തിന് ഭീഷണി ഉയര്‍ത്താന്‍ ചെല്‍സിക്ക് ജയം അനിവാര്യം.
ജയിച്ചാല്‍, 52 പോയിന്റോടെ സിറ്റിയുമായുള്ള പോയിന്റ് അകലം ഒന്നാക്കി കുറയ്ക്കാം. 65 പോയിന്റോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്ത് ഏകപക്ഷീയ കുതിപ്പ് നടത്തുമ്പോള്‍ ഇംഗ്ലണ്ടില്‍ പോരാട്ടം മുറുകുന്നത് രണ്ടാം സ്ഥാനത്തിനായാണ്. പരുക്ക് കാരണം മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ വിന്‍സെന്റ് കൊംപാനി ഇന്നും കളിക്കില്ല.
കഴിഞ്ഞ നാല് മത്സരങ്ങളും കൊംപാനിക്ക് നഷ്ടമായിരുന്നു. പരുക്കേറ്റ ഗാരെത് ബാരിയുടെ കാര്യവും സംശയമാണ്. യൂറോപ ലീഗില്‍ സ്പാര്‍ട്ട പ്രാഗിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ച ചെല്‍സി നിരയില്‍ ഏറെ വ്യത്യാസമുണ്ടാകും. ഫ്രാങ്ക് ലംപാര്‍ഡ്, ബ്രാനിസ്ലാവ് ഇവാനോവിച്, ആഷ്‌ലി കോള്‍, ഡേവിഡ് ലൂയിസ്, എദെന്‍ ഹസാര്‍ഡ്, ഡെംബ ബാ എന്നിവര്‍ ആദ്യ ലൈനപ്പില്‍ തിരിച്ചെത്തും.പതിനഞ്ച് തവണ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ പത്തിലും ജയിച്ച റെക്കോര്‍ഡാണ് ചെല്‍സിക്ക്. എന്നാല്‍, അവസാന മൂന്ന് വരവിലും ചെല്‍സി തോറ്റിരുന്നു.
ആഗസ്റ്റിലെ ചാരിറ്റി ഷീല്‍ഡ് ഉള്‍പ്പെടെ അവസാനം കളിച്ച എട്ട് മത്സരങ്ങളിലും അഞ്ചിലും ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു ജയം.മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കുതിപ്പിന് മുന്നില്‍ സിറ്റി കാഴ്ചക്കാരായി മാറിയത് കോച്ച് റോബര്‍ട്ടോ മാന്‍സിനിക്ക് സിറ്റി മാനേജ്‌മെന്റിലും ആരാധകരിലുമുള്ള മതിപ്പ് കുറയാനിടയാക്കിയിട്ടുണ്ട്. ചെല്‍സിയോട് തോറ്റാല്‍, സീസണ്‍ അവസാനിക്കുന്നതോടെ മാന്‍സിനിക്ക് പുതിയ ക്ലബ്ബ് തേടേണ്ടി വരും. ചെല്‍സിയുടെ കോച്ച് റാഫേല്‍ ബെനിറ്റസിന് ചെല്‍സിയുടെ മാനേജ്‌മെന്റിനെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ ലക്ഷ്യം റയല്‍മാഡ്രിഡാണ്. ജോസ് മൗറിഞ്ഞോയെ കൈവിടുന്ന റയല്‍ ആ സ്ഥാനത്തേക്ക് റാഫേല്‍ ബെനിറ്റസിനെ പരിഗണിക്കുന്നുണ്ട്. റയലിന്റെ കോച്ചാവുക തന്റെ ചിരകാലഭിലാഷമാണെന്ന് ബെനിറ്റസ് അഭിപ്രായപ്പെട്ടത് വെറുതെയല്ല.

ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ ജയിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ 2-1ന് ആസ്റ്റന്‍ വില്ലയെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0ന് ക്യുപിആറിനെയും തോല്‍പ്പിച്ചു.