Connect with us

International

ഈജിപ്തില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് 19 പേര്‍ മരിച്ചു

Published

|

Last Updated

കൈറോ: ഈജിപ്തില്‍ എയര്‍ ബലൂണ്‍ പൊട്ടിത്തെറിച്ച് 19 വിദേശികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈജിപ്തിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ലുക്‌സോര്‍ നഗരത്തിലാണ് സംഭവം. ബലൂണ്‍ ആയിരം അടി ഉയര്‍ന്നതിന് ശേഷമാണ് അപകടം ഉണ്ടായത്. ബ്രിട്ടന്‍, ഫ്രഞ്ച്, ഹോംഗ് കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു.
തെക്കന്‍ ഈജിപ്തിലെ നൈല്‍ നദിക്ക് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് അപകടം നടന്നത്. ബലൂണ്‍ നിയന്ത്രിച്ചിരുന്ന പൈലറ്റും ജീവനക്കാരനും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തീപ്പിടിച്ചതോടെ ഇവര്‍ ബലൂണില്‍ നിന്നും എടുത്തുചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോംഗ് കോംഗ് സ്വദേശികളായ ഒമ്പത് പേര്‍ അപകടത്തില്‍ മരിച്ചിട്ടുണ്ടെന്ന് ഈജിപ്തിലെ ചൈനീസ് എംബസി സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് പേര്‍ ജപ്പാനില്‍നിന്നും രണ്ട് പേര്‍ ഫ്രാന്‍സില്‍ നിന്നും ഒരാള്‍ ബ്രിട്ടനില്‍ നിന്നുമാണ്. മരിച്ച മറ്റ് നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചന നല്‍കി.