Connect with us

National

ജനപ്രിയ പദ്ധതികളില്ലാതെ യു പി എയുടെ അവസാന ബജറ്റ്‌

Published

|

Last Updated

യാത്രാനിരക്കില്‍ വര്‍ധന വരുത്താതെയും ചരക്ക് കൂലി കൂട്ടിയും ജനപ്രിയ പദ്ധതികളില്ലാതെയും രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനത്തെ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. ദക്ഷിണേന്ത്യയുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളെയും മറന്നുള്ള ബജറ്റ് പ്രസംഗം തുടങ്ങിയതു മുതല്‍ പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു. ബഹളം മൂലം പ്രസംഗം പൂര്‍ത്തിയാക്കാനായില്ല.
ക്രിസ്ത്യന്‍ വെറ്റേര്‍ലിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ബന്‍സല്‍ പ്രസംഗം തുടങ്ങിയത്. റെയില്‍വേ നേരിടുന്ന പ്രതിസന്ധി നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് മുന്നോട്ടു പോകുമെന്നാണ് ഈ വാക്കുകളിലൂടെ അദ്ദേഹം പറഞ്ഞത്. കോച്ചുകളുടെ ശുചീകരണത്തിന് യന്ത്രവല്‍കൃത ശുചീകരണ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 11,000 ലെവല്‍ക്രോസുകള്‍ ഒഴിവാക്കും. ആധുനിക സൗകര്യമുള്ള പുതിയ കോച്ചുകള്‍ ഏര്‍പ്പെടുത്തും. സ്ത്രീസുരക്ഷക്ക് കൂടുതല്‍ വനിതാ ആര്‍ പി എഫുകാരെ നിയമിക്കും. വിനോദ, തീര്‍ഥാടന കേന്ദ്രങ്ങളില്‍ 104 സ്റ്റേഷനുകള്‍ പരിഗണിക്കും. 60 ആദര്‍ശ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. എസ് എം എസിലൂടെ യാത്രക്കാരെ റിസര്‍വേഷന്‍ സ്ഥിതി അറിയിക്കാനുള്ള സംവിധാനം ആരംഭിക്കും. മൊബൈല്‍ ഫോണുകളിലൂടെ ഇ -ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കും. 1,20,000 പേര്‍ക്ക് ഒരേസമയം ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യമായിരിക്കും ഇതിലൂടെ സജ്ജമാകുകയെന്നും മന്ത്രി പറഞ്ഞു. എസ ്എം എസ്, ഇ-മെയില്‍ സംവിധാനം വഴി പരാതികള്‍ നല്‍കാനും സൗകര്യമൊരുക്കും. സ്റ്റേഷനുകളില്‍ വികലാംഗര്‍ക്കായി എക്‌സലേറ്റര്‍, ലിഫ്റ്റ് സംവിധാനമൊരുക്കും. ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ലബോറട്ടറികള്‍ ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യ സമരകേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ആസാദി എക്‌സ്പ്രസ് ആരംഭിക്കും. നിശ്ചിത ട്രെയിനുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്നതിന് സൗജന്യ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തും. പാതകള്‍ ഇരട്ടിപ്പിക്കുന്നതില്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതായും റെയില്‍ അപകടങ്ങളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
40 ശതമാനം അപകടങ്ങളും 60 ശതമാനം അത്യാഹിതങ്ങളും സംഭവിക്കുന്നത് ലെവല്‍ ക്രോസുകളിലാണ്. അപകടങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റെയില്‍വേ നീങ്ങുന്നത്. നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട 900 സ്റ്റേഷനുകള്‍ക്കൊപ്പം 60 സ്റ്റേഷനുകള്‍ കൂടി നവീകരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ഫസ്റ്റ് എയ്ഡ് സംവിധാനമൊരുക്കും. കൂടുതല്‍ ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റ് സംവിധാനമേര്‍പ്പെടുത്തും. രാജധാനിയില്‍ മികച്ച സൗകര്യങ്ങള്‍ ഉള്ള അനുഭൂതി കോച്ചുകള്‍ ഏര്‍പ്പെടുത്തും. തീപിടിത്തം തടയാന്‍ സഹായകമായ സംവിധാനങ്ങള്‍ കോച്ചുകളില്‍ ഏര്‍പ്പെടുത്തും. അരുണാചല്‍പ്രദേശിനെ റെയില്‍വേയുടെ പരിധിയില്‍ കൊണ്ടുവരും. പരാതികളും നിര്‍ദേശങ്ങളും അറിയിക്കാന്‍ 1800-111-321 എന്ന ടോള്‍ ഫ്രീ നമ്പറിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീല്‍ചെയര്‍ സുഗമമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ കോച്ചുകള്‍ നിര്‍മിക്കും.
സെക്കന്തരാബാദില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റെയില്‍വേ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സ്ഥാപിക്കും. നാഗ്പൂരില്‍ വിവിധോദ്ദേശ്യ പരിശീലന കേന്ദ്രം സ്ഥാപിക്കും. റെയില്‍വേയിലെ 1.2 ലക്ഷം ഒഴിവുകള്‍ ഇക്കൊല്ലം തന്നെ നികത്തും. ഡല്‍ഹി, ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി 100 കോടി രൂപ ചെലവഴിക്കും. റായ്ബറേലി, സോണാപേട്ട് ആന്ധ്രയിലെ കര്‍ണൂല്‍ എന്നിവിടങ്ങളില്‍ കോച്ച് ഫാക്ടറിയും രാജസ്ഥാനിലെ ബില്‍വാരയില്‍ ഗ്രീന്‍ഫീല്‍ഡ് എമു കോച്ച് ഫാക്ടറിയും സ്ഥാപിക്കും. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിനായി 300 കോടി രൂപ വിനിയോഗിക്കും. സ്വാതന്ത്ര്യ സമരസേനാനികള്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ അവരുടെ പാസുകള്‍ പുതുക്കണം. ധീരതക്കുള്ള അവാര്‍ഡുകള്‍ നേടിയവരുടെ മാതാപിതാക്കള്‍ക്ക് കോംപ്ലിമെന്ററി പാസുകള്‍ നല്‍കും.
9000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇതില്‍ 3800 കോടി രൂപ തുറമുഖങ്ങളുമായി റെയില്‍വേയെ ബന്ധിപ്പിക്കുന്നതിനും 800 കോടി രൂപ ഇരുമ്പ് അയിര് ഖനന മേഖലകളുമായി റെയില്‍വേയെ ബന്ധിപ്പിക്കുന്നതിനുമാണ്. കായിക താരങ്ങള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിക്കും.
ചരക്കുകടത്തുകൂലിയില്‍ നേരിയ വര്‍ധന വരുത്തുമെന്നും യാത്രാനിരക്ക് തല്‍ക്കാലം ഉയര്‍ത്തില്ലെന്നും മന്ത്രി പറഞ്ഞു. റെയില്‍വേ കാറ്ററിംഗ് യൂനിറ്റുകളില്‍ പ്ലാസ്റ്റിക് നിരോധിക്കും. ഒരു മിനുട്ടില്‍ 7260 ടിക്കറ്റുകള്‍ ഐ ആര്‍ സി ടി സിക്ക് നല്‍കാനാകും. യാത്രക്കാരുടെ എണ്ണം 5.2 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ റിസര്‍വേഷന്‍, തത്കാല്‍ ബുക്കിംഗ് നിരക്കുകള്‍ തുടങ്ങിയവയില്‍ നേരിയ വര്‍ധന ഏര്‍പ്പെടുത്തി.

Latest