Connect with us

Kozhikode

മുക്കാല്‍ കിലോമീറ്ററില്‍ കുരുങ്ങുന്ന വികസനം

Published

|

Last Updated

കോഴിക്കോട്:ഇന്നലത്തെ റെയില്‍വേ ബജറ്റിലും അവഗണന നേരിട്ടപ്പോള്‍ മലബാറിന്റെ പാതയിരട്ടിപ്പിക്കല്‍ സ്വപ്‌നമാണ് തകര്‍ന്നത്. 17 വര്‍ഷമായി തുടങ്ങിയ ഷൊര്‍ണൂര്‍-മംഗലാപുരം പാതയിരട്ടിപ്പിക്കല്‍ കാരക്കാട്ടെ ഒരു മുക്കാല്‍ കിലോമീറ്ററില്‍ കുരുങ്ങിനില്‍ക്കുന്നത് നിവര്‍ത്താന്‍ പുതിയ ബജറ്റിനും കഴിയാതെ പോയത് വന്‍ പ്രതിഷേധത്തിനാണ് കാരണമാക്കിയത്. നിസ്സാരമായി ചെയ്യാന്‍ കഴിയുന്നൊരു പ്രവൃത്തി നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിലെ ഗൂഢാലോചനയാണ് യാത്രക്കാര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്. ഷൊര്‍ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന കാരക്കാട്ട പ്രശ്‌നം പരിഹരിച്ചാല്‍ പിന്നെ കാസര്‍കോട് വരെ ഇരട്ടിപ്പിച്ച പാതയിലൂടെ ട്രെയിനുകള്‍ക്ക് തടസ്സങ്ങളേതുമില്ലാതെ കടന്നുപോകാനാകും. അങ്ങനെ വന്നാല്‍ കേരളത്തിന്, വിശേഷിച്ച് മലബാറിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാകും.

അത്തരമൊരവസ്ഥ പ്രതിസന്ധിയുണ്ടാക്കിയേക്കാവുന്ന സ്വകാര്യ ബസ് ലോബിയടക്കമുള്ളവരുടെ സമ്മര്‍ദമാണ് പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിലെന്നാണ് യാത്രക്കാരും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ആരോപിക്കുന്നത്. ബജറ്റിനായുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ മുതല്‍ ഷൊര്‍ണൂര്‍-മംഗലാപുരം പാതയിരട്ടിപ്പിക്കലിന്റെ പൂര്‍ത്തീകരണം, ട്രെയിനുകളുടെ എണ്ണം കൂട്ടല്‍, വൈദ്യുതീകരണം പൂര്‍ത്തിയാക്കല്‍, പ്ലാറ്റ്‌ഫോമുകളുടെ നവീകരണം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തല്‍ തുടങ്ങി മലബാറുകാരുടെ ആവശ്യങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനിലും മൂന്ന് പാസഞ്ചറിലും കേരളത്തെ മൊത്തമായി കെട്ടിയിട്ടപ്പോള്‍ മലബാറിനു പതിവു പോലെ നിരാശയായി.
തൃശൂരില്‍ നിന്ന് ഗുരുവായുരിലേക്കും ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കും ഒരു പാസഞ്ചര്‍ ട്രെയിന്‍ കിട്ടിയതൊഴിച്ചാല്‍ മലബാറിന് ഒന്നും കിട്ടിയില്ല. ഇനി കിട്ടിയാല്‍ തന്നെ ഷൊര്‍ണൂര്‍-മംഗലാപുരം പാതയിരട്ടിപ്പിക്കലിന്റെ കുരുക്കഴിക്കാതെ അവയുടെയൊന്നും പ്രയോജനം മലബാറുകാര്‍ക്ക് അനുഭവിക്കാനുമാകില്ല. കാരണം മുക്കാല്‍ കിലോമീറ്ററിലെ കുരുക്കുകാരണം മണിക്കൂറുകളാണ് പാസഞ്ചര്‍ ട്രെയിനുകളടക്കം വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതുവഴി കാത്തുകെട്ടികിടക്കേണ്ടിവരുന്നത് ആയിരക്കണക്കിന് യാത്രക്കാരും.
1996ലാണ് പാലക്കാട് ഡിവിഷനു കീഴില്‍ ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള 315 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയത്. നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു റെയില്‍വേയുടെ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ വര്‍ഷം പതിനേഴായിട്ടും കാരക്കാട്ടെ മുക്കാല്‍ കിലോമീറ്ററിനു വേണ്ടി വിശാല ലക്ഷ്യമുള്ളൊരു പദ്ധതി സംസ്ഥാനത്ത് കുരുങ്ങിക്കിടക്കുകയാണ്. നേരത്തെ കാരക്കാടിനൊപ്പം കോഴിക്കോടും അപവാദമായുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് കോഴിക്കോട് രണ്ടാം ഗേറ്റ് ഭാഗത്തെ ഇരട്ടിപ്പിക്കലും പൂര്‍ത്തിയായതോടെ പാലക്കാട് ഡിവിഷനു കീഴില്‍ കാരക്കാട് മാത്രമാണ് കളങ്കമായി നില്‍ക്കുന്നത്.
96നു ശേഷം എക്‌സ്പ്രസുകളടക്കം നിരവധി ട്രെയിനുകള്‍ വര്‍ധിച്ചിട്ടും ഷൊര്‍ണൂര്‍-കാരക്കാട് ഒറ്റപ്പാത കാരണം മണിക്കൂറുകളാണ് ദിവസവും യാത്രക്കാര്‍ക്ക് നഷ്ടപ്പെടുന്നത്. ദീര്‍ഘദൂര വണ്ടികള്‍ക്കു കടന്നുപോകാനായി ഷൊര്‍ണൂരും കാരക്കാട് സ്റ്റേഷനിലുമായി നിത്യവും നിരവധി വണ്ടികളാണ് പിടിച്ചിടുന്നത്.
മലബാറില്‍ ജീവനക്കാരും വിദ്യാര്‍ഥികളും ഏറെ ആശ്രയിക്കുന്ന തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ രാവിലെ 6.45ന് ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തിയാല്‍ മംഗളയോ, മറ്റ് എക്‌സ്പ്രസ് ട്രെയിനുകളോ കടന്നുപോകേണ്ടതുള്ളതിനാല്‍ പതിവായി ഷൊര്‍ണൂര്‍ വിടുന്നത് 7.20 കഴിഞ്ഞാണ്. അതുപോലെ വൈകുന്നേരം 6.45ന് ഷൊര്‍ണൂരില്‍ എത്തുന്ന എക്‌സിക്യൂട്ടീവും കാരക്കാടുവഴി മദ്രാസ്‌മെയിലും മറ്റും കടന്നുപോകേണ്ടതിനാല്‍ 7.35 കഴിഞ്ഞാണ് പുറപ്പെടുന്നത്. കൃത്യസമയം പാലിച്ചാല്‍ രാത്രി 8.40ന് എക്‌സിക്യൂട്ടീവ് കോഴിക്കോട്ടെത്തണം. എന്നാല്‍ ഒറ്റലൈന്‍ പ്രശ്‌നം കാരണം രാത്രി 9.30 കഴിഞ്ഞു മാത്രം ട്രെയിന്‍ കോഴിക്കോട്ടെത്തുമ്പോള്‍ നൂറുകണക്കിന് യാത്രക്കാരാണ് നാട്ടിലേക്കുള്ള ബസ് കിട്ടാതെ ദിനംപ്രതി കോഴിക്കോട്ട് ദുരിതത്തിലാകുന്നത്.
മലബാറിലെ യാത്രാ ദുരിതത്തിന് ഒരു പരിധിവരെ അറുതിയുണ്ടാക്കാന്‍ മംഗലാപുരത്തു നിന്നും പാലക്കാട്ടേക്ക് പുതുതായി ഇന്റര്‍സിറ്റി തുടങ്ങിയിട്ടും പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതുകാരണം ഈ വണ്ടിയും ഷൊര്‍ണൂരോ കാരക്കാടോ പിടിച്ചിടുന്ന അവസ്ഥയാണിപ്പോള്‍. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാതെ ഇനി എത്ര പുതിയ വണ്ടികള്‍ അനുവദിച്ചാലും ശരിയായ അര്‍ഥത്തില്‍ അത് മലബാറിന് പ്രയോജനപ്പെടില്ലെന്നാണ് ട്രെയിന്‍ യാത്രക്കാരുടെ പക്ഷം. മുക്കാല്‍ കിലോമീറ്ററില്‍ കുരുങ്ങിക്കിടക്കുന്ന ഷൊര്‍ണൂര്‍-മംഗലാപുരം പാതയിരട്ടിപ്പിക്കല്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ റൂട്ടില്‍ മൂന്നാമതൊരു പാതക്കായി ബജറ്റ് നിര്‍ദേശിക്കുന്നത് കേരളീയരെ വിശേഷിച്ച് മലബറുകാരെ പരിഹസിക്കാന്‍ വേണ്ടിയാണെന്നും യാത്രക്കാര്‍ വിലയിരുത്തുന്നു.

---- facebook comment plugin here -----

Latest