Connect with us

Thrissur

അവഗണന നേരിട്ട ബജറ്റില്‍ തൃശൂരിന് ആശ്വാസമായി പുതിയ പാസഞ്ചര്‍ തീവണ്ടി

Published

|

Last Updated

തൃശൂര്‍: സംസ്ഥാനത്തിന് കടുത്ത അവഗണന നേരിട്ട പുതിയ റെയില്‍വെ ബജറ്റില്‍ തൃശൂരിന് ആശ്വാസമായത് പുതിയ പാസഞ്ചര്‍ തീവണ്ടി. റെയില്‍വെ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച റയില്‍വേ ബജറ്റിലെ കേരളത്തിന് അനുവദിച്ച അഞ്ച് പുതിയ ട്രെയിനുകളില്‍ തൃശൂര്‍-ഗുരുവായൂര്‍ പ്രതിദിന പാസഞ്ചറാണ് തൃശൂരിന് എടുത്തു പറയാവുന്ന ഏക നേട്ടം. തൃശൂര്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന നിരവധി ആവശ്യങ്ങള്‍ക്ക് ഇത്തവണത്തെ ബജറ്റിലും ഇടം ലഭിക്കാതെ പോയി. തൃശൂര്‍-ഗുവായൂര്‍ റൂട്ടില്‍ നിലവിലുള്ള പാസഞ്ചര്‍ വണ്ടിക്ക് പുറമെയാണ് പുതിയ വണ്ടി അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച എറണാകുളം-തൃശൂര്‍ മെമു സര്‍വീസ് പാലക്കാട്ടേക്ക് നീട്ടിയതും ഗുവായൂര്‍-ചെന്നൈ എക്‌സ്പ്രസ് തൂത്തുക്കുടിവരെ നീട്ടിയതുമാണ് മറ്റ് നേട്ടങ്ങള്‍. ഇതില്‍ പാലക്കാട്ടേക്ക് നീട്ടിയതായി പ്രഖ്യാപിച്ച എറണാകുളം -തൃശൂര്‍ മെമു ഇതുവരെയും സര്‍വീസ് ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും സര്‍വ്വീസ് നടത്തുന്നതിനുള്ള റെയില്‍വെ ട്രാക്ക് ഇല്ലാത്തതിനാലാണ് ഇനിയും ഓടിത്തുടങ്ങാത്തത്. ഈ മെമു അടുത്ത ആഴ്ച ഗുരുവായൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം പി സി ചാക്കോ എം പി അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് പാലക്കാട്ടേക്ക് നീട്ടിയതായി ബജറ്റില്‍ പ്രഖ്യാപിച്ചിരുക്കുന്നത്. ഇതോടെ എം പിയുടെ പ്രഖ്യാപനം പാഴായിരിക്കുകയാണ്. കോയമ്പത്തൂരില്‍നിന്നും തൃശൂരിലേക്കുള്ള പാസഞ്ചര്‍ എറണാകുളത്തേക്ക് നീട്ടണമെന്ന ആവശ്യം റെയില്‍വെ പരിഗണിച്ചില്ല, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ മടക്ക സര്‍വീസ് നടത്തുമ്പോള്‍ നിലവില്‍ ഷൊര്‍ണൂര്‍വരെയാണുള്ളത്. ഇത് തൃശൂര്‍ വരെയാക്കണമെന്ന ആവശ്യത്തോടും റെയില്‍വെ മുഖം തിരിച്ചു. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു തൃശൂരിലേക്ക് നീട്ടണം, ശബരിമല തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഗുരുവായൂരില്‍നിന്ന് കോട്ടയം വഴി ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നതും പരിഗണിച്ചില്ല.