Connect with us

Articles

സാമ്പത്തിക വിദഗ്ദന്റെ രാഷ്ട്രീയ കൗശലം

Published

|

Last Updated

ബജറ്റ് വിശകലനം പെയ്തിറങ്ങുമ്പോള്‍ ഒരു രണ്ടാം നിര ഭരണകക്ഷി നേതാവ് പറയുന്നത് കേട്ടു: “ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് കൈയടിച്ചില്ലേ? പ്രതിപക്ഷ ബഹളം ഒരിക്കല്‍ പോലും ഉണ്ടായില്ലല്ലോ? അതുകൊണ്ട് പി ചിദംബരം അവതരിപ്പിച്ച രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാന ബജറ്റ് ഗംഭീരമാണ്; സന്തുലിതമാണ്; വികസനോന്മുഖമാണ്”. ബജറ്റുകളെ വിലയിരുത്തുന്നതില്‍ അടുത്ത കാലത്തുണ്ടായ ശൈലിയാണിത്. ബജറ്റുകളുടെ ഏറ്റവും ഹ്രസ്വമായ നിര്‍വചനം വാര്‍ഷിക സാമ്പത്തിക പ്രസ്താവനയെന്നാണ്. അത് മറന്നതു പോലെയാണ് പലരും സംസാരിക്കുന്നത്. തീര്‍ച്ചയായും ബജറ്റ് രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ്. ജനാധിപത്യത്തില്‍ വോട്ടിംഗ് ഭൂരിപക്ഷം തന്നെയാണ് അധികാരം നിര്‍ണയിക്കുന്നത്. അതുകൊണ്ട് ബജറ്റ് രാഷ്ട്രീയ പ്രവര്‍ത്തനം ആകാതെ തരമില്ല. പക്ഷേ, ബജറ്റില്‍ നിന്ന് സാമ്പത്തിക ശാസ്ത്രം അപ്പടി ചോര്‍ന്നു പോയാലോ?നല്ല മധുരമുള്ള, എന്നാല്‍ ഒട്ടും ഫലപ്രാപ്തിയില്ലാത്ത മരുന്നിന്റെ ഉപമയാണ് ഇവിടെ ചേരുക. രണ്ട് പശ്ചാത്തലങ്ങളാണ് ഇത്തവണത്തെ ബജറ്റിനുണ്ടായിരുന്നത്. ഒന്ന്, രാഷ്ട്രീയ പശ്ചാത്തലം. രണ്ടാം യു പി എ സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റ്. ജനപ്രിയമാക്കിയേ തീരൂ. ഭാരം പരമാവധി കുറക്കണം. രാഷ്ട്രീയമായി വിശദീകരിക്കാന്‍ എളുപ്പമാകണം. ലളിത യുക്തികളെ തൃപ്തമാക്കണം. സമ്പന്നരെ പിണക്കരുത്. ദരിദ്രരെ പരസ്യമായി കൈവെടിയരുത്. തികച്ചും സന്തുലിതമാകണം. ഇക്കാര്യത്തില്‍ ഈ ബജറ്റ് കൊള്ളാം. ശരാശരിക്കും മുകളിലാണ് സ്‌കോര്‍. സാമ്പത്തിക മാന്ദ്യമാണ് രണ്ടാമത്തെ പശ്ചാത്തലം. വളര്‍ച്ചയില്‍ രാജ്യം പിന്നോട്ടാണ്. 2011-12ല്‍ അത് 6.3 ശതമാനമായി. ഒന്‍പത് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്ക്. പിന്നെയത് 5.3 ശതമാനമായി. താഴ്ച തന്നെയാണ് പ്രവണത. റേറ്റിംഗ് ഏജന്‍സികള്‍ മുഴുവന്‍ ഇന്ത്യയുടെ സൂചകങ്ങള്‍ക്ക് പിന്‍മടക്കം പ്രഖ്യാപിക്കുന്നു. ഈ സ്ഥിതിയില്‍ അവതരിപ്പിക്കപ്പെടുന്ന ബജറ്റിന് വലിയ ഉത്തരവാദിത്വം ഉണ്ട്. അത് മുന്നോട്ടുള്ള കുതിപ്പിന് ദിശാ ബോധവും ഊര്‍ജവും നല്‍കുന്നതാകണം. ഈ ബജറ്റ് ആ പരീക്ഷയില്‍ എത്ര സ്‌കോര്‍ നേടും?കൃഷി, വ്യവസായം, അടിസ്ഥാന മേഖല, വനിതാ ശാക്തീകരണം, മാനവ വിഭവശേഷി, പ്രതിരോധം തുടങ്ങിയ മേഖല തിരിച്ച് നോക്കുമ്പോള്‍ അവി ടവിടെ കോടികള്‍ വാരിവിതറിയിരിക്കുന്നു. ഈ മേഖലകളിലെല്ലാം പ്രതീക്ഷ പകരാന്‍ ഈ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കിയേക്കാം. പക്ഷേ, അവയെല്ലാം പ്രതീക്ഷകളാണ്. കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍ എത്രമാത്രം പ്രാവര്‍ത്തികമായി എന്ന് പരിശോധിച്ചാല്‍ മതി യാഥാര്‍ഥ്യമായി പരിവര്‍ത്തിക്കപ്പെടാത്ത കണക്കുകള്‍ മാത്രമായി അവ അധഃപതിക്കുന്നത് കാണാന്‍. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? വകയിരുത്തലുകള്‍ക്ക് ആവശ്യമായ തുക കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ബജറ്റില്‍ ഉള്‍ച്ചേരാറില്ല എന്നത് തന്നെയാണ് പ്രശ്‌നം. ഈ ബലഹീനത ചിദംബരത്തിന്റെ ഏറ്റവും പുതിയ ബജറ്റിലും മുഴച്ചു നില്‍ക്കുന്നു. പ്രത്യക്ഷ നികുതിയിലൂടെ 13,000 കോടി ലക്ഷ്യമിടുന്നു എന്ന് മാത്രമാണ് ധനമന്ത്രി പറഞ്ഞത്. പരോക്ഷ നികുതിയിലോ സേവന നികുതിയിലോ തൊടാനാകില്ല. പിന്നെയുള്ളത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണമുണ്ടാക്കുന്ന അരുണ്‍ ഷൂറി ഫെയിം ഏര്‍പ്പാടാണ്. കൊള്ളാവുന്ന സ്ഥാപനങ്ങളൊക്കെ വിറ്റ് തീര്‍ന്നിരിക്കുന്നു. എന്നിട്ടും ഈ വഴിക്ക് 55,814 കോടി സമാഹരിക്കുമെന്ന് ചിദംബരം പ്രഖ്യാപിച്ചിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് 4,000 കോടി സമാഹരിക്കും. ബാക്കി തുക സ്വകാര്യ സ്ഥാപനങ്ങളിലെ പൊതുമേഖലാ ഓഹരികള്‍ ഉപേക്ഷിച്ച് കണ്ടെത്തും. “വിത്തിന് വെച്ചതെടുത്ത് കുത്തുക തന്നെ”. അല്ലാതെ, നികുതി പിരിവ് ഊര്‍ജിതമാക്കാനും വെട്ടിപ്പ് തടയാനുമുള്ള ധൈര്യം ഇന്ത്യയിലെ ഒരു ധനമന്ത്രിയും ഇക്കാലം വരെ പുറത്തെടുത്തിട്ടില്ല.ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താതിരുന്നതിനും കൂടുതല്‍ പ്രത്യക്ഷ നികുതി ഇളവുകള്‍ വെക്കാതിരുന്നതിലും രാജ്യത്തെ അതിസമ്പന്നരും ഇടത്തരക്കാരും വരെ ഉള്‍പ്പെടുന്ന പ്രത്യക്ഷ നികുതിദായക സമൂഹം ഇപ്പോള്‍ തന്നെ അതൃപ്തമാണ്. ഓഹരി വിപണി കുത്തനെ ഇടിഞ്ഞ് ആദ്യ പ്രതികരണം വന്നു കഴിഞ്ഞു. അപ്പോള്‍ പണം കണ്ടെത്താന്‍ ഏത് വഴിയിലൂടെയാണ് ധനമന്ത്രി സഞ്ചരിക്കുക? അദ്ദേഹം പറയാതെ പറയുന്ന ഉത്തരം സബ്‌സിഡി വെട്ടിക്കുറക്കുമെന്നാണ്. സബ്‌സിഡി യുക്തിസഹമാക്കുന്നുവെന്നാണ് പറയുക. പേരെന്തുമാകട്ടെ. രാജ്യത്തെ ദരിദ്രരന്റെയും പട്ടിണിക്കാരന്റെയും നില കൂടുതല്‍ വഷളാക്കുന്നതാണ് സംഗതി. പെട്രോള്‍, ഡീസല്‍, പാചക വാതകം തുടങ്ങിയ ഇന്ധനങ്ങള്‍ക്കുള്ള സബ്‌സിഡിയില്‍ കൈവെക്കും. വളം സബ്‌സിഡി വെട്ടിക്കുറക്കും. പൊതുവിതരണ സമ്പ്രദായം വഴി നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ സബ്‌സിഡിയില്‍ അരിപ്പ വെക്കും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണം വെട്ടിക്കുറക്കാന്‍ മാനദണ്ഡങ്ങളില്‍ വലിയ കസര്‍ത്ത് നടത്തും. സാധാരണക്കാരനെയും ഇടത്തരക്കാരനെയും മറക്കാത്ത ബജറ്റെന്ന് വിധിയെഴുതും മുമ്പ് ഈ വസ്തുത ഗൗരവപൂര്‍വം പരിഗണിക്കേണ്ടിയിരിക്കുന്നു.സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്നും രാജ്യം കരകയറിയിട്ടില്ലെന്ന് ധനമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാനിരക്ക് പലവട്ടം മാറ്റി നിശ്ചയിക്കുക വഴി സര്‍ക്കാറും ആസൂത്രണ വിദഗ്ധരും ആര്‍ ബി ഐയും ഈ വസ്തുത ശരിവെക്കുന്നു. കമ്പോളത്തിലാണ് മാന്ദ്യം ആദ്യം പ്രതിഫലിക്കുക. ഉത്പാദിപ്പിച്ച വസ്തുക്കള്‍ വാങ്ങാന്‍ ആളില്ലാതാകുകയെന്നതാണ് അത്. കമ്പോളത്തില്‍ വസ്തുക്കള്‍ കെട്ടിക്കിടക്കും. വാങ്ങല്‍ ത്വരയുള്ളവര്‍ക്ക് ക്രയശേഷിയുണ്ടാകില്ല. വ്യവസായ മേഖലയുടെ ആത്മവിശ്വാസത്തില്‍ ഈ സ്ഥിതിവിശേഷം ഉണ്ടാക്കുന്ന ആലസ്യം വളരെ ഗുരുതരമായിരിക്കും. ഫലത്തില്‍ ഉത്പാദനം വെട്ടിക്കുറക്കപ്പെടും. അപ്പോള്‍ തൊഴിലില്ലായ്മയുണ്ടാകും. അത് ക്രയശേഷി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. ഈ വിഷമവൃത്തം ഒരു ഊഴം പൂര്‍ത്തിയാക്കുമ്പോഴേക്കും രാജ്യം മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിരിക്കും. യൂറോ മേഖലയിലെ മാന്ദ്യം വിശകലനം ചെയ്താല്‍ ഈ പ്രതിഭാസം പെട്ടെന്ന് മനസ്സിലാക്കാം. എന്താണ് ഇത്തരം മാന്ദ്യത്തിനുള്ള പ്രതിവിധി? വാങ്ങല്‍ ത്വരയുള്ളവര്‍ക്ക് ക്രയശേഷി നല്‍കുക തന്നെ. എന്നു വെച്ചാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഉപഭോഗ പ്രവണതയുള്ള സാധാരണക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തണം. നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കണം. പുതിയ തൊഴില്‍ സൃഷ്ടിച്ചുകൊണ്ട് അത് തത്കാലം സാധ്യമല്ല.അപ്പോള്‍ സര്‍ക്കാര്‍ പണം പമ്പ് ചെയ്യണം- സബ്‌സിഡിയായും ഇളവുകളായും. പരോക്ഷ നികുതി കുറക്കണം. ഉദാരവത്കരണത്തിന്റെ യജമാനന്‍മാരായ അമേരിക്ക മാന്ദ്യ കാലത്ത് അതാണ് ചെയ്യുന്നത്. ഇവിടെയോ? കൈയടി നേടാനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സബ്‌സിഡി വെട്ടിക്കുറക്കുന്നു. ഇളവുകള്‍ പിന്‍വലിക്കുന്നു. എന്നിട്ട് യുക്തിസഹമാക്കുന്നു, അര്‍ഹര്‍ക്ക് മാത്രം നല്‍കുന്നു തുടങ്ങിയ ന്യായം നിരത്തുന്നു. അങ്ങനെ ബജറ്റ് സാമ്പത്തിക പ്രസ്താവനയല്ലാതാകുന്നു, രാഷ്ട്രീയ പൂഴിക്കടകനാകുന്നു. ധന ഉത്തരവാദിത്വ നിയമത്തിന്റെയും കേല്‍ക്കര്‍ കമ്മിറ്റി തീട്ടൂരങ്ങളുടെയും തടവറയിലായിരുന്നു ചിദംബരം. (മാണിയും അങ്ങനെ തന്നെയായിരിക്കും). റവന്യൂ, ഫിസ്‌കല്‍ കമ്മി പൂജ്യത്തിലെത്തിക്കണമെന്നാണ് ഈ തടവറ ശഠിക്കുന്നത്. അതിനായി പദ്ധതിച്ചെലവ് വെട്ടിക്കുറച്ചാലും വേണ്ടില്ല. ലോക ബേങ്ക് അടക്കമുള്ള ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും തലതൊട്ടപ്പന്‍മാരുടെ സിദ്ധാന്തമാണിത്. ക്ഷേമരാഷ്ട്രമെന്ന കാഴ്ചപ്പാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. ഓരോ ബജറ്റിലും വെട്ടിക്കുറക്കല്‍ നടക്കണം. ഒടുവില്‍ വരവിനേക്കാള്‍ കുറഞ്ഞ ചെലവെന്ന സ്ഥിതിയിലെത്തണം. മിച്ച ബജറ്റ് വലിയ പുണ്യവും കമ്മി ബജറ്റ് മഹാപാതകവും ആയി കൊണ്ടാടപ്പെടും.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്ക് മേലും ഈ ആശയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ബജറ്റില്‍ ഈ ലക്ഷ്യങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ നിര്‍ബന്ധമാണല്ലോ. ഫിസ്‌കല്‍ കമ്മി 5.2 ശതമാനം ആയി കുറച്ചിരിക്കുന്നു. (2013-14ല്‍ അത് 4.8 ശതമാനമായി കുറക്കുമെന്ന് പ്രഖ്യാപനം). റവന്യൂ കമ്മി 3.9 ശതമാനമായി വലിച്ചു താഴ്ത്തി. (നടപ്പ് വര്‍ഷം അത് 3.3 ശതമാനം ആക്കും) ഇതിനായി കൈക്കൊണ്ട പ്രധാന നടപടി പദ്ധതി അടങ്കല്‍ വല്ലാതെ കൂടാതെ നോക്കിയെന്നതാണ്. അവിടെയാണ് അച്ചടക്കം പാലിച്ചത്. കഴിഞ്ഞ തവണ പദ്ധതിച്ചെലവ് 5.21 ലക്ഷം കോടിയായിരുന്നു. ഇത്തവണ അത് 5.53 ലക്ഷം കോടിയായി. ഇത് ചെറിയ പ്രശ്‌നമല്ല. ശക്തമായ ഭരണകൂടത്തിന്റെ ഭാവനാപൂര്‍ണമായ ഇടപെടല്‍ അനിവാര്യമായ ഈ ഘട്ടത്തില്‍ നടക്കുന്ന ഈ പിന്‍വാങ്ങല്‍ ആത്മഹത്യാപരമാണ്. അപകടകരമായ അച്ചടക്കമാണിത്.

 

 

 

 

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest