Connect with us

Articles

തോറ്റ ബജറ്റ്

Published

|

Last Updated

രണ്ട് വേഷം ആടാന്‍ ശ്രമിച്ച ചിദംബരം രണ്ടിടത്തും തോറ്റു. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ വോട്ടര്‍മാരെ പ്രീണിപ്പിക്കണം. കമ്മി കുറക്കണമെന്ന് ശഠിക്കുന്ന നിക്ഷേപകരെ പിണക്കാനും പാടില്ല. രണ്ട് കൂട്ടരെയും തൃപ്തിപ്പെടുത്താനായില്ലെന്നതാണ് ബജറ്റിന്റെ നീക്കിയിരുപ്പ്.
നിക്ഷേപകര്‍ തങ്ങളുടെ അതൃപ്തി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലൂടെ പ്രകടിപ്പിച്ചു. സെന്‍സെക്‌സ് കഴിഞ്ഞ മൂന്ന് മാസത്തിലെ ഏറ്റവും താഴ്ചയിലേക്ക് വീണു. തങ്ങള്‍ പ്രതീക്ഷിച്ചത്രയും കിട്ടിയില്ലെന്നാണ് അവരുടെ പരാതി. ജനങ്ങളുടെ പ്രതിഷേധം വോട്ടിലൂടെ അവര്‍ പ്രകടിപ്പിക്കാന്‍ പോകുന്നു.
സാമൂഹിക ക്ഷേമ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ കൂടുതലും വാചകമടിയാണ്. എല്ലാ മേഖലകളിലും കൂടുതല്‍ വകയിരുത്തിയെന്നാണ് ചിദംബരത്തിന്റെ അവകാശവാദം. ഇത് കണക്കിന്റെ കളിയാണ്. യഥാര്‍ഥത്തില്‍ ഏതാണ്ടെല്ലാ മേഖലകളിലും കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയേ ഇപ്പോഴുമുള്ളൂ. ഇതിങ്ങനെ ആകാനേ തരമുള്ളൂ. കാരണം കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയടങ്കല്‍ 5.21 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റ് വകയിരുത്തല്‍ 5.55 കോടി രൂപ മാത്രം. അതായത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ധന. പിന്നെയെങ്ങനെയാണ് 29 ശതമാനം വര്‍ധനയുണ്ടെന്ന് ധനമന്ത്രിക്ക് അവകാശപ്പെടാന്‍ കഴിയുന്നത്? ഇവിടെയാണ് കണക്കിന്റെ കളി. നടപ്പു വര്‍ഷ പദ്ധതി ഏതാണ്ട് 20 ശതമാനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അപ്പോള്‍ പുതുക്കിയ മതിപ്പുകണക്ക് പ്രകാരം 4.29 ലക്ഷം കോടി രൂപയാണ്. അതായത് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതിനേക്കാള്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപ കുറവ്. ഇതിനെ അപേക്ഷിച്ച് പദ്ധതിയടങ്കല്‍ 29 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് വീരവാദം. ഫലമോ? ഗ്രാമവികസനത്തിനും- ഇതിലാണ് തൊഴിലുറപ്പടക്കമുള്ള ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ വരിക- വകയിരുത്തല്‍ 76,000 കോടി രൂപയില്‍ 4000 കോടിയേ പുതിയ ബജറ്റില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കൃഷിക്കാകട്ടെ 11,000 കോടി രൂപയില്‍ നിന്ന് ഏതാണ്ട് 1500 കോടി രൂപയുടെ വര്‍ധനയേയുള്ളൂ. ഇതുപോലെയാണ് ഏതാണ്ടെല്ലാ വകുപ്പുകളുടെയും സ്ഥിതി.
കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 27,000 കോടി രൂപയുടെ വെട്ടിക്കുറവാണ് സബ്‌സിഡികളില്‍ വരുത്തിയിരിക്കുന്നത്. കമ്മി കുറക്കാന്‍ ചെലവ് ചുരുക്കണമെന്നാണ് ധനമന്ത്രി പറയുന്നത്. വരുമാനം വര്‍ധിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി, അത് പ്രായോഗികമല്ലെന്നാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അഞ്ച് ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റുകള്‍ക്കും മറ്റും പ്രത്യക്ഷ നികുതിയിനത്തില്‍ ഇളവ് നല്‍കിയത്. ഇതിന് ഒരു പ്രായോഗിക പ്രതിസന്ധിയും ചിദംബരത്തിനും പ്രണബ് മുഖര്‍ജിക്കും ഉണ്ടായില്ലല്ലോ. അതിന്റെ നാലിലൊന്ന് തിരിച്ചു പിടിച്ചാല്‍ പ്രശ്‌നം തീരില്ലേ? അത് ചെയ്യാന്‍ തയ്യാറില്ലെന്നതാണ് ധന പ്രതിസന്ധിയുടെ പ്രധാന കാരണം.
രാജ്യത്തെ നികുതി വരുമാനം 11 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമായി ഇടിഞ്ഞു. ഇതിനു മറയിടാന്‍ വേണ്ടി കോടീശ്വരന്മാരുടെ മേല്‍ പത്ത് ശതമാനം സര്‍ചാര്‍ജ് ചുമത്തി ഗീര്‍വാണം മുഴക്കുകയാണ് ചിദംബരം. ഇതു തന്നെ ഒരു വര്‍ഷത്തേക്കാണ്. എത്ര ക്ഷമാപണത്തോടെയാണ് അദ്ദേഹം ഈ നിര്‍ദേശം വെച്ചതെന്ന് ഓര്‍ത്തു നോക്കുക. പൊതുമേഖലാ ഓഹരികള്‍ വിറ്റ് അന്‍പതിനായിരം കോടി രൂപ സ്വരൂപിക്കുമെന്ന പ്രഖ്യാപനം, നാടിന്റെ മുതല്‍ തുച്ഛവിലക്ക് വിറ്റുതുലക്കുന്ന രീതി കൂടുതല്‍ രൂക്ഷമായി തുടരും എന്ന മുന്നറിയിപ്പാണ്.
രാഷ്ട്രം നേരിടുന്ന രണ്ടാമത്തെ പ്രധാന പ്രശ്‌നം വിലക്കയറ്റമാണ്. ഇതിന് ഒരു പരിഹാര നിര്‍ദ്ദേശവും ബജറ്റിലില്ല. മൂന്നാമത്തെ വെല്ലുവിളി അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന വ്യാപാര കമ്മിയാണ്. കയറ്റുമതി ഇടിയുന്നു. ഇറക്കുമതി ഇടിയുന്നില്ല. കയറ്റുമതി വര്‍ധിപ്പിക്കാനോ ഇറക്കുമതി നിയന്ത്രിക്കാനോ ഭാവനാപൂര്‍ണമായ ഒരു പരിപാടിയും ബജറ്റിലില്ല.
കേരളത്തെ സംബന്ധിച്ച് തികച്ചും നിരാശാജനകമാണ് ഈ ബജറ്റ്. കാര്‍ഷിക മേഖലക്ക് ലഭിച്ചിരിക്കുന്ന ഏക പരിഗണന 75 കോടി രൂപ കേര കൃഷിക്കാര്‍ക്ക് അനുവദിച്ചതാണ്. തെങ്ങ് വെട്ടിമാറ്റി പുതിയത് നടാന്‍ 2009ല്‍ 750 കോടിയുടെ പദ്ധതി അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 42 കോടി നാളികേര ബോര്‍ഡിന് നല്‍കിയതാണ്. ഇതിലുണ്ടായ ചെറിയ വര്‍ധന കേരകൃഷിക്കാരുടെ പ്രശ്‌നം പരിഹരിക്കില്ല. പാമോയിലിനുള്ള സബ്‌സിഡി വെളിച്ചെണ്ണക്ക് നല്‍കാന്‍ ഇത്തവണയും വിസമ്മതിച്ചു. തൂത്തുക്കുടി തുറമുഖ വിപുലീകരണത്തിന് പണം നീക്കിവെച്ചപ്പോള്‍ വിഴിഞ്ഞം തുടങ്ങാനുള്ള പണം പോലുമില്ല. തുത്തുക്കുടിയുടെ വികസനം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ വിഴിഞ്ഞത്തിന്റെ പ്രസക്തി നഷ്ടമാകും.

 

Latest