Connect with us

Kozhikode

കാപ്പാട്- കൊയിലാണ്ടി ഹാര്‍ബര്‍ തീരദേശ റോഡ് യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

കൊയിലാണ്ടി: തീരദേശ വാസികളുടെ ചിരകാലാഭിലാഷമായ കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ തീരദേശ റോഡ് യാഥാര്‍ഥ്യമാകുന്നു. 2010 ഓഗസ്റ്റ് 13ന് അന്നത്തെ ഫിഷറീസ് മന്ത്രി എസ് ശര്‍മ റോഡിന്റെ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തിരുന്നു.
9.29 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറായിട്ടുള്ള പദ്ധതിയില്‍ സര്‍ക്കാര്‍ ചില ഉപാധികള്‍ വെച്ച് ടെന്‍ഡറിന് അനുമതി നല്‍കി. എന്നാല്‍ സര്‍ക്കാറിന്റെ ഉപാധികള്‍ പ്രകാരം ടെന്‍ഡര്‍ എടുത്തയാള്‍ പ്രവൃത്തി തുടങ്ങാന്‍ തയ്യാറായില്ല. ഏഴുകുടിക്കല്‍, ചെറിയമങ്ങാട് എന്നീ ഭാഗങ്ങളിലെ തോടുകള്‍ക്ക് പാലം ഉള്‍പ്പെടെ 5.48 കി. മീറ്റര്‍ നീളമുള്ള റോഡ്, ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് മുതല്‍ കൊയിലാണ്ടി ഫിഷ് ലാന്റിംഗ് സെന്റര്‍ വരെയാണ്.
ചേമഞ്ചേരി പഞ്ചായത്തിലെ 1, 21, 18 വാര്‍ഡുകളിലൂടെയും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 1, 14, 15, 17 എന്നീ വാര്‍ഡുകളിലൂടെയും കൊയിലാണ്ടി നഗരസഭയിലെ 34, 35 36, 37, 38 വാര്‍ഡുകളിലൂടെയുമാണ് റോഡ് കടന്നുപോകുന്നത്. എട്ട് മീറ്റര്‍ വീതിയുള്ള റോഡ് ആറ് മീറ്റര്‍ ടാറിംഗ് നടത്തും.
ഗതാഗത തടസ്സമുള്ള കൊയിലാണ്ടി ദേശീയപാതക്ക് സമാന്തരമായി ഈ റോഡ് ഉപയോഗിക്കാന്‍ കഴിയും. നബാര്‍ഡിന്റെ ആര്‍ ഐ ഡി എഫ് 15-ാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് മന്ത്രി കെ ബാബു നിര്‍വഹിക്കും.
ഒന്നര വര്‍ഷത്തിനുള്ളില്‍ രണ്ട് പാലങ്ങളുടെയും കലുങ്കുകളുടെയും റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍. നിര്‍മാണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ ഉപനേതാവ് വി പി ഇബ്‌റാഹിം കുട്ടി മന്ത്രി കെ ബാബുവിന് നിവേദനം നല്‍കി.

Latest