Connect with us

Kozhikode

മഞ്ഞപ്പിത്തം: കുറ്റിയാടി മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

Published

|

Last Updated

കുറ്റിയാടി: കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടി, കമ്മനക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്തുവരുന്നു.
മൈക്ക് പ്രചാരണം വഴി പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇന്ന് പൈക്കളങ്ങാടി മദ്‌റസയില്‍ ബോധവത്കരണ ക്ലാസും നാളെ മെഡിക്കല്‍ ക്യാമ്പും നടത്തും.
ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ആഹാര പദാര്‍ഥങ്ങള്‍ മൂടിവെക്കണം. ഭക്ഷണത്തിന് മുമ്പും ശൗച്യത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകണമെന്നും കുണ്ടുതോട് പ്രഥമികാരോഗ്യേകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നിര്‍ദേശം നല്‍കി. പനി, ഛര്‍ദി, ഓക്കാനം, വയറിളക്കം, വിശപ്പില്ലായ്മ, ക്ഷീണം എന്നിവയും രോഗം മൂര്‍ദ്ധന്യത്തിലെത്തുന്നതോടെ കണ്ണിലും കൈവെള്ളയിലും നഖത്തിലും മഞ്ഞനിറം എന്നീ ലക്ഷണങ്ങള്‍ പ്രകടമാകും.
രോഗം പടരുന്നത് തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം, തണുത്തതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക, മലമൂത്ര വിസര്‍ജ്ജനം കക്കൂസില്‍ മാത്രമാക്കുക എന്നീ നിര്‍ദേശങ്ങളും കുറ്റിയാടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി സൂപ്രണ്ട് മുന്നറിയിപ്പ് നിര്‍ദേശം നല്‍കി. കാവിലുംപാറയിലെ പൈക്കളങ്ങാടിയില്‍ ഇന്നലെ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.
അതിനിടെ കുറ്റിയാടി താലൂക്ക് ആശുപത്രി പരിധിയില്‍ ഉള്‍പ്പെടുന്ന നാല് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വേളം, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം വേളം, നരിപ്പറ്റ പഞ്ചായത്തുകളില്‍ രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും രോഗം ഇപ്പോഴും പടരുന്നതായാണ് അറിയുന്നത്.
എന്നാല്‍ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഗവ. താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി എത്തുന്നവര്‍ നാമമാത്രമാണ്. 80 ശതമാനം രോഗികളും സ്വകാര്യ ആശുപത്രികളിലോ ഹോമിയോ- ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലോ ആണ് ചികിത്സ തേടി പോകുന്നത്. ഇതുകൊണ്ടുതന്നെ ആരോഗ്യ വിഭാഗം അധികൃതര്‍ രോഗം പടരുന്ന കാര്യം ഏറെ വൈകിയാണ് അറിഞ്ഞത്.

Latest