Connect with us

Editorial

ത്രിപുര നല്‍കുന്ന പാഠങ്ങള്‍

Published

|

Last Updated

ഭരണം നന്നായാല്‍ ജനപിന്തുണ നിലനിര്‍ത്താനാകുമെന്ന പാഠമാണ് വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഭരണ മുന്നണികള്‍ അധികാരം നിലനിര്‍ത്തിയപ്പോള്‍, ത്രിപുരയില്‍ 60-ല്‍ 50 സീറ്റും തൂത്തുവാരി ഇടത് മുന്നണി ത്രസിപ്പിക്കുന്ന വിജയമാണ് കൈവരിച്ചത്. ഇതില്‍ 49-ഉം സി പി എമ്മിനവകാശപ്പെട്ടതുമാണ്. 2008-ല്‍ ഇവിടെ ഇടതുമുന്നണി 49 സീറ്റുകള്‍ നേടിയിരുന്നെങ്കിലും മറുഭാഗത്ത് കോണ്‍ഗ്രസും മമതാകോണ്‍ഗ്രസും സ്വരച്ചേര്‍ച്ചയിലല്ലാതിരുന്നതിനാല്‍ അന്ന് 22 സീറ്റില്‍ മമതയുടെ പാര്‍ട്ടി മത്സരിച്ചിരുന്നു. ഇത്തവണ ഇടതുമുന്നണി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോകാതിരിക്കാനാണ് മമതാ കോണ്‍ഗ്രസ് മത്സരത്തില്‍ നിന്നു വിട്ടു നിന്നത്. മുപ്പത്തിമൂന്ന് വര്‍ഷം ഇടതുമുന്നണി തുടര്‍ച്ചയായി അധികാരത്തിലിരുന്ന പശ്ചിമ ബംഗാള്‍ പിടിച്ചടക്കിയതു പോലെ ഇത്തവണ ത്രിപുരയും പിടിയിലൊതുക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഈ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.

സംശുദ്ധമായ ഭരണവും മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ തിളക്കമാര്‍ന്ന വ്യക്തിത്വവുമാണ് തുടര്‍ച്ചയായി അഞ്ചാം തവണയും ഇടതുമുന്നണിയെ ത്രിപുരയില്‍ അധികാരത്തിലെത്തിച്ചത്. മണിക് സര്‍ക്കാര്‍ നിയമസഭയിലെത്തുന്നത് തുടര്‍ച്ചയായി ആറാം തവണയും മുഖ്യമന്ത്രി പദത്തില്‍ അദ്ദേഹത്തിനിത് നാലാമൂഴവുമാണ്. ജനപ്രതിനിധികള്‍ ആഡംബരപ്രമത്തരായി ജീവിക്കുകയും അഴിമതിയില്‍ മുങ്ങിക്കുളിക്കുകയും സ്വന്തത്തിനും കുടുംബത്തിനും വേണ്ടി പൊതുമൂതല്‍ ധൂര്‍ത്തടിക്കുകയും ചെയ്യുന്ന ഇക്കാലത്ത,് അഴിമതിയുടെ കറ പുരളാത്ത കൈകളുമായി, ലളിത ജീവിത്തില്‍ സംതൃപ്തി കണ്ടെത്തി, നാടിനും ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടി ജീവിക്കുന്നുവെന്നതാണ് മണിക് സര്‍ക്കാറിനെ ജനങ്ങളുടെ പ്രിയങ്കരനാക്കിയ പ്രധാന ഘടകങ്ങള്‍. തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്നിട്ടും സ്വന്തമായ വീടോ വാഹനമോ ബേങ്ക് ബാലന്‍സ് പോലുമോ ഇല്ലാത്ത, ആഡംബരമായിപ്പോകുമോ എന്ന ശങ്കയില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത മണിക് സര്‍ക്കാര്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനാകമാനം മാതൃകയാണ്.

ത്രിപുരയിലെ ഇടതുമുന്നണിയുടെ ജൈത്രയാത്ര കോണ്‍ഗ്രസിന് മാത്രമല്ല, പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ഇടതുമുന്നണിക്കും പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഇടവേളകളില്ലാത്ത മൂന്നര പതിറ്റാണ്ടോളം നീണ്ട കാലത്തെ അധികാരലബ്ധിയില്‍ ജനങ്ങളെയും പാര്‍ട്ടിയെ തന്നെയും കൈയൊഴിഞ്ഞതാണ് ബംഗാളില്‍ ഇടതിന് വിശിഷ്യാ സി പി എമ്മിന് വിനയായത്. മന്‍മോഹന്‍സിംഗിന്റെയും ചിദംബരത്തിന്റെയും മുതലാളിത്ത രാജ്യങ്ങളില്‍ നിന്ന് കടമെടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ബുദ്ധദേവ് ഭട്ടാചാര്യയും കൂട്ടുകാരും ആകൃഷ്ടരായപ്പോള്‍ അതിന് ബലിയാടാകേണ്ടി വന്നത് അവിടുത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണെന്ന് നന്ദിഗ്രാം ബോധ്യപ്പെടുത്തുന്നു. കേരളത്തില്‍ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ ആകൃഷ്ടരായതോടൊപ്പം അധികാര വടം വലികൂടി പാര്‍ട്ടിയെ വേട്ടയാടുന്നു.
നാഗാലാന്‍ഡില്‍ 60 സീറ്റില്‍ 37 എണ്ണം നേടിയാണ് ഭരണകക്ഷിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്നത്. ഭരണ കക്ഷി കഴിഞ്ഞ തവണത്തേക്കാള്‍ 12 സീറ്റുകള്‍ അധികം നേടിയപ്പോള്‍ കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വന്നത് കോണ്‍ഗ്രസിനാണ്. 2008-ല്‍ 18 സീറ്റ് നേടിയ കോണ്‍ഗ്രസിന് എട്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അതേസമയം സ്വതന്ത്രര്‍ 10 സീറ്റ് നേടി. മേഘാലയത്തില്‍ 60-ല്‍ 29 സീറ്റ് നേടി ഭരണകക്ഷിയായ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ തവണ 11 മണ്ഡലങ്ങളില്‍ വിജയിച്ച എന്‍ സി പി ഇത്തവണ രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2008-ല്‍ കോണ്‍ഗ്രസ് 25 സീറ്റിലാണ് വിജയിച്ചിരുന്നത്.
ഈ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ രണ്ട് അട്ടിമറി വിജയങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി നിയമസഭാംഗത്വം രാജി വെച്ച നാല്‍ഹാട്ടി മണ്ഡലത്തിലെ ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി ദീപക് ചാറ്റര്‍ജിയുടെ വിജയത്തിനും മുര്‍ശിദാബാദ് ജില്ലയിലെ റജിനഗര്‍ നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ഹുമയൂണ്‍ കബീറിനെ തോല്‍പ്പിച്ചു കോണ്‍ഗ്രസിലെ സിറാജുല്‍ ഇസ്‌ലാം നേടിയ വിജയത്തിനും രാഷ്ട്രീയ നിരീക്ഷകര്‍ വന്‍പ്രധാന്യം കല്‍പ്പിക്കുന്നു. നാല്‍ഹാട്ടിയില്‍ തൃണമുല്‍ സ്ഥാനാര്‍ഥിക്ക് മുന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ രണ്ട് ഫലങ്ങളും ഭരണകക്ഷിയായ തൃണമൂലിന്റെ ജനസമ്മിതി കുറയുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് പൊതുവെ വിലയിരുത്തല്‍.