Connect with us

Ongoing News

പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറി: മരണം ഏഴായി

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ പന്നിയംകുറുശ്ശിയില്‍ പടക്ക നിര്‍മാണശാലക്ക് തീപ്പിടിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോങ്ങാട് മാര്‍ക്കാംതൊടി മണി ആണ് ഒടുവില്‍ മരിച്ചത്. താഴത്തേതില്‍ മൊയ്തീന്‍ ഹാജിയുടെ മകന്‍ മുസ്തഫ (41), പന്നിയംകുറുശ്ശി പാലേങ്കില്‍ വീട്ടില്‍ അയ്യപ്പന്റെ മകന്‍ സുകുമാരന്‍ (65), പന്നിയംകുറുശ്ശി പുത്തന്‍പീടികക്കല്‍ മൊയ്തുവന്റെ മകന്‍ മുസ്തഫ (39), പന്നിയംകുറുശ്ശി തെക്കുംമുറി ചേരിക്കാട്ടില്‍ ചന്ദ്രന്റെ മകന്‍ സുരേഷ് (36), പന്നിയംകുറുശ്ശി അകത്തേയന്‍ പറമ്പില്‍ ശങ്കരന്റെ മകന്‍ സദാശിവന്‍ (42), പന്നിയംകുറുശ്ശി ചേരിക്കത്തൊടി ചക്കന്റെ മകന്‍ രാമന്‍ (54 )എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക്, എക്‌സ്‌പ്ലോസീവ് വിഭാഗം തെളിവെടുപ്പ് നടത്തി. അതിനിടെ, പടക്കശാല ഉടമയുടെ വീട്ടില്‍ നിന്ന് ജിപ്പില്‍ കടത്താന്‍ ശ്രമിച്ച സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടകൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചെര്‍പ്പുളശ്ശേരി പഞ്ചായത്തിലെ 17ാം വാര്‍ഡില്‍ പന്നിയംകുറുശ്ശിയില്‍ കളക്കുന്നത്ത് മുഹമ്മദ് എന്ന ഔക്കന്റെ ഉടമസ്ഥതയിലുതാണ് പടക്കശാല. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. നാല്‍പ്പതോളം പേര്‍ ജോലി ചെയ്യുന്ന പടക്കശാലയില്‍ ജോലിക്കുറവ് കാരണം ഇന്നലെ ഏഴ് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തീപ്പിടിത്തം ഉണ്ടായ സമയത്ത് കമ്പനിയിലെ സ്ഥിരം ജോലിക്കാരനായ മുസ്തഫ പുറത്ത് പോയതിനാല്‍ രക്ഷപ്പെട്ടു.
യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നാനൂറ് അടി ഉയരത്തിലുള്ള കുന്നില്‍ മുകളിലാണ് പടക്കശാല സ്ഥിതി ചെയ്തിരുന്നത്.
പൊട്ടിത്തെറിയെ കുറിച്ച് മജിസ്റ്റീരിയല്‍തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ ഉത്തരവിട്ടിട്ടുണ്ട്. ഒറ്റപ്പാലം സബ് കലക്ടര്‍ എ കൗശികിനാണ് അന്വേഷണ ചുമതല. അന്വേഷണം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.