Connect with us

Kozhikode

വിമാനം കടലില്‍ 'തകര്‍ന്നുവീണു'; യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Published

|

Last Updated

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ബേപ്പൂരിനടുത്ത് കടലില്‍ “തകര്‍ന്നുവീണു”. നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ രക്ഷാപ്രവര്‍ത്തക സംഘം യാത്രക്കാരായ 40 പേരില്‍ 39 പേരെ “രക്ഷിച്ചെങ്കിലും” ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടര്‍ന്നു. അവസാനം കൊച്ചിയില്‍ നിന്ന് കുതിച്ചെത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അവശേഷിച്ച യാത്രക്കാരനെയും “രക്ഷിച്ചു”.
വിമാനം കടലില്‍ വീഴുന്ന അടിയന്തര സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ജില്ലാ ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, കോസ്റ്റ് ഗാര്‍ഡ് എന്നിവയുമായി സഹകരിച്ച് നടത്തിയ രക്ഷക് മോക്ഡ്രില്ലിലാണ് അപൂര്‍വമായ ഈ രക്ഷാപ്രവര്‍ത്തനത്തിന് ബേപ്പൂര്‍ സാക്ഷിയായത്.
ഇന്നലെ രാവിലെ 10.35നാണ് ടേക് ഓഫ് ചെയ്ത് രണ്ട് മിനുട്ടിനകം വിമാനം ബേപ്പൂര്‍ കടലില്‍ തകര്‍ന്നുവീണ വിവരം കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നത്. ഉടനെ വിവരം കോസ്റ്റ് ഗാര്‍ഡിന് കൈമാറി. പത്ത് മിനുട്ടിനകം ഐ സി ജി എസ് സി 144 കപ്പല്‍ പ്രഥമശുശ്രൂഷ നല്‍കാനുള്ള സംവിധാനങ്ങള്‍, ലൈഫ് ജാക്കറ്റ്, വാട്ടര്‍ സ്‌കൂട്ടര്‍ തുടങ്ങിയ സംവിധാനങ്ങളുമായി കടലില്‍ കുതിച്ചെത്തി. 11.05ന് കൊച്ചിയില്‍ നിന്ന് കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്ററും പുറപ്പെട്ടു. ഇതിനകം തന്നെ കസ്റ്റംസ്, പോര്‍ട്ട്, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വിഭാഗങ്ങളുടെ രക്ഷാബോട്ടുകള്‍ “അപകടസ്ഥലത്ത്” എത്തിയിരുന്നു.
യാത്രക്കാരായ 39 പേരെയും രക്ഷിക്കാനായെങ്കിലും ഒരാളെ അപ്പോഴും കണ്ടുകിട്ടിയിരുന്നില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ എത്തിയതും അവസാന യാത്രക്കാരനെ കണ്ടെത്തിയതും. ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിക്കൊടുത്ത കയറില്‍ രക്ഷപ്പെടുത്തിയ അയാളെ തിരിച്ച് വീണ്ടും ഹെലികോപ്റ്റര്‍ വഴി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലില്‍ എത്തിച്ചു. കടലില്‍ നിന്ന് കരയിലെത്തിച്ചവര്‍ക്ക് ബേപ്പൂര്‍ ഹാര്‍ബറില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് ഒരുക്കിയ എമര്‍ജന്‍സി ഷെഡില്‍ അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ചു. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഒരുക്കി നിര്‍ത്തിയ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എയ്ഞ്ചല്‍ ആംബുലന്‍സുകള്‍ എന്നിവയും മോക്ഡ്രില്ലില്‍ പങ്കെടുത്തു.
എ ഡി എം. കെ പി രമാദേവി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ടി പി അലക്‌സ്, പ്രഭാത് രഞ്ജന്‍ മിശ്ര, ആര്‍ ടി ഒ. രാജീവ് പുത്തലത്ത്, രക്ഷാപ്രവര്‍ത്തന നിരീക്ഷകരായ ഡോ. കെ കാര്‍ത്തികേയവര്‍മ, ഡോ. ശ്രീജയന്‍, ഡോ. സുല്‍ഫിക്കര്‍ അലി, ഡോ. കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.