Connect with us

Health

ശ്രദ്ധാവൈകല്യം മസ്തിഷ്‌കത്തിലെ രാസമാറ്റം

Published

|

Last Updated

“എന്റെ മകന് ഏഴു വയസ്സായി. അവന്റെ കുറുമ്പുകള്‍ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. എല്ലാവര്‍ക്കും മോനെക്കുറിച്ച് പരാതി പറയാനേ നേരമുള്ളൂ. സ്‌കൂളിലും വല്ലാത്ത പ്രശ്‌നക്കാരനാണ്. ക്ലാസിലിരിക്കുമ്പോള്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ ശ്രദ്ധ അങ്ങോട്ടു തിരിയും. പഠിക്കാനിരിക്കുമ്പോള്‍ വീട്ടില്‍ ആരെങ്കിലും വര്‍ത്തമാനം പറഞ്ഞാല്‍ അതു കേട്ട് എണീറ്റുപോകും. എപ്പോഴും ഇളകിമറിയുന്ന പ്രകൃതമാണ്. ധാരാളം സംസാരിക്കും. പിറുപിറുത്ത് ഓടുകയും ചാടുകയും ചെയ്യും. സാഹചര്യങ്ങള്‍ നോക്കാതെ എടുത്തുചാടും”. മകനെ കുറിച്ചുള്ള ഒരു അമ്മയുടെ വേദനയാണിത്.
യഥാര്‍ത്ഥത്തില്‍ ഈ കുട്ടിയുടെ തകരാറ് ശ്രദ്ധാവൈകല്യമാണ്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ ശ്രദ്ധാവൈകല്യത്തിനും പിരുപിരുപ്പിനും നല്‍കിയിട്ടുള്ള പേര്. എ ഡി എച്ച് ഡി എന്ന ചുരുക്കപ്പേരിലാണ് ഈ വൈകല്യം സാധാരണ അറിയപ്പെടുന്നത്.
ഇത്തരം വൈകല്യമുള്ള കുട്ടികള്‍ക്ക് ഒരു സ്ഥലത്ത് കുറച്ചു നേരം അടങ്ങിയിരിക്കാന്‍ സാധ്യമല്ല. ഒരു കാര്യം മുഴുവനായി ചെയ്തുതീര്‍ക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള കഴിവ് കുറവായിരിക്കും. ആലോചിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരുടെ ശാരീരിക ചലനങ്ങള്‍ മറ്റുള്ളവരെക്കാള്‍ സന്ദര്‍ഭത്തിനനുസൃതമല്ലാത്തവിധം കൂടുതലായിരിക്കും. ക്ലാസിലെ വികൃതികളായി മാറ്റിനിര്‍ത്തപ്പെടുന്ന ഈ കുട്ടികളില്‍ ഏറെ പേര്‍ക്കും പഠന വൈകല്യവും കണ്ടുവരാറുണ്ട്. വേണ്ടവിധത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു വൈകല്യമാണ് എ.ഡി.എച്ച്.ഡി. അച്ചടക്കമില്ലായ്മയായും വളര്‍ത്തുദോഷമായും ആദ്യകാലങ്ങളില്‍ ഇതിനെ കരുതി പോന്നിരുന്നു.
അഞ്ചു മുതല്‍ എട്ടു വയസ്സുവരെ പ്രായമാകുമ്പോള്‍ ശാരീരികമായുള്ള പിരിപിരുപ്പം താനേ കുറഞ്ഞുവരുന്നതായി അനുഭവപ്പെടാറുണ്ട്. വികൃതി പയ്യന്‍ മിടുക്കനായി എന്നു തോന്നിപ്പോകും. എന്നാല്‍ ബഹള പ്രകൃതം മാറിയാലും ശ്രദ്ധാവൈകല്യം നിലനില്‍ക്കുന്നതിനാല്‍ പഠനത്തെ സാരമായി ബാധിക്കും.
ശ്രദ്ധാവൈകല്യത്തിന്റെ യഥാര്‍ത്ഥ കാരണം മസ്തിഷ്‌കത്തിലെ ചില രാസമാറ്റങ്ങളാണ്. ഏകാഗ്രത നിയന്ത്രിക്കുന്ന തലച്ചോറിനുള്ളിലെ പ്രീ ഫോണ്ടല്‍ കോര്‍ട്ടക്‌സിലെ ഡോപ്പമിന്‍ നോര്‍ എപ്പിനെ ഫ്രിന്‍ എന്നീ രാസവസ്തുക്കളുടെ അളവ് ഇവരില്‍ ജന്മനാല്‍ തന്നെ കുറഞ്ഞിരിക്കും. ഈ രാസവസ്തുക്കളുടെ അളവു കുറഞ്ഞാല്‍ ശ്രദ്ധ മാറിമറിഞ്ഞുകൊണ്ടിരിക്കും. ഇതുമൂലം തലച്ചോറിലെ ഇന്‍ഹിബിറ്ററി കോശങ്ങള്‍ക്ക് പൂര്‍ണ വളര്‍ച്ചയെത്താന്‍ കഴിയാതെ വരുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ നിലനിര്‍ത്തുന്നതിനു നമ്മെ സഹായിക്കുന്നത് ഇന്‍ഹിബിറ്ററി കോശങ്ങളാണ്.
നൂറു കുട്ടികളില്‍ അഞ്ചു പേര്‍ക്ക് ശ്രദ്ധാവൈകല്യമുള്ളതായി കണക്കാക്കപ്പെടുന്നു. ശ്രദ്ധാവൈകല്യമുള്ള നൂറു കുട്ടികളില്‍ നാല്‍പത്തിയെട്ടുപേര്‍ക്ക് പഠന വൈകല്യവും കണ്ടുവരുന്നു. ശ്രദ്ധക്കുറവും പിരുപിരുപ്പും പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളില്‍ നാലിരട്ടി കൂടുതലാണ്.
ഈ വൈകല്യമുള്ള കുട്ടികളോട് മാതാപിതാക്കളുടെ സമീപനം മാറ്റുകയാണ് ആദ്യം വേണ്ടത്. കുട്ടിയുടെ വാശികള്‍ക്കും ഇഷ്ടങ്ങള്‍ക്കുമെല്ലാം പെട്ടെന്ന് വഴങ്ങിക്കൊടുക്കാതെ അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തണം. ഇവരുടെ പഠനകാര്യങ്ങളില്‍ നല്ല അടുക്കും ചിട്ടയും ഉണ്ടാകണം. ശ്രദ്ധ വര്‍ദ്ധിപ്പിക്കാനുള്ള കളികള്‍ കൊടുക്കാം. ഇവരെ ക്ലാസിലെ മുന്‍നിരയില്‍ തന്നെ ഇരുത്തണം. വാതില്‍, ജനാലകള്‍ എന്നിവയുടെ സമീപത്ത് ഇരുത്തരുത്. കുട്ടിയെ ക്ലാസിലെ മോണിറ്റര്‍ ആക്കുന്നത് വളരെ പ്രയോജനം ചെയ്യും. ഇവരുടെ ഊര്‍ജം പഠനത്തില്‍ മാത്രമല്ല, മറ്റു വഴികളിലേക്കും തിരിച്ചു വിടണം. അതിനു വേണ്ടി സ്‌പോര്‍ട്‌സ്, മറ്റു കലാപരിപാടികള്‍ എന്നിവയില്‍ അഭിരുചിക്കനുസരിച്ച് പരിശീലനം നല്‍കാവുന്നതാണ്.
ശ്രദ്ധാവൈകല്യത്തെ ഒരു മാനസിക പ്രശ്‌നമായി കാണേണ്ടതില്ല. വൈകല്യം തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണു പ്രധാനം. വേണ്ട സമയത്ത് തിരുത്തപ്പെടാത്ത കുട്ടികള്‍ കുറ്റവാസനയിലേക്കു പെട്ടെന്നു തിരിയുന്നതായി കണ്ടുവരാറുണ്ട്. മനഃശാസ്ത്രജ്ഞനെ കാണുന്നത് പ്രയോജനം ചെയ്യും.

Latest