Connect with us

Eranakulam

കോടതി വാര്‍ത്തകള്‍

Published

|

Last Updated

സര്‍ക്കാര്‍ ഉദ്യോഗത്തിന് ഉയര്‍ന്ന
പ്രായ പരിധി: ഹരജി തള്ളി
കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചുള്ള ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. തൊഴിലവസരത്തിനുള്ള അവസര സമത്വത്തിന് വിരുദ്ധമാണ് സര്‍ക്കാര്‍ ഉദ്യോഗത്തിന് അപേക്ഷ നല്‍കാന്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പടുത്തുന്നതെന്ന് പരാതിപ്പെട്ട് വെഞ്ഞാറമൂട് എം സിയാദ് സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. തൊഴിലവസരത്തിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്നും സര്‍ക്കാറിന്റെ നയപരമായ കാര്യമാണെന്നും ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. മൗലികാവകാശങ്ങളുടെ ലംഘനമല്ല സര്‍ക്കാര്‍ ഉദ്യോഗത്തിന് ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നാവികസേന പിടികൂടിയ വിദേശ പൗരന്മാരെ വിട്ടയക്കാന്‍ ഉത്തരവ്

കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നാവികസേന പിടികൂടിയ ഇറാന്‍, പാക്കിസ്ഥാന്‍ പൗരന്മാരെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നാല് ഇറാന്‍ പൗരന്മാരെ സ്വദേശത്തേക്ക് വിടാന്‍ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. കൊച്ചിയില്‍ നിന്നും ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കാനും യാത്രാ രേഖകള്‍ കൊച്ചി കമ്മീഷണര്‍ക്ക് കൈമാറാനും തിരുവനന്തപുരം ഷംഖുമുഖം എ സിക്ക് കോടതി നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയ വിദേശ പൗരന്മാര്‍ക്ക് വീണ്ടും തടവില്‍ കഴിയേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ പയസ് കുര്യാക്കോസും വി പി രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.
മത്സ്യത്തൊഴിലാളി സംഘത്തിലുള്ള പത്ത് പാക് പൗരന്മാരുടെ കാര്യത്തില്‍ ഉടനടി തീരുമാനം കൈക്കൊള്ളണമെന്ന് കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റ് കോടതി പ്രതികളെ കുറ്റവിമുക്തമാക്കിയിട്ടും ജയിലില്‍ നിന്നും മോചിപ്പിച്ചില്ലെന്ന് പരാതിപ്പെട്ട് ബോട്ടുടമ ചേര്‍ത്തല സ്വദേശി ജോസഫ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

സ്ത്രീകളെ വിദേശത്തേക്ക് കടത്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍:
ഹൈക്കോടതിക്ക് ഉത്കണ്ഠ
കൊച്ചി: വീട്ടു ജോലിക്കെന്ന പേരില്‍ സ്ത്രീകളെ വിദേശത്തേക്ക് കടത്തി പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വില്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി ഹൈക്കോടതി വിലയിരുത്തി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കടത്തുകയും പിന്നീട് വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും ജസ്റ്റിസ് പി ഭവദാസന്‍ ചൂണ്ടിക്കാട്ടി. ഇത്തരം കച്ചവടം ലാഭകരമായി കാണുന്ന സെക്‌സ് റാക്കറ്റുകള്‍ സംസ്ഥാനത്ത് സജീവമാകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
ആലുവ സ്വേദശിനിയെ സിംഗപ്പൂരിലെത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറിയ കേസിലെ മുഖ്യപ്രതി ജഗദമ്മയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. പെണ്‍കുട്ടി പരാതി നല്‍കാന്‍ വൈകിയെന്നത് കുറ്റത്തിന്റെ ഗൗരവം കുറക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥിനികളുടെ ആത്മഹത്യ:
സര്‍ക്കാറിന്റെ നിലപാടാരാഞ്ഞു
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് രണ്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട് ആരാഞ്ഞു. ഹരജിയില്‍ വിശദീകരണ പത്രിക സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി ഭവദാസന്‍ നിര്‍ദേശിച്ചു.
1996 ഒക്‌ടോബര്‍ 29ന് എം ഇ എസ് വനിതാ കോളജിലെ വിദ്യാര്‍ഥിനികളായ സുനൈന നജ്മല്‍, നിസാന എന്നിവര്‍ പരശുരാം എക്‌സ്പ്രസിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പേരാമ്പ്ര സ്വദേശി എന്‍ കെ അബ്ദുല്‍ അസീസാണ് കോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതി നിരസിച്ച് നടപടി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. ആത്മഹത്യക്ക് പിന്നില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പ്രതിയായ ശ്രീദേവി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പങ്കുണ്ടെന്നും ഹരജിയില്‍ ആരോപണങ്ങളുണ്ട്.

 

 

---- facebook comment plugin here -----

Latest