Connect with us

Kannur

സി എം പി തത്കാലം ഇടത്തോട്ടില്ല; യു ഡി എഫില്‍ ഉറച്ചുനില്‍ക്കും

Published

|

Last Updated

കണ്ണൂര്‍: തത്കാലം ഇടതുപാളയത്തിലേക്കുള്ള യാത്രയെക്കുറിച്ചാലോചിക്കാതെ യു ഡി എഫിനകത്ത് നിന്നു കൊണ്ട് തന്നെ അവഗണനക്കെതിരെ പോരാടാന്‍ കണ്ണൂരില്‍ ചേര്‍ന്ന സി എം പിയുടെ യോഗം തീരുമാനിച്ചു. നാല് മണിക്കൂറിലധികം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടിയെ യു ഡി എഫിനൊപ്പം തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചത്.
പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ ജനറല്‍ സെക്രട്ടറി എം വി രാഘവന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഏതാനും നാളുകളായി ഉയര്‍ത്തിയിരുന്ന വാദഗതികളാണ് ഇന്നലത്തെ പോളിറ്റ് ബ്യൂറോ യോഗത്തോട് കൂടി തത്കാലം മരവിപ്പിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് അടക്കമുള്ള പല കാര്യങ്ങളിലും പാര്‍ട്ടിയോട് കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായി പ്രതികരിക്കാനും സി എം പി യോഗം തീരുമാനിച്ചു. ഈ മാസം ഏഴിന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ പാര്‍ട്ടി നേരിടുന്ന അവഗണന സംബന്ധിച്ച് ശക്തമായി പരാതിപ്പെടും. എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് ചര്‍ച്ചക്കായി ആരു സമീപിച്ചാലും സഹകരിക്കുമെന്നും യോഗം ഐകകണ്‌ഠ്യേന തീരുമാനമെടുത്തു. മുന്നണിബന്ധം അവസാനിപ്പിക്കുന്നതടക്കം രാഷ്ട്രീയമായ മറ്റു തീരുമാനങ്ങള്‍ എടുക്കാന്‍ ജനറല്‍ സെക്രട്ടറി എം വി രാഘവനെ ചുമതലപ്പെടുത്തിയതായി പിന്നീട് നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കാനായി എല്ലാ പഞ്ചായത്തുകളിലും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭങ്ങള്‍ നടത്തും. ഇടതുപക്ഷത്തേതടക്കം ഏത് കക്ഷിയുമായും ഇക്കാര്യത്തില്‍ സഹകരിക്കും. ബഹുജന സമരം സംഘടിപ്പിക്കുന്നതിനായി ആറിന പരിപാടികള്‍ക്ക് രൂപം നല്‍കിയതായും നേതാക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest