Connect with us

Thiruvananthapuram

ലൈംഗിക പീഡനങ്ങളില്‍ രാജ്യം അതിവേഗം വളരുകയാണെന്ന് മല്ലികാ സാരാഭായ്‌

Published

|

Last Updated

തിരുവനന്തപുരം: സാക്ഷരതയില്‍ മുന്‍പന്തിയിലാണെങ്കിലും ലൈംഗിക പീഡനങ്ങളില്‍ രാജ്യം അതിവേഗം വളരുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലികാ സാരാഭായ്. സ്ത്രീസുരക്ഷ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമായിക്കഴിഞ്ഞു. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസിനുള്ളില്‍ പീഡനത്തിനിരയായി മരിച്ചതോടെയാണ് സ്ത്രീസുരക്ഷയെക്കുറിച്ച് രാജ്യം ചിന്തിച്ചു തുടങ്ങിയത്. ബോധവത്കരണത്തിലൂടെ മാത്രമേ പീഡനങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്താന്‍ സാധിക്കു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ ബോധവത്കരണത്തിലൂടെയോ ഉപദേശങ്ങളിലൂടെയോ പിന്തിരിപ്പിക്കാന്‍ സമൂഹത്തിലെ മാന്യന്മാരായ പുരുഷന്മാര്‍ തയ്യാറാകണം.
സാമൂഹിക ബന്ധങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. മാതാപിതാക്കള്‍ പെണ്‍കുട്ടികളോട് ചെയ്യാറുള്ളതുപോലെ തന്നെ സ്ത്രീസുരക്ഷയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും ആണ്‍കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കണം. പത്രങ്ങളിലും മറ്റും വരുന്ന മോശമായ ചിത്രങ്ങളെക്കുറിച്ച് സംസാരിച്ചശേഷം മറ്റുള്ളവര്‍ കാണാതെ അത് നോക്കുന്നവരാണ് സമൂഹത്തിലുള്ളത്. അടിച്ചമര്‍ത്തപ്പെട്ടവരും നിരാശരായവരുമാണ് സംസ്ഥാനത്തെ സ്ത്രീകള്‍. വീടുകളില്‍നിന്നു തന്നെ സ്ത്രീ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കണം. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു സമൂഹം സ്വതന്ത്ര സമൂഹമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
ഇന്ന് ശ്രീമൂലം ക്ലബില്‍ നടക്കുന്ന വിമണ്‍ വിത്ത് ബ്രോക്കണ്‍ വിംഗ്‌സ് എന്ന നൃത്ത പരിപാടിയില്‍ സ്ത്രീജീവിതത്തിന്റെ 11 ഘട്ടങ്ങളാണ് അവതരിപ്പിക്കുന്നത്. പീഡനങ്ങള്‍ എല്ലാ രാജ്യങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍ ഓരോ രാജ്യത്തെയും സംസ്‌കാരത്തിനനുസരിച്ച് പീഡനങ്ങളുടെ രീതിയില്‍ മാത്രമാണ് വ്യത്യാസമെന്ന് മല്ലികയുടെ നൃത്തത്തിന് പിയാനോ വായിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡുകാരിയായ എലിസബത്ത് സംബ്രാട്ട് പറഞ്ഞു. പെണ്‍കുട്ടിയുടെ ജനനമാണ് ആദ്യ ഭാഗത്തില്‍ അവതരിപ്പിക്കുക. ചെയ്യാവുന്ന കാര്യങ്ങളും അരുതാത്ത കാര്യങ്ങളും കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നതാണ് രണ്ടാം ഭാഗം. മൂന്നാം ഭാഗത്തില്‍ പെണ്‍കുട്ടിയെ ഒരു ഉപഭോഗ വസ്തുവായി ഉപയോഗിക്കുന്നതാണ് അവതരിപ്പിക്കുന്നത്. ഇങ്ങനെ 11 ഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന പരിപാടിയിലൂടെ ബോധവത്കരണമാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

---- facebook comment plugin here -----

Latest