Connect with us

Business

മാരുതി പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പെട്രോള്‍ കാറുകളുടെ നിര്‍മാണം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കുന്നു. മാരുതിയുടെ ഗുഡ്ഗാവ് ഫാക്ടറിയില്‍ നടക്കുന്ന നിര്‍മാണമാണ് ഇന്ന് നിര്‍ത്തിവെക്കുന്നത്. വില്‍പ്പനയിലെ കുറവാണ് നിര്‍മാണം നിര്‍ത്തിവെക്കാന്‍ കാരണമെന്ന് കമ്പനിയിലെ ഒരു ജീവനക്കാരന്‍ വ്യക്തമാക്കി.
എന്നാല്‍, ഉത്പാദനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ജീവനക്കാരന്‍ തയ്യാറായില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിലെ വില്‍പ്പനയില്‍ എട്ട് ശതമാനം കുറവ് രേഖപ്പെടുത്തിയതിനാലാണ് കമ്പനി ഇത്തരമൊരു തീരുമാനമെടുത്തത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 1.8 ശതമാനം ഇടിവാണ്് സംഭവിച്ചത്. മികച്ച വില്‍പ്പന ലക്ഷ്യമിട്ട് കമ്പനി കോടിക്കണക്കിന് രൂപയാണ് നിര്‍മാണ മേഖലയില്‍ നിക്ഷേപിച്ചിട്ടുള്ളത്. 2011- 12 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയില്‍ മുപ്പത് ശതമാനത്തോളം വളര്‍ച്ച കൈവരിക്കാനും മാരുതിക്ക് സാധിച്ചിരുന്നു. നികുതിയിനത്തിലെ വര്‍ധനവും ഇന്ധന വിലയിലെ ഉയര്‍ച്ചയുമാണ് മാരുതിക്ക് തിരിച്ചടിയായിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന അവര്‍ക്ക് നിരാശയായിരുന്നു ഫലം. അതേസമയം, സ്‌പോര്‍ട്‌സ് വാഹന വിപണിയിലെ നേരിയ ഉണര്‍വ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
അതിനിടെ, നിര്‍മാണം നിര്‍ത്തിവെക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ മാരുതിയുടെ ഓഹരി വില രണ്ട് ശതമാനം ഇടിഞ്ഞു.

Latest