Connect with us

Kannur

കണ്ണൂരില്‍ നടപ്പാക്കുന്ന 'വാത്സല്യം' പദ്ധതി എല്ലാ ജില്ലകളിലേക്കും

Published

|

Last Updated

കണ്ണൂര്‍:കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം തടയുന്നതിന് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന “വാത്സല്യം” പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. കണ്ണൂരില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ മാര്‍ഗരേഖയുടെ പ്രകാശനം ഇന്നലെ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലൈംഗിക ചൂഷണമുള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും ഇരകളായവരെ സംരക്ഷിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളുകള്‍, വിവിധ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഇതര ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂരില്‍ പദ്ധതി നടപ്പാക്കുന്നത്.ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെയും അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍, അനാഥാലയങ്ങള്‍, ആദിവാസി കോളനികള്‍ എന്നിവയാണ് “വാത്സല്യം” പദ്ധതിയുടെ പരിധിയില്‍പ്പെടുന്നത്. പദ്ധതി നടപ്പാക്കാന്‍ ഭരണ നിര്‍വഹണ സമിതിയും പ്രാദേശിക നിരീക്ഷണ സമിതികളും പുനരധിവാസത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലാതല ഉപസമിതിയും രൂപവത്കരിക്കും. ജില്ലാ കലക്ടറാണ് ഭരണ നിര്‍വഹണ സമിതിയുടെ ചെയര്‍മാന്‍. ഓരോ പഞ്ചായത്തിലും പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി പ്രാദേശിക നിരീക്ഷണ സമിതികളും രൂപവത്കരിക്കും. വനിതാ പഞ്ചായത്ത് അംഗം, സ്ഥലം എസ് ഐ എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും. ഇതിന് കീഴില്‍ ഓരോ സ്‌കൂളിലും ഉപസമിതിയും രൂപവത്കരിക്കും. മൂന്ന് മാസം കൂടുമ്പോള്‍ സമിതികളുടെ യോഗം ചേരും. അംഗങ്ങള്‍ അവരുടെ പരിധിയിലെ സ്‌കൂളുകള്‍, അനാഥാലയം, ആദിവാസി ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ കലക്ടര്‍, ചൈല്‍ഡ് ലൈന്‍ എന്നിവരെ ധരിപ്പിക്കും.സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തും. ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ചാണ് ബോധവത്കരണം നടത്തുക. മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, അശ്ലീല പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍ക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്ഥിരം റെയ്ഡിനും നിര്‍ദേശമുണ്ട്. വാഹനങ്ങള്‍, ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ഇന്റര്‍നെറ്റ് കഫേ, വീഡിയോ ലൈബ്രറികള്‍ തുടങ്ങിയവ പോലീസ് നിരീക്ഷിക്കും.18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫേകളില്‍ ക്യൂബിക്കിള്‍ അനുവദിക്കരുതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. പോര്‍ണോ ഗ്രാഫി ഡേറ്റ ഡൗണ്‍ലോഡ് കൂടുതലുള്ള കഫേകള്‍ കണ്ടെത്തി സൈബര്‍ സെല്‍ നിരീക്ഷിക്കണം. ഇത്തരം പരിശോധനകളില്‍ ലഭിച്ച കണ്ടെത്തലുകള്‍ നിരീക്ഷണ സമിതിയെ അറിയിക്കും. ഇതനുസരിച്ച് നടപടിയുമുണ്ടാകും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനവും തടയുന്നതിനുള്ള പദ്ധതികള്‍ ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യണം. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം അടക്കം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് കണ്ണൂരില്‍ നടപ്പാക്കുന്ന പദ്ധതി സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചതും എല്ലാ ജില്ലകളിലും നടപ്പാക്കാന്‍ ആലോചിച്ചതും. 

ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി തയ്യാറാക്കുന്നത്.