Connect with us

Thiruvananthapuram

മോഡിയെ അനുകൂലിച്ച കെ എം ഷാജിയുടെ നിലപാടിന് പിന്നില്‍ ഗൂഢാലോചന: പിണറായി

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും എം എല്‍ എയുമായ കെ എം ഷാജി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ച് പരസ്യ നിലപാട് സ്വീകരിച്ചതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് യാതൊരു വിധ പങ്കുമില്ലെന്നാണ് ലീഗ് നേതാവ് പറഞ്ഞത്. ഗുജറാത്തില്‍ എവിടെ നോക്കിയാലും മുസ്‌ലിംകളെ കാണാം. പിന്നെ എവിടെയാണ് വംശഹത്യയെന്നാണ് ഷാജി ചോദിച്ചത്. കലാപം തന്നെ ഉണ്ടായില്ലെന്ന് പറയാതിരുന്നത് ഭാഗ്യം. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഏത് താത്പര്യത്തെയാണ് സംരക്ഷിക്കുന്നതെന്ന സംശയം ഉയരുന്നുണ്ട്.
മുസ്‌ലിം ജനതയുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് അവകാശപ്പെടുന്ന ലീഗ് എല്ലാ കാലത്തും മുസ്‌ലിം സമ്പന്നരുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. രാജ്യത്തിനാകമാനം അപമാനകരമായ സംഭവത്തിന് നേതൃത്വം കൊടുത്ത വ്യക്തിയേയും സംഘടനയേയും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ലീഗ്. ഇത് പറഞ്ഞു വെക്കുന്നത് കലാപത്തില്‍ ആര്‍ എസ് എസിന് ഉത്തരവാദിത്വം ഇല്ലെന്നാണ്. അവിടുത്തെ ഏതാനും ആള്‍ക്കാര്‍ നടത്തിയ സംഭവമായാണ് എം എല്‍ എ അഭിപ്രായപ്പെടുന്നത്. ലീഗ് എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്ന ലീഗിന്റെ നിലപാടിനോട് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഏതിരഭിപ്രായം ഉണ്ടായിരുന്നു. മുസ്‌ലിം വിഭാഗത്തിലെ ഉത്പതിഷ്ണുക്കള്‍ തന്നെ അതിനെ എതിര്‍ത്തു. എന്നിട്ടും ആ പ്രതിമ തകര്‍ക്കപ്പെട്ടിരിക്കുന്നു. കേരളത്തിനാകെ അപമാനകരമായ സംഭവമാണിത്. അപമാനകരമായ ഈ സംഭവത്തില്‍ അഭിമാനം കൊള്ളുന്നവര്‍ ലീഗിനുള്ളില്‍ തന്നെയുണ്ട്. ആര്‍ എസ് എസിനെ കിടപിടിക്കുന്ന ശക്തികള്‍ ഒരേ തൂവല്‍ പക്ഷികളെപ്പോലെ ലീഗിനൊപ്പം നില്‍ക്കുന്നു എന്നല്ലേ ഇത് തെളിയിക്കുന്നത്. ഷാജിക്കെതിരെ ലീഗിന്റെ നേതാക്കളാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും പിണറായി പറഞ്ഞു.

 

Latest