Connect with us

Eranakulam

മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പ്‌സാക്ഷിയാകും

Published

|

Last Updated

കൊച്ചി: വാഗമണ്‍ സിമി ക്യാമ്പ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്ത മുഹമ്മദ് മന്‍സാര്‍ ഇമാം മാപ്പ് സാക്ഷിയാകും. ഹൈദരാബാദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ച മന്‍സാര്‍ ഇമാം ഇപ്പോള്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലാണ്.
വാഗമണില്‍ 2007 ഡിസംബറില്‍ നിരോധിത സംഘടനയായ സിമിയുടെ ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ മന്‍സാര്‍ അടക്കമുള്ള 30 പ്രതികള്‍ക്കെതിരെയും രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഒളിവിലായ ഇവരില്‍ ഏഴ് പേരെ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. മന്‍സാര്‍ അറസ്റ്റിലായതോടെ ഇനി ആറ് പേരെയാണ് പിടികിട്ടാനുള്ളത്. മന്‍സാറിനെ മാപ്പ് സാക്ഷിയാക്കുന്നതോടെ മറ്റു പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും ക്യാമ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് അന്വേഷണ ഏജന്‍സിയുടെ കണക്കുകൂട്ടല്‍.
ഇന്ത്യന്‍ മുജാഹിദീനുമായി ബന്ധമുണ്ടെന്ന് കരുതുന്ന മന്‍സാര്‍ ഇമാം അഹമ്മദാബാദ് സ്‌ഫോടന കേസുകളിലും പ്രതിയാണ്. വാഗമണ്ണില്‍ 2007 ഡിസംബറിലാണ് പ്രതികള്‍ സിമി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആയുധ പരിശീലന ക്യാമ്പ് നടത്തിയിരുന്നത്. സിമി പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനമാണ് മന്‍സാര്‍ ഇമാം നല്‍കിയിരുന്നത്. ഈ പ്രതിയുടെ സാന്നിധ്യത്തെ കുറിച്ച് നിരവധി സാക്ഷികള്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിരുന്നു.
ഗുജറാത്തിലെ സ്‌ഫോടനക്കേസുകളില്‍ പ്രതികളായിട്ടുള്ള ഈ കേസിലെ 20 ഓളം പ്രതികള്‍ ഇപ്പോള്‍ ഗുജറാത്ത് ജയിലുകളിലാണ്. അവിടത്തെ വിചാരണ കഴിഞ്ഞാല്‍ മാത്രമേ വാഗമണ്‍ കേസ് കൊച്ചി പ്രത്യേക കോടതിക്ക് പരിഗണിക്കാന്‍ കഴിയൂ.