Connect with us

Kozhikode

ജനജീവിതം ദുസ്സഹം

Published

|

Last Updated

കൊടുവള്ളി: നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും മൂലം ജനജീവിതം ദുസ്സഹമാകുന്നു. അരി, പച്ചക്കറി അടക്കം ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ജനം.
മത്സ്യം, മാംസം, തുടങ്ങിയവക്കും പൊള്ളുന്ന വിലതന്നെ. ജീവന്‍ രക്ഷാമരുന്നുകളടക്കം വില വാണംപോലെ കുതിക്കുകയാണ്. ആയുര്‍വേദ, ഹോമിയോ, യുനാനി, സിദ്ധമരുന്നുകള്‍ക്കും വിലകയറുമ്പോള്‍ സാധാരണക്കാരനും ഇടത്തരക്കാരനും ചികിത്സ പോലും നിഷേധിക്കപ്പെടുന്നു. വൈദ്യുതി, ജലം, ബസ് ചാര്‍ജ്, ഓട്ടോ, ടാക്‌സി നിരക്കുകളെല്ലാം വര്‍ധിപ്പിച്ചു. മാര്‍ച്ച് മാസം കൂടി വന്നതോടെ സര്‍ക്കാരിലേക്ക് നികുതികളും മറ്റും അടക്കേണ്ടവരും കൂടുതല്‍ പ്രയാസപ്പെടുകയാണ്.
കേരളീയന്റെ പ്രധാന വരുമാന സ്രോതസ്സായ നാളികേരത്തിന്റെയും മറ്റ് കാര്‍ഷികോത്പന്നങ്ങളുടെയും വില അനുദിനം ഇടിയുന്നത് നാടിനെ കൂടുതല്‍ വറുതിയിലാക്കുന്നു. നാടിന്റെ സാമ്പത്തിക ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വിദേശ ഇന്ത്യക്കാരന്റെ തൊഴിലവസരങ്ങള്‍ കുറയുന്നതും കേരളീയരുടെ ജീവിതം സങ്കീര്‍ണമാക്കുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വില ദിവസേന കുതിച്ചുയരുമ്പോള്‍ വിലനിലവാരം പിടിച്ചുനിര്‍ത്താണോ മറ്റ് ആശ്വാസ നടപടികള്‍ സ്വീകരിക്കാനോ സര്‍ക്കാര്‍ മുന്നിട്ടിറങ്ങാത്തതില്‍ കടുത്ത അമര്‍ഷമുയരുന്നുണ്ട്.
മുന്‍കാലങ്ങളില്‍ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സപ്ലൈകോ ഔട്ട് ലെറ്റുകള്‍ വഴിയും ന്യായവില ഷോപ്പുകള്‍ വഴിയും സബ്‌സിഡിനിരക്കില്‍ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്യുക പതിവായിരുന്നു.
സപ്ലൈകോയുടെ ലാഭം, നീതി, ശബരി, മാവേലി സ്റ്റോറുകള്‍ വഴി അരി, പഞ്ചസാര, മുളക്, മല്ലി, പയറുത്പന്നങ്ങള്‍ തുടങ്ങിയ നിരവധി സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്നു. അത് ജനത്തിന് തെല്ലൊരാശ്വാസവുമായിരുന്നു. എന്നാല്‍ അതെല്ലാമിപ്പോള്‍ നിലച്ച മട്ടിലാണ്. പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്നത് കടത്ത് കൂലി വര്‍ധനക്കിടയാകുകയും സാധനവില കുതിച്ചുയരാന്‍ കാരണമാകുകയും ചെയ്യുന്നു.
കൊപ്രയുടെ താങ്ങുവില ഉയര്‍ത്തിയെന്നും കൃഷിഭവന്‍ മുഖേന പച്ചത്തേങ്ങ സംഭരണം നടത്തുമെന്നും പ്രഖ്യാപനം നടത്തിയതല്ലാതെ നാളികേര വിലക്കുറവ് തടയാന്‍ ഫലപ്രദമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. നാട് കടുത്ത ദാരിദ്ര്യത്തിലേക്ക് എത്തുന്നതിന് മുമ്പായി സര്‍ക്കാരും ജനപ്രതിനിധികളം രാഷ്ട്രീയ പാര്‍ട്ടികളും പ്രശ്‌നത്തിന്റെ ഗൗരവമുള്‍ക്കൊണ്ട് ആശ്വാസ നടപടികളുമായി രംഗത്തിറങ്ങണമെന്നാവശ്യം ശക്തമായിട്ടുണ്ട്.