Connect with us

Kasargod

തലശ്ശേരി നഗരസഭ ബജറ്റ്; കുടിവെള്ളത്തിനും മാലിന്യസംസ്‌കരണത്തിനും പ്രാമുഖ്യം

Published

|

Last Updated

തലശ്ശേരി: പൈതൃക നഗരമായ തലശ്ശേരിയുടെ സുസ്ഥിര വികസനവും അടിസ്ഥാനസൗകര്യവളര്‍ച്ചയും ലക്ഷ്യമിട്ടതെന്ന് അവകാശപ്പെടുന്ന മിച്ച ബജറ്റ് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സി കെ രമേശന്‍ അവതരിപ്പിച്ചു.
കുടിവെള്ളം, ഭവനം, ഗതാഗതം, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. മുന്‍ വര്‍ഷത്തെ നീക്കിയിരിപ്പ് തുകയായ 14,70,44,468 രൂപയും ചേര്‍ത്ത് 68,62,68,468 രൂപയാണ് 2013-14 വര്‍ഷത്തെ വരവ്. 62,53,55,000 രൂപ ചെലവും കണക്കാക്കിയ ബജറ്റില്‍ 6,09,13,468 രൂപ നീക്കിയിരിപ്പായി മിച്ചമുണ്ട്. നഗരസഭ പരിധിയിലെ കുടിവെള്ള പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കിയ 41.20 കോടിയുടെ പദ്ധതിയാണ് ബജറ്റിലെ മുഖ്യയിനം. ഇത് പൂര്‍ത്തിയാവുന്നതോടെ നഗരസഭയില്‍ അവശേഷിക്കുന്ന കുടിവെള്ള പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
നഗരപരിധിയിലെ വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിട സൗകര്യം, മിനി ബൈപാസ് പൂര്‍ത്തീകരണം, പ്രധാന റോഡുകളിലെ മെക്കാഡം ടാറിംഗ്, ഖരമാലിന്യങ്ങള്‍ പൂര്‍ണമായി സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കല്‍, നഗരസഭയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ തുടങ്ങിയവയാണ് ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ആമിനാ മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ബജറ്റ് ചര്‍ച്ച ഈ മാസം 11ന് നടക്കും.

 

Latest