Connect with us

Ongoing News

വിപ്ലവ നായകന്‍ ഇനി ജനഹൃദയങ്ങളില്‍

Published

|

Last Updated

Raul+Castro

ലാസ്റ്റ് സല്യൂട്ട്- വെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് അന്തിമോപചാരമര്‍പ്പിക്കുന്ന ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ. വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് നിക്കോളാസ് മദൂറോ സമീരം.

കരാകസ്: ലോകത്തിന് വിപ്ലവത്തിന്റെ പുതു ചരിതം സമ്മാനിച്ച സമര നായകന്‍ ഹ്യൂഗോ ഷാവേസ് മരണമില്ലാത്ത ഓര്‍മകളുമായി ജന ഹൃദയങ്ങളില്‍. ജനലക്ഷങ്ങളെ സാക്ഷിയാക്കി ഷാവേസിന്റെ സംസ്‌കാരച്ചടങ്ങുകള്‍ വെനിസ്വേലന്‍ തലസ്ഥാനമായ കരാകസില്‍ നടന്നു. സോവിയറ്റ് യൂനിയന്റെ സ്ഥാപക നേതാക്കളിലൊരാളായ ലെനിനെ പോലെ ഷാവേസിന്റെ മൃതദേഹവും എംബാം ചെയ്ത് സൂക്ഷിക്കും. എംബാം ചെയ്ത മൃതശരീരം ഏഴ് ദിവസത്തെ പൊതുദര്‍ശനത്തിനായി സൈനിക മ്യൂസിയത്തിലേക്ക് കൊണ്ടുപോകും.
ഏഴ് ദിവസത്തിന് ശേഷം ശരീരം മൗണ്ടെന്‍ ബറാക്കസില്‍ സൂക്ഷിക്കുമെന്നും വിപ്ലവ മ്യൂസിയമെന്ന് ഇതിനെ വിശേഷിപ്പിക്കുമെന്നും വെനിസ്വേലന്‍ ഇടക്കാല പ്രസിഡന്റ് നിക്കോളാസ് മദുരോ അറിയിച്ചു. പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതിന് പിന്നാലെ ഇടക്കാല പ്രസിഡന്റായി മദുരോ ഔദ്യോഗികമായി ചുമതലയേറ്റുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മദുരോ വ്യക്തമാക്കിയിട്ടുണ്ട്. ഷാവേസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 55 പ്രമുഖ നേതാക്കള്‍ കാരകസില്‍ എത്തിയിരുന്നു. പ്രിയ നേതാവിന്റെ സംസ്‌കാര ചടങ്ങില്‍ സന്നിദ്ധരാകാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം പേര്‍ തലസ്ഥാന നഗരിയില്‍ സമ്മേളിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങുകള്‍ പകര്‍ത്താനായി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണിക്കിന് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്.
ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ, ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദ്, യു എസ് പ്രതിനിധി ഗ്രിഗോറി മീക്‌സ് എന്നിവരടങ്ങുന്ന പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. ലോകത്ത് സ്‌നേഹവും സമാധാനവും നീതിയും അന്വേഷിച്ചിറങ്ങിയ നേതാക്കളുടെ പ്രതീകമായി ഷാവേസ് മാറിയിരിക്കുന്നുവെന്ന് നജാദ് അറിയിച്ചു. കാരകസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest