Connect with us

National

ഗ്രാമങ്ങളിലെ ഭൂരഹിതര്‍ക്ക് വീടിന് പത്ത് സെന്റ് ഭൂമി

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീടുണ്ടാക്കാന്‍ പത്ത് സെന്റ് നല്‍കുന്ന ദേശീയ പുരയിട അവകാശ ബില്ലിന്റെ (നാഷനല്‍ ഹോംസ്റ്റെഡ് ബില്‍) അന്തിമ കരട് തയ്യാറായി. ഗ്രാമീണ മേഖലയിലെ ഭവനരഹിതര്‍ക്ക് പത്ത് മുതല്‍ പതിനഞ്ച് വരെ സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുക. വീടുണ്ടാക്കാനേ ഈ ഭൂമി ഉപയോഗിക്കാവൂ. നിരവധി സുപ്രധാന നിര്‍ദേശങ്ങളാണ് ബില്ലിന്റെ കരടിലുള്ളത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആദായ നികുതി അടക്കുന്നവര്‍, പ്രതിവര്‍ഷം 84,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നിവര്‍ക്കൊന്നും ഈ ബില്‍ പ്രകാരം ഭൂമിക്ക് അവകാശമുണ്ടായിരിക്കില്ല. ഭൂമി മറിച്ചുവില്‍ക്കാന്‍ പാടില്ലെന്നതുള്‍പ്പെടെ കര്‍ശനമായ നിര്‍ദേശങ്ങളും കരട് ബില്ലിലുണ്ട്. ഭൂമി പരമ്പരാഗതമായി കൈവശം വെക്കണം. അതിന് സാധിക്കാതെ വന്നാല്‍ സര്‍ക്കാറിന് തിരികെ നല്‍കണം. ഭൂമി അനുവദിച്ച് മുപ്പത് മാസത്തിനകം വീട് നിര്‍മാണം തുടങ്ങണമെന്നും അറുപത് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും കരട് ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഭൂമി ലഭ്യമാകുന്നവര്‍ക്ക് വീട് വെക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹായം ലഭിക്കും. അര്‍ഹരായവരെ കണ്ടെത്തേണ്ടത് ഗ്രാമ പഞ്ചായത്തുകളാണ്. കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലാണ് സര്‍ക്കാര്‍ ഭൂമി അനുവദിക്കുക. കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്ന പ്രദേശത്തിന്റെ ഒരു കിലോ മീറ്റര്‍ പരിധിയില്‍ പുരയിടം നിര്‍മിക്കണം. ഈ പരിധിക്ക് അപ്പുറത്തേക്ക് ഭൂമി നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയില്ല.

ഇത്തരക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്ത് വാങ്ങണമെന്നും ബില്ലിന്റെ കരടിലുണ്ട്. ഇത് ഏറ്റവും പ്രതിസന്ധിയിലാക്കുക കേരളത്തെയാണെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ പോലും സര്‍ക്കാറിന് മിച്ച ഭൂമിയില്ലാത്തതിനാല്‍ മിക്ക സ്ഥലത്തും സര്‍ക്കാര്‍ പണം നല്‍കി ഭൂമി വാങ്ങേണ്ടിവരും. ഇത് വന്‍ ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരളം ബില്ലിനെ എതിര്‍ക്കാനും സാധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഭൂരഹിതര്‍ക്ക് പരമാവധി മൂന്ന് സെന്റ് സ്ഥലമാണ് നല്‍കുന്നത്. നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തി

ഗ്രാമ വികസന മന്ത്രാലയവും പൊതുസമൂഹ പ്രതിനിധികളും ചേര്‍ന്നാണ് ബില്ലിന്റെ കരട് തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഏകതാ പരിഷത്ത് നേതാവ് പി വി രാജഗോപാലിന്റെ ജനസത്യഗ്രഹ യാത്രയിലാണ് ബില്‍ വേണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്നാണ് ഗ്രാമ വികസന മന്ത്രാലയം കരട് തയ്യാറാക്കിയത്. അടുത്ത മാസം ആറിന് ഹൈദരാബാദില്‍ ചേരുന്ന സംസ്ഥാന റവന്യൂ മന്ത്രിമാരുടെ യോഗത്തില്‍ കരട് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കരട് തയ്യാറാക്കാന്‍ ഗ്രാമ വികസന മന്ത്രി ജയറാം രമേശിന്റെ അധ്യക്ഷതയില്‍ മൂന്ന് തവണ യോഗം ചേര്‍ന്നിരുന്നു. രാജ്യത്ത് 31 ശതമാനം പേര്‍ ഭൂരഹിതരാണെന്ന് ബില്ലിന്റെ കരട് പറയുന്നു. ഭൂമിയുടെ അഞ്ച് ശതമാനം മാത്രമാണ് അറുപത് ശതമാനം പേരുടെ ഉടമസ്ഥതയിലുള്ളത്.

Latest