Connect with us

Kerala

ക്ഷേത്ര, ബേങ്ക് കവര്‍ച്ചാ കേസുകളിലെ മൂന്ന് പ്രതികള്‍ പിടിയില്‍

Published

|

Last Updated

ആലപ്പുഴ: നിരവധി ക്ഷേത്രമോഷണ കേസുകളിലും ബാങ്ക് കവര്‍ച്ചാ കേസുകളിലും പ്രതികളായ മൂന്ന് പേര്‍ പോലീസ് പിടിയിലായി. കൊല്ലം പെരുമണ്‍ സ്വദേശി അശോകന്‍ എന്നുവിളിക്കുന്ന ഉദയകുമാര്‍(33), ആലപ്പുഴ കലവൂര്‍ ഐ ടി സി കോളനി സ്വദേശി ഗിരീഷ്(38), കാട്ടൂര്‍ സ്വദേശി ജൂബിന്‍ എന്ന് വിളിക്കുന്ന സെബാസ്റ്റ്യന്‍(23) എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈ എസ് പി. കെ ശ്രീകുമാര്‍, നോര്‍ത്ത് സി ഐ. ജി അജയനാഥ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സപ്പോര്‍ട്ടിംഗ് ടീമിന്റെ(സിസ്റ്റ്) പിടിയിലായത്. ഇവരില്‍ സെബാസ്റ്റ്യന്‍ ബൈക്ക് മോഷണക്കേസില്‍ പിടിയിലായി നേരത്തെ റിമാന്‍ഡിലാണ്. വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 12 കിലോയോളം വരുന്ന വെള്ളി അങ്കികള്‍ ഉരുക്കി നിര്‍മിച്ച വെള്ളിക്കട്ടികള്‍ ഇവരില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബൈക്ക് മോഷണക്കേസില്‍ പിടിയിലായ സെബാസ്റ്റ്യനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നാണ് അശോകന്‍ എന്ന ഉദയകുമാറിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. കഴിഞ്ഞ എട്ട് മാസമായി ഇയാള്‍ക്ക് വേണ്ടി സൈബര്‍സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തെ വീട്ടില്‍ നിന്നാണ് ഉദയകുമാറിനെ പിടികൂടുന്നത്.
കൊല്ലം ജില്ലയിലെ ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലപ്പുഴ മണ്ണഞ്ചേരി പ്രതീകുളങ്ങര ക്ഷേത്രം, കലവൂര്‍ മാരന്‍കുളങ്ങര ക്ഷേത്രം, ആര്യാട് കൊറ്റന്‍കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളില്‍ ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി വെള്ളി അങ്കികളും ആഭരണങ്ങളും സ്വര്‍ണമാലകളും മോഷ്ടിക്കുകയായിരുന്നു.
പരമ്പരാഗതമായി സ്വര്‍ണപ്പണി ചെയ്തുവരുന്ന ഉദയകുമാര്‍ മോഷണം നടത്തിയ വെള്ളി ആഭരണങ്ങള്‍ വീട്ടില്‍ വെച്ച് ഉരുക്കി കട്ടി രൂപത്തിലാക്കി കോഴിക്കോട്ടുള്ള സ്വര്‍ണപ്പണിശാലയില്‍ വില്‍പ്പന നടത്തുകയാണ് പതിവെന്ന് നോര്‍ത്ത് സി ഐ. ജി അജയനാഥ് പറഞ്ഞു. മോഷണ മുതലുകള്‍ കോഴിക്കോട്ടെയും ആലപ്പുഴ കലവൂരിലെയും കടകളില്‍ നിന്നും കൊല്ലത്തെ ഉദയകുമാറിന്റെ വീട്ടില്‍നിന്നുമായാണ് അന്വേഷണ സംഘം കണ്ടെടുത്തത്. വിഗ്രഹാരാധനയെ പറ്റിയോ അതിനായുള്ള ആഭരണങ്ങള്‍ മോഷണം നടത്തുന്നത് പാപമാണെന്നോ നാല് വേദങ്ങളിലും പ്രതിപാദിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യുന്ന വേളയില്‍ ഉദയകുമാര്‍ പോലീസിനോട് പറഞ്ഞു. ഉദയകുമാറിനെയും ഗിരീഷിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബൈക്ക് മോഷണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സെബാസ്റ്റ്യനടക്കം മൂന്ന് പ്രതികളെയും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് നാളെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സി ഐ. അജയനാഥ് അറിയിച്ചു.

Latest