Connect with us

Kerala

കാന്തപുരത്തിന് ഖാസി ഫൗണ്ടേഷന്‍ പുരസ്‌കാരം സമര്‍പ്പിച്ചു

Published

|

Last Updated

kkd- KHASI FOUNDATION AWARD KANTHAPURAm G KARTHIKAYANIL NINNU SEEKARAIKKUNNU

ഖാസി ഫൗണ്ടേഷന്‍ പുരസ്‌കാരം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നല്‍കുന്നു

കോഴിക്കോട്: സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന മത നേതാക്കന്‍മാരുടെ പ്രസക്തി വര്‍ധിച്ചു വരികയാണെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. രാഷ്ട്രീയ നേതാക്കളേക്കാള്‍ മത, സാമുദായിക നേതാക്കള്‍ക്കാണ് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുക. തന്റെ കര്‍മം കൊണ്ട് ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഒരു സമുദായത്തിന്റെ തലപ്പത്ത് നിന്ന് കേരളത്തിലെ മൊത്തം ജനങ്ങളുടെ സാമൂഹിക, നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് കാന്തപുരമെന്നും സ്പീക്കര്‍ പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ- സാമൂഹിക- പിന്നാക്ക പരിരക്ഷാ രംഗത്തെ സേവനം മുന്‍നിര്‍ത്തി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കാന്തപുരത്തിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജന്‍മം കൊണ്ട് പിന്നാക്ക വിഭാഗമായ ഒരു സമുദായത്തെ കര്‍മംകൊണ്ട് മുമ്പിലെത്തിക്കാനുള്ള ശ്രമമാണ് കാന്തപുരം നടത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ മഹത്തരമാണ്. ഏത് സമുദായ നേതാവായാലും തനിക്ക് ലഭിച്ച സമ്പത്തും പദവിയും പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി വിനിയോഗിക്കുകയാണ് വേണ്ടത്. ഇത്തരത്തില്‍ കാന്തപുരത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
പ്രവാസികള്‍ക്കിടയിലെ സാമൂഹിക പ്രവര്‍ത്തനം മാനിച്ച് യുവ ബിസിനസുകാരന്‍ ഷാനാസ് സഹീറിനും പുരസ്‌കാരം സമ്മാനിച്ച സ്പീക്കര്‍ ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. അവാര്‍ഡ് ജേതാക്കളെ പൊന്നാടയണിയിക്കലും തൊഴിലുപകരണ റിലീഫ് വിതരണവും എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ വി ഉസ്മാന്‍കോയ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ ആലിക്കോയ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.
മാലി അംബാസഡര്‍ ഡോ. ഉസ്മാന്‍ താന്തിയ, അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, കെ സി അബു, ടി വി ബാലന്‍, എന്‍ സി അബൂബക്കര്‍, പി ദാമോദരന്‍, ഡോ. എം ജി എസ് നാരായണന്‍, കെ മൊയ്തീന്‍കോയ, കെ പി അബ്ദുല്ലക്കോയ, കെ പി ആലിക്കോയ പ്രസംഗിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മറുപടി പ്രസംഗം നടത്തി.
കലക്ടര്‍ കെ വി മോഹന്‍കുമാര്‍, അബ്ദുല്‍ അസീസ് (ദക്ഷിണഫ്രിക്ക) സംബന്ധിച്ചു. എം വി റംസി ഇസ്മാഈല്‍ സ്വാഗതവും കെ പി മമ്മത്‌കോയ നന്ദിയും പറഞ്ഞു.

Latest