Connect with us

Ongoing News

ചിട്ടപ്പെടുത്തിയ രണ്ട് ശരീരഭാഷ

Published

|

Last Updated

article-2290727-187AB2F8000005DC-923_634x398

ജയമുറപ്പിച്ച ശേഷം, ഫെര്‍ഗൂസന്റെ അനുവാദത്തോടെ മൗറിഞ്ഞോ ഫൈനല്‍ വിസില്‍ കാത്തു നില്‍ക്കാതെ ഗ്രൗണ്ട് വിടുന്നു

സര്‍ അലക്‌സാണ്ടര്‍ ചാപ്മാന്‍ ഫെര്‍ഗൂസന്‍-ബ്രിട്ടീഷ് ഫുട്‌ബോളിലെ ഇതിഹാസ പരിശീലകന്റെ പേരാണിത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ലോകഫുട്‌ബോളില്‍ ഏറ്റവും ആരാധകരും പണക്കൊഴുപ്പും തലയെടുപ്പുമുള്ള ക്ലബ്ബാക്കി മാറ്റിയത് ഈ സ്‌കോട്ടിഷ് ആണ്. പ്രായം എഴുപത്തൊന്നിലെത്തി നില്‍ക്കുന്നു. വാര്‍ധക്യ സഹജമായ കാരണങ്ങളാല്‍ പരിശീലക കുപ്പായം അഴിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബ് മാനേജ്‌മെന്റ് അദ്ദേഹത്തെ വിടാനൊരുക്കമല്ല. ഡയറക്ടര്‍ ബോര്‍ഡില്‍ ഉന്നതമായ സ്ഥാനം അദ്ദേഹത്തിന് നല്‍കുമെന്നാണ് അറിയുന്നത്. അതേസമയം, സര്‍ പദവിയാല്‍ അംഗീകരിക്കപ്പെട്ട ഈ ഫുട്‌ബോള്‍ പ്രതിഭക്ക് തുല്യം നില്‍ക്കാനൊരാളെ കണ്ടെത്തേണ്ടതുണ്ട് ക്ലബ്ബിന്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഫെര്‍ഗൂസന്റെ പിന്‍ഗാമിയെ അതീവ രഹസ്യമായി അന്വേഷിച്ചു വരികയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആ ചുമതല അലക്‌സ് ഫെര്‍ഗൂസന് തന്നെ നല്‍കിയിരിക്കുകയാണിപ്പോള്‍.
തന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഓഡിഷനിലാണിപ്പോള്‍ ഫെര്‍ഗൂസന്‍. അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളില്‍ ഒരു മുഖമുണ്ട്. ആള് പോര്‍ച്ചുഗീസ് ആണ്. ഇംഗ്ലണ്ടില്‍ വെന്നിക്കൊടി നാട്ടിയ ഫുട്‌ബോള്‍ ചാണക്യന്‍. തന്നെ ഏറ്റവുമധികം വെള്ളംകുടിപ്പിച്ച തന്ത്രശാലി – ജോസ് മൗറിഞ്ഞോ. സര്‍ ബോബി റോബ്‌സന്റെ അസിസ്റ്റന്റ് ആയി പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലും എഫ് സി പോര്‍ട്ടോയിലും സ്‌പെയിനില്‍ ബാഴ്‌സലോണ ക്ലബ്ബിനൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് മൗറിഞ്ഞോ. ഇതൊന്നുമല്ല, മൗറിഞ്ഞോയുടെ പ്രത്യേകത. ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായി മികച്ച പരിശീലകന് അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍, 2010 ല്‍ അത് കൈപ്പറ്റിയത് ജോസ് മൗറിഞ്ഞോ ആയിരുന്നു. 2002 ല്‍ എഫ് സി പോര്‍ട്ടോയുടെ ഹെഡ് കോച്ചായ മൗറിഞ്ഞോ 2003 ല്‍ ലീഗ് കിരീടവും യൂവേഫ കപ്പും പോര്‍ട്ടോക്ക് നേടിക്കൊടുത്തു. അടുത്ത സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത് പോര്‍ട്ടോയെ യൂറോപ്പിലെ രാജാക്കന്‍മാരാക്കി. 2004 മുതല്‍ ചെല്‍സിയുടെ കോച്ച്. റഷ്യന്‍ എണ്ണക്കോടീശ്വരന്‍ റൊമന്‍ അബ്രമോവിച് മൗറിഞ്ഞോയുടെ ഇഷ്ടത്തിനനുസരിച്ച് പണമൊഴുക്കി. ആദ്യ സീസണില്‍ തന്നെ മൗറിഞ്ഞോ അത്ഭുതം പ്രവര്‍ത്തിച്ചു. അമ്പത് വര്‍ഷത്തിനിടെ ചെല്‍സി ആദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്കിരീടം ഉയര്‍ത്തി. ചെല്‍സി യൂറോപ്പിലെ ശക്തിദുര്‍ഗമായി മാറിയത് ഈ കാലഘട്ടത്തിലാണ്. 2007 ല്‍ ക്ലബ്ബ് ഉടമ അബ്രമോവിചുമായി ഇടഞ്ഞ് മൗറീഞ്ഞോ ക്ലബ്ബ് വിട്ടു. 2008 മുതല്‍ 2010 വരെ ഇറ്റലിയില്‍ ഇന്റര്‍മിലാനില്‍. 2010 ല്‍ ഇന്റര്‍മിലാന് ചാമ്പ്യന്‍സ് ലീഗ് കിരീടം. ഏണസ്റ്റ് ഹാപ്പലിനും ഓട്മര്‍ ഹിറ്റ്‌സ്ഫീല്‍ഡിനും ശേഷം രണ്ട് വ്യത്യസ്ത ക്ലബ്ബുകള്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ പരിശീലകനായി മൗറിഞ്ഞോ. ഇതു തന്നെയായിരുന്നു അദ്ദേഹത്തെ പ്രഥമ ഫിഫ ബാലൊണ്‍ ഡ്യോര്‍ ബെസ്റ്റ് കോച്ച് അവാര്‍ഡിന് അര്‍ഹനാക്കിയത്. ഇപ്പോള്‍, മൗറിഞ്ഞോ റയല്‍മാഡ്രിഡിന്റെ പരിശീലകനാണ്. ആദ്യ സീസണില്‍ തന്നെ സ്പാനിഷ് കിംഗ്‌സ് കപ്പ് നേടിക്കൊടുത്ത മൗറിഞ്ഞോ അടുത്ത സീസണില്‍ ലാ ലീഗ ചാമ്പ്യന്‍പട്ടത്തിലേക്ക് റയലിനെ നയിച്ചു. ഇതത്ര ചെറിയ കാര്യമല്ല. ലോകഫുട്‌ബോള്‍ ചര്‍ച്ച ചെയ്ത ഐതിഹാസിക ടീം – സാക്ഷാല്‍ പെപ് ഗോര്‍ഡിയോളയുടെ ബാഴ്‌സലോണയെ മുട്ടുകുത്തിച്ചാണ് റയല്‍ ലീഗ് കിരീടം തിരിച്ചുപിടിക്കുന്നത്. മൗറിഞ്ഞോയുടെ വരവോടെ റയലിനുണ്ടായ കുതിപ്പ് ബാഴ്‌സക്ക് നേരിയ കിതപ്പ് സൃഷ്ടിച്ചു. ഇതാണ് പെപ് ഗോര്‍ഡിയോളക്ക് ബാഴ്‌സലോണ പരിശീലക സ്ഥാനം നഷ്ടമാക്കാന്‍ ഇടയാക്കിയ അന്തര്‍നാടകങ്ങള്‍ക്ക് കര്‍ട്ടന്‍ വലിച്ചത്. ഈ പറങ്കിപ്പടയാളി, ആള് ചില്ലറക്കാരനല്ലെന്ന് സാരം.
മൗറിഞ്ഞോയുടെ ഈ റെക്കോര്‍ഡുകള്‍ അലക്‌സ് ഫെര്‍ഗൂസനെ വശീകരിക്കുന്നതാണ്. ഇവര്‍ തമ്മില്‍, ഫുട്‌ബോള്‍ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അലക്‌സ് ഫെര്‍ഗൂസന്റെ ഓഫീസിലേക്ക് ഏത് പാതിരാത്രിയിലും കയറിവരാന്‍ അവകാശമുള്ളവരില്‍ ഒരാളാണത്രെ മൗറിഞ്ഞോ. ഇതെല്ലാം കൂട്ടിവായിച്ചിട്ടാണ്, പാശ്ചാത്യമാധ്യമങ്ങള്‍ മാഞ്ചസ്റ്ററിന്റെ അടുത്ത കോച്ച് മൗറിഞ്ഞോയാണെന്ന് വെച്ച് കാച്ചിയത്.
ഇതേക്കുറിച്ച് മാധ്യമപ്പട, നടപ്പ് സീസണിന്റെ തുടക്കത്തില്‍ തന്നെ അലക്‌സ് ഫെര്‍ഗൂസനോട് ചോദിച്ചു: മൗറീഞ്ഞോ താങ്കളുടെ പിന്‍ഗാമിയായി വരുമോ?
അ.ഫെ: അദ്ദേഹം കഴിവുള്ള വ്യക്തിയാണ്. മികച്ച റെക്കോര്‍ഡുകള്‍ക്കുടമ.
വരികള്‍ക്കിടയില്‍ നിന്ന് റിപ്പോര്‍ട്ടുണ്ടാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍ വെണ്ടക്ക നിരത്തി – മൗറിഞ്ഞോ മാഞ്ചസ്റ്ററിലേക്ക് !
രണ്ട് ദിവസത്തിനകം മൗറിഞ്ഞോ സ്‌പെയിനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍പ്പെട്ടു.
മാധ്യ: കേട്ടതെല്ലാം ശരിയാണോ ?
മൗ: റയലില്‍ മാത്രമാണ് ശ്രദ്ധ. മറ്റ് കാര്യങ്ങള്‍ അറിയില്ല.
വീണ്ടും വെണ്ടക്ക – മൗറിഞ്ഞോ റയലില്‍ തുടരും.
അലക്‌സ് ഫെര്‍ഗൂസന്‍ ഇടപെട്ടു. മൗറിഞ്ഞോയെക്കാള്‍ താന്‍ പരിഗണിക്കുന്നത് ഡേവിഡ് മോയസിനെയാണ്. എവര്‍ട്ടന്റെ പരിശീലകനാണ് മോയസ്. ഇംഗ്ലണ്ടിലെ വന്‍ ക്ലബ്ബുകള്‍ക്കെതിരെ ശരാശരി നിരയുമായി മോയസ് നടത്തുന്ന പോരാട്ടത്തെ കുറിച്ചും എവര്‍ട്ടന്റെ സ്ഥിരതയെക്കുറിച്ചും ഫെര്‍ഗൂസന്‍ വാചാലനായി. അതോടെ മൗറിഞ്ഞോ-മാഞ്ചസ്റ്റര്‍ അഭ്യൂഹം അവസാനിച്ചു.
ഇത്തവണ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍യുനൈറ്റഡ്-റയല്‍മാഡ്രിഡ് പോരാട്ടത്തിന് വഴിയൊരുങ്ങിയതോടെ ചിത്രം വീണ്ടും മാറി. അഭ്യൂഹങ്ങളുടെ നിരയിലേക്ക് മറ്റൊരു കഥാപാത്രവും ചേക്കേറി. സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിന്റെ തട്ടകമായ ബെര്‍നാബുവില്‍ ഫെബ്രുവരി 13ന് നടന്ന ആദ്യ പാദത്തില്‍ മാഞ്ചസ്റ്ററിനെതിരെ ക്രിസ്റ്റ്യാനോ ഹെഡ്ഡര്‍ ഗോള്‍ നേടി. പക്ഷേ, ഗോള്‍ ആഘോഷിച്ചില്ല. കൂട്ടുകാര്‍ തന്നെ പ്രകീര്‍ത്തിക്കാനെത്തിയപ്പോള്‍ വലിയ താത്പര്യം കാണിക്കാതെ ക്രിസ്റ്റ്യാനോ കിക്കോഫ് പോയിന്റിലേക്ക് മടങ്ങുകയാണ് ചെയ്തത്. മൗറിഞ്ഞോയും വലിയ ആഹ്ലാദം പ്രകടിപ്പിച്ചില്ല.
മത്സരശേഷം പ്രസ്മീറ്റില്‍ മൗറിഞ്ഞോ എതിര്‍ടീമിനെ ആക്രമിച്ചില്ല (എതിര്‍ ടീമിനെയും കോച്ചിനെയും ആക്രമിക്കുന്ന മൗറിഞ്ഞോ രീതിയില്‍ മാറ്റം!). മത്സരം കഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്റര്‍ തന്നെയാണ് ജയിച്ചു നില്‍ക്കുന്നത്. ഇത്ര മാത്രമാണ് മൗറിഞ്ഞോ പറഞ്ഞത് (ശരിയാണ് 1-1 സ്‌കോറില്‍ എവേ ഗോളിന്റെ മുന്‍തൂക്കം മാഞ്ചസ്റ്ററിന് തന്നെയായിരുന്നു).

cr7_2501392b

ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം

പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദം മാര്‍ച്ച് അഞ്ചിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍. മൗറിഞ്ഞോ തന്റെ ടീമുമായി ഒരു ദിവസം മുമ്പെ ലണ്ടനില്‍ എത്തി. മാഞ്ചസ്റ്ററിലെ മറ്റൊരു ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്രൗണ്ടിലായിരുന്നു പരിശീലനം നടത്തിയത്. എന്തിനായിരുന്നു ഇത്ര നേരത്തെ മൗറിഞ്ഞോ മാഞ്ചസ്റ്ററിലെത്തിയത്?. ടീമിന്റെ ഒരുക്കം ഗംഭീരമാക്കാനെന്നായിരുന്നു മൗറിഞ്ഞോ വൃത്തത്തിന്റെ മറുപടി. പരീക്ഷക്ക് തലേന്ന് ഉറക്കമിളച്ചിരുന്ന്‌ന് പഠിച്ചാല്‍ റാങ്ക് വാങ്ങാന്‍ പറ്റുമോ എന്നൊരു മറുചോദ്യമാണ് ഉന്നയിക്കേണ്ടിയിരുന്നത്.
നേരത്തെ എത്തിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള ചര്‍ച്ചക്കായിരുന്നുവെന്ന് സൂചനയുണ്ട്. ഓള്‍ഡ് ട്രഫോര്‍ഡില്‍ മത്സരത്തിനായെത്തുമ്പോള്‍ മൗറിഞ്ഞോയുടെയും ക്രിസ്റ്റ്യാനോയുടെയും ശരീരഭാഷ അത്ഭുതപ്പെടുത്തി. എന്തൊരു മിതത്വം. മൗറീഞ്ഞോ അനുസരണയുള്ള കുട്ടിയെ പോലെ കളി കണ്ടിരുന്നു. ഗ്രൗണ്ടിലിറങ്ങിയ ക്രിസ്റ്റ്യാനോയെ പരിചയപ്പെടുത്തുന്ന ആനൗണ്‍സ്‌മെന്റ് : നമ്മുടെ അവിസ്മരണീയ സിആര്‍7 ഇതാ എത്തിയിരിക്കുന്നു. അതി വൈകാരികമായിരുന്നു, ക്രിസ്റ്റ്യാനോക്ക് ആ നിമിഷം. തന്നെ ലോകോത്തര താരമാക്കിയ തട്ടകവും ആള്‍ക്കാരും കണ്‍മുന്നില്‍.
റൂണിയെ പുറത്തിരുത്തി ഏവരെയും ഞെട്ടിച്ച അലക്‌സ് ഫെര്‍ഗൂസന്‍ റോബിന്‍ വാന്‍ പഴ്‌സിയെയും വെല്‍ബെക്കിനെയും മുന്നണിയില്‍ നിര്‍ത്തി, പ്രതിരോധ ഗെയിം പ്ലാന്‍ ചെയ്തു. കൗണ്ടര്‍ അറ്റാക്കിംഗ് ആയിരുന്നു മാഞ്ചസ്റ്ററിന്റെ പദ്ധതി.
നാല്‍പ്പത്തെട്ടാം മിനുട്ടില്‍ നാനിയുടെ ഷോട്ട് സെര്‍ജിയോ റാമോസിന്റെ കാലില്‍ തട്ടി വലയിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-0ന് മുന്നില്‍. റയല്‍ ഇനി തിരിച്ചുവരില്ല. മാഞ്ചസ്റ്റര്‍ പിടിമുറുക്കി. മത്സരഫലം നിര്‍വചിക്കപ്പെട്ടു-മാഞ്ചസ്റ്റര്‍ ക്വാര്‍ട്ടറിലേക്ക്. എന്നാല്‍, അവിചാരിതമായി നാനിക്ക് റെഡ്കാര്‍ഡ്. പന്തെടുക്കാന്‍ ഉയര്‍ന്ന് ചാടിയ നാനിയുടെ ചവിട്ടേറ്റ് റയല്‍ താരം റൗള്‍ ആല്‍ബിയോള്‍ നിലം പതിച്ചതാണ് വിവാദ സംഭവം. നാനി മനപ്പൂര്‍വം ചെയ്തതല്ലെന്ന് വ്യക്തം. തുര്‍ക്കി റഫറി കുനിറ്റ് സാക്കിര്‍ മാഞ്ചസ്റ്ററിന് വില്ലനായി. ഫെര്‍ഗൂസന്‍ ഇരിപ്പിടത്തില്‍ നിന്ന് തല്ലാനെന്ന വണ്ണം എഴുന്നേറ്റോടി വന്നു. ഒഫിഷ്യലുകളെ ചീത്ത വിളിച്ചു. 59ാം മിനുട്ടില്‍ ആര്‍ബലോവയെ പിന്‍വലിച്ച് ക്രൊയേഷ്യന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിചിനെ മൗറിഞ്ഞോ രംഗത്തിറക്കി. എന്തുകൊണ്ട് താന്‍ വലിയൊരു ടാക്ടീഷ്യനാകുന്നുവെന്ന് മൗറിഞ്ഞോ തെളിയിച്ചു ഈ സബ്സ്റ്റിറ്റിയൂഷനിലൂടെ. 66ാം മിനുട്ടില്‍ മോഡ്രിച് ഡി സര്‍ക്കിളിന് പുറത്ത് വെച്ച് ലോംഗ് റേഞ്ച് ഗോള്‍ നേടി ഞെട്ടിച്ചു. ഈ ഗോള്‍ വീഴുമ്പോള്‍ മൗറിഞ്ഞോ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയെ കളത്തിലിറക്കാനുള്ള ഒരുക്കത്തിലായിരുന്നു.
ഗോള്‍ വീണ സ്ഥിതിക്ക് ബെന്‍സിമയെ മടക്കിയയച്ചു. ഇതിനിടെ കക്ഷി അലക്‌സ് ഫെര്‍ഗൂസനെ സമാധാനിപ്പിക്കുന്നതും കണ്ടു (ഇതൊന്നും വാശിയേറിയ മത്സരത്തിനിടെ സംഭവിക്കാറില്ല!). രണ്ട് മിനുട്ടിനുള്ളില്‍ ക്രിസ്റ്റ്യാനോയുടെ ഗോളില്‍ റയല്‍ മുന്നില്‍. ക്രിസ്റ്റ്യാനോ ഗോള്‍ ആഘോഷിച്ചില്ല എന്ന് മാത്രമല്ല, മുന്‍ ക്ലബ്ബിന്റെ ആരാധകരൊട് ക്ഷമ ചോദിക്കുന്ന മട്ടില്‍ പെരുമാറി. മൗറീഞ്ഞോ തന്റെ കളിക്കാരോട് ഗോള്‍ ആഹ്ലാദം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതും കാണാമായിരുന്നു. മത്സരം അവസാനിക്കും മുമ്പ് ഫെര്‍ഗൂസന് ഹസ്തദാനം ചെയ്ത് മൗറിഞ്ഞോ കളം വിട്ടതും ശ്രദ്ധേയം.
പ്രശ്‌നക്കാരന്‍ എന്ന ഇമേജുള്ള മൗറിഞ്ഞോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി വരേണ്ടതില്ലെന്ന് ബോബി ചാള്‍ട്ടനെ പോലുള്ള മാഞ്ചസ്റ്റിന്റെ ഇതിഹാസ താരങ്ങള്‍ വാശി പിടിച്ചു നില്‍ക്കുകയാണ്. ഈയൊരു പെരുമാറ്റത്തിലൂടെ മൗറിഞ്ഞോ ഇമേജ് നന്നാക്കി. ക്രിസ്റ്റ്യാനോ നടത്തിയത് മറ്റൊരു നാടകം. ജയം-തോല്‍വി എന്നതിലുപരി വലിയൊരു മാനം തന്നെ മാഞ്ചസ്റ്റര്‍-റയല്‍ പോരാട്ടത്തിനുണ്ടായിരുന്നു.
റൂണിയെ ഫസ്റ്റ് ഇലവനില്‍ ഇറക്കാതിരുന്നതിന് ഫെര്‍ഗൂസനെതിരെ വിമര്‍ശമുയര്‍ന്നു. മൗറിഞ്ഞോ ഇടപെട്ടു: എനിക്കോ, നിങ്ങള്‍ക്കോ അതിനുള്ള അര്‍ഹതയില്ല. ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് സര്‍ അലക്‌സ് ഫെര്‍ഗൂസന്‍. അത് മറക്കരുത് !

ഫൈനല്‍ വിസില്‍: ഇതാ വാര്‍ത്ത വന്നിരിക്കുന്നു…ക്രിസ്റ്റ്യാനോയെ സ്വന്തമാക്കാന്‍ ഫണ്ട് തന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍യുനൈറ്റഡ് നൈക്കിയുടെ മുന്നിലെത്തിയിരിക്കുന്നു. റൂണിയെ വില്‍ക്കാനുണ്ട് എന്ന ബോര്‍ഡ് എഴുതിക്കൊണ്ടിരിക്കുകയാണത്രെ.