Connect with us

Thiruvananthapuram

അടിയന്തര നടപടിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

Published

|

Last Updated

തിരുവനന്തപുരം: കൊല്ലം ചവറയില്‍ ലേബര്‍ അക്കാദമി സ്ഥാപിക്കുന്നതിന് നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പണമെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായ എ സി ജോസ് പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
പെന്‍ഷന്‍ ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കേന്ദ്ര ആനുകൂല്യങ്ങള്‍ പോലും ലഭ്യമാക്കാന്‍ സംസ്ഥാന തൊഴില്‍ വകുപ്പ് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന തൊഴില്‍ വകുപ്പ് നിര്‍ജീവമാണ്. ക്ഷേമനിധി ബോര്‍ഡുകളുടെതടക്കം എല്ലാ രംഗത്തും നിഷ്‌ക്രിയത്വം നിലനില്‍ക്കുകയാണ്.
പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ രണ്ട് വര്‍ഷമായി കെട്ടിക്കിടക്കുന്നു. ചവറയില്‍ ലേബര്‍ അക്കാദമി സ്ഥാപിക്കാന്‍ ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് തുക എടുക്കുകയാണെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കും. ക്ഷേമനിധി ബോര്‍ഡിനെ സംബന്ധിച്ചും നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങളെ സംബന്ധിച്ചും പരിഹാരത്തിന് അടിയന്തര നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തില്‍ സോളമന്‍ അലക്‌സ്, വി സി ആന്റണി ബാബു, ടി വി പുരം രാജ, അഡ്വ. കെ എക്‌സ് സേവ്യര്‍ പങ്കെടുത്തു.