Connect with us

Kottayam

പി സി ജോര്‍ജിനെ കുടുക്കാന്‍ ആസൂത്രിത ശ്രമമെന്ന് ആരോപണം

Published

|

Last Updated

കോട്ടയം: ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനെ കുടുക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് എരുമേലി സ്വദേശിനി അച്ചാമ്മ.
കെ ആര്‍ ഗൗരിയമ്മ കഴിഞ്ഞ ദിവസം ജോര്‍ജിനെതിരെ ആരോപണം ഉന്നയിച്ച സംഭവത്തിലെ പരാതിക്കാരിയായിരുന്നു ഇവര്‍. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍പ്പെട്ട ചിലരാണ് ജോര്‍ജിനെ കുടുക്കാന്‍ ആസൂത്രിതശ്രമം നടത്തുന്നത്. ഇപ്പോഴത്തെ ആരോപണങ്ങളും ഇതിന്റെ ഫലമാണ്. തൊടുപുഴയിലെ വിന്‍സെന്റ്, ജോയി എന്നീ പ്രവര്‍ത്തകര്‍ ജോര്‍ജിനെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തന്നെ സമീപിച്ചിരുന്നു. പ്രതിഫലമായി 20 ലക്ഷം രൂപ നല്‍കാമെന്നാണ് ഇവര്‍ അറിയിച്ചത്.
മന്ത്രി പി ജെ ജോസഫ് ചെയര്‍മാനായ തൊടുപുഴയിലെ ഗാന്ധിജി സ്റ്റഡി സെന്റര്‍ ജനറല്‍ സെക്രട്ടറി മത്തച്ചന്‍ പുരക്കല്‍ എന്നയാളുടെ ബന്ധുവാണ് ജോയി. ജോര്‍ജിന്റെ മകനും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഷോണ്‍ ജോര്‍ജിന്റെ വിവാഹ ആലോചനകള്‍ നടന്ന 2007ല്‍ ജോയി 15 ലക്ഷം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചിരുന്നതായും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അച്ചാമ്മ വെളിപ്പെടുത്തി.
ജോര്‍ജിനെതിരെ കേസ് കൊടുത്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്നും അച്ചാമ്മ പറഞ്ഞു. തന്നെ നിയമസഭയില്‍ കണ്ടുവെന്ന കെ ആര്‍ ഗൗരിയമ്മയുടെ പ്രസ്താവന പച്ചക്കള്ളമാണ്. ദൈവത്തിനു നിരക്കാത്ത വര്‍ത്തമാനമാണ് ഗൗരിയമ്മയുടെത്.
തന്നെയും കുടുംബത്തെയും വേട്ടയാടുന്ന ചില മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. ഇതിനിടെ പൊതുജനമധ്യത്തില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ കേരള കോണ്‍ഗ്രസില്‍ ചിലര്‍ ഗൂഢാലോചന നടത്തുവെന്ന കാര്യം പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെ പി സി ജോര്‍ജ് ധരിപ്പിച്ചതായും അറിയുന്നു.