Connect with us

Kannur

ബിറ്റിക്ക് ബിരുദം: സര്‍വകലാശാലയിലും കോളജിലും പോലീസ് റെയ്ഡ്‌

Published

|

Last Updated

കണ്ണൂര്‍: ബിറ്റി മൊഹന്തിക്ക് ആള്‍മാറാട്ടത്തിലൂടെ ബിരുദാനന്തര ബിരുദവും പാസ്‌പോര്‍ട്ടും നേടിക്കൊടുത്ത ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ്. കണ്ണൂര്‍ സര്‍വകലാശാലാ മാങ്ങാട്ടുപറമ്പ് ആസ്ഥാനത്തും ചാല ചിന്‍ടെക് കോളജിലും കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. കേസന്വേഷണത്തിനായി നിയോഗിക്കപ്പെട്ട സ്‌ക്വാഡിലെ അഡീഷണല്‍ എസ് ഐ. ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടങ്ങളില്‍ റെയ്ഡ് നടത്തിയത്.
രാഘവ്‌രാജ് എന്ന പേരില്‍ ബിറ്റി എം ബി എ നേടിയത് ചാല ചിന്‍ടെക് കോളജില്‍ നിന്നായിരുന്നു. പഠന വേളയില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ സാധുതാ പരിശോധനയാണ് നടത്തിയതെന്നറിയുന്നു. സായി കേന്ദ്രം അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ചിന്മയയില്‍ ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. 2006ല്‍ പരോളിലിറങ്ങി മുങ്ങിയ ശേഷം 2009 വരെ ബിറ്റി ആന്ധ്ര പുട്ടപര്‍ത്തിയിലെ സായി കേന്ദ്രത്തില്‍ അന്തേവാസിയായിരുന്നു. ഇതിന്റെ വിശദാംശത്തിനായി കണ്ണൂര്‍ പോലീസ് സായി കേന്ദ്രം പ്രവര്‍ത്തിക്കുന്ന അനന്തപൂര്‍ ജില്ലയിലെ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രാഘവ്‌രാജ് എന്ന പേരില്‍ പാസ്‌പോര്‍ട്ട് സമ്പാദിക്കാന്‍ നടത്തിയ ഇടപെടലുകളാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ അന്വേഷിച്ചത്. ഇവിടങ്ങളില്‍ നിന്ന് ചില രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ നാട്ടിലടക്കം കര്‍ശനമായ പോലീസ് അന്വേഷണം നടത്തിയാണ് പാസ്‌പോര്‍ട്ട് അനുവദിക്കാറുള്ളതെന്നിരിക്കേ ബിറ്റിക്ക് എങ്ങനെ പാസ്‌പോര്‍ട്ട് ലഭിച്ചുവെന്നത് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട് . കേരളത്തില്‍ കഴിയവെ കണ്ണൂരിലെ കോളജില്‍ പഠിക്കുകയും കണ്ണൂര്‍ വാഴ്‌സിറ്റിയില്‍ നിന്ന് എം ബി എ ബിരുദം നേടുകയും ചെയ്തിരുന്നു. പഠനം നടത്തിയ ചിന്മയ കോളജില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. പിന്നീട് പൊതുമേഖലയിലുള്ള സ്റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂറില്‍ പരീക്ഷ എഴുതി ജോലി നേടി. ഇതിനൊക്കെ പുറമെയാണ് പാസ്‌പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും സംഘടിപ്പിച്ചത്. ഒഡീഷയിലെ മുന്‍ ഡി ജി പി. ബി ബി മൊഹന്തിയുടെ മകനായ ബിറ്റിക്ക് ഇതെല്ലാം നേടാന്‍ പിതാവിന്റെ സഹായം ലഭിച്ചിരുന്നോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. അന്വേഷണം ഈ തലങ്ങളിലേക്കും നീളും.
എസ് ബി ടിയുടെ മാടായി ശാഖയില്‍ പ്രൊബേഷണറി ഓഫീസറായി ജോലി ചെയ്യുമ്പോള്‍ ബേങ്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു യുവതിയോട് ബിറ്റി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ബേങ്കിലെ സഹപ്രവര്‍ത്തകരില്‍ നിന്നും മറ്റും അകലം പാലിച്ചിരുന്ന ബിറ്റി ഈ യുവതിയുമായി മിക്കപ്പോഴും സംസാരിച്ചിരുന്നു. തന്റെ പിതാവ് ഡി ജി പിയാണെന്ന് ഇയാള്‍ യുവതിയോട് വെളിപ്പെടുത്തിയിരുന്നുവെന്നും അറിയുന്നു. ബിറ്റിയെക്കുറിച്ച് ഊമക്കത്തിലൂടെ ബേങ്ക് അധികൃതര്‍ക്ക് വിവരം നല്‍കിയത് യുവതിയുമായി ബന്ധപ്പെട്ട ആരോ ആണെന്നും സംശയിക്കുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ രണ്ട് കത്തുകളാണ് ബേങ്ക് അധികൃതര്‍ക്ക് ലഭിച്ചിരുന്നത്.

Latest