Connect with us

Thiruvananthapuram

കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: അശാസ്ത്രീയമായ നികുതി നിര്‍ണയ നിര്‍ദേശങ്ങള്‍ ഒഴിവാക്കി 2011 കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും) ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഉടമകള്‍ക്കുണ്ടായ അധിക ബാധ്യതകളും കെട്ടിട ഉടമകള്‍ നല്‍കുന്ന റിട്ടേണ്‍ ഫോറത്തിലെ സങ്കീര്‍ണ്ണതകളും ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയിലാണ് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ഇന്നലെ ഒപ്പ് വെച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും.
വസ്തു നികുതി പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട് നികുതി ദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോറം അത്യാവശ്യ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ലഘൂകരിച്ചു. അനുവദിക്കപ്പെട്ട സമയ പരിധിക്കകം വസ്തു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത കെട്ടിട ഉടമകള്‍ ആദ്യത്തെ 10 ദിവസത്തെ കാലയളവിന് 50 രൂപയും തുടര്‍ന്നുള്ള 30 ദിവസം വരെ 100 രൂപയും പിന്നീട് സമര്‍പ്പിക്കുന്നതുവരെ ദിവസം 10 രൂപ വീതവുമാണ് പിഴ നല്‍കേണ്ടത്. ചുമരിന്റെ നിര്‍മിതി കണക്കാക്കി നികുതി വര്‍ധന നിശ്ചയിച്ചിരുന്ന രീതിയും കൗണ്‍സില്‍ നിശ്ചയിക്കുന്ന ഒന്നാംതരം റോഡില്‍ നിന്ന് പ്രവേശന മാര്‍ഗമുള്ള കെട്ടിടങ്ങള്‍ക്ക് 30 ശതമാനം വര്‍ധന വരുത്തുന്ന വ്യവസ്ഥയും റദ്ദാക്കി. ഒന്നര മീറ്ററില്‍ കുറവ് വഴിയുള്ളവര്‍ക്ക് 10 ശതമാനവും പൊതുവഴിയില്ലാത്തവര്‍ക്ക് 20 ശതമാനവും നികുതിയിളവ് ലഭിക്കും. കെട്ടിടത്തിന്റെ ഉപയോഗത്തിന്റെ സ്വഭാവം അനുസരിച്ചുള്ള നികുതി വര്‍ധന ഒഴിവാക്കി.
വസ്തുനികുതി പരിഷ്‌കരണം സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് 2011 ജനുവരിയില്‍ കൊണ്ടുവന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്. 1994നുശേഷം കേരളത്തിലെ നഗരസഭകളില്‍ വസ്തുനികുതി പുനര്‍നിര്‍ണയം നടത്തിയിട്ടില്ല. കെട്ടിട ഉടമകള്‍ക്ക് ഭാരമാകാത്ത വിധം നഗരസഭകളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ ചട്ട ഭേദഗതിയിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Latest