Connect with us

Kozhikode

തിരുവണ്ണൂര്‍ സംഘര്‍ഷം: സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

കോഴിക്കോട്:തിരുവണ്ണൂര്‍ ബൈപ്പാസ് ജംഗ്ഷനില്‍ പോലീസിന്റെ ഹെല്‍മറ്റ് പരിശോധനക്കിടെ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. അതേസമയം, ഞായറാഴ്ച രാത്രി പന്നിയങ്കരയില്‍ നടന്ന അക്രമത്തിന് പിന്നില്‍ ബാഹ്യ ശക്തികളുടെ ഇടപെടലുണ്ടായതായി കലക്ടര്‍ പറഞ്ഞു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചാണ് ആക്രമണം. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയോ ജില്ലാ ഭരണകൂടത്തിന്റെയോ അഭ്യര്‍ഥന പോലും അംഗീകരിക്കാതെയാണ് ഒരു കൂട്ടം ആളുകള്‍ അക്രമം നടത്തിയതെന്നും കലക്ടര്‍ പറഞ്ഞു. യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പന്നിയങ്കര എസ് ഐ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കലക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. യുവാക്കളുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പന്നിയങ്കരയിലും തിരുവണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക അക്രമമാണ് അരങ്ങേറിയത്. സംഘര്‍ഷം നേരിടുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ ലാത്തിച്ചര്‍ജിലും ചിലര്‍ നടത്തിയ കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതിനെ തുടര്‍ന്ന് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ സര്‍വക്ഷി യോഗം വിളിച്ചത്. മജിസ്‌ട്രേറ്റ്തല അന്വേഷണവും എസ് ഐയെ സസ്‌പെന്‍ഡ് ചെയ്യലും കൂടാതെ പോലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, പന്നിയങ്കരയിലെ അക്രമത്തിന് പിന്നില്‍ ഏതെങ്കിലും സംഘടനകള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുക, മരിച്ച അരക്കിണര്‍ സ്വദേശി പറമ്പത്ത് കോവില്‍ ഹരിദാസന്റെ മകന്‍ രാജേഷ്, നല്ലളം സ്വദേശി ചെമ്മളശേരി പനയങ്കി വേലായുധന്റെ മകന്‍ മഹേഷ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം (25 ലക്ഷം രൂപ) നല്‍കുക, അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, പോലീസ് പിടിയിലായ നിരപരാധികളെ വിട്ടയക്കുക, ഒളിഞ്ഞുനിന്നുള്ള പോലീസിന്റെ വാഹനപരിശോധന അവസാനിപ്പിക്കുക, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന ആക്രമണവും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ആഴ്ച സ്വകാര്യ ബസിലെ കണ്ടക്ടറായ ഒഴുക്കര പാലക്കോട്ടുവയല്‍ കിഴക്കേടത്ത് ജയാനന്ദന്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുക എന്നീ ആവശ്യങ്ങളാണ് സര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ യോഗം തീരുമാനിച്ചതെന്ന് കലക്ടര്‍ പറഞ്ഞു. പോലീസുകാര്‍ റോഡില്‍ ഒളിഞ്ഞ് നിന്നുകൊണ്ട് ഹെല്‍മറ്റ് പരിശോധന നടത്തരുത്. ഹെല്‍മറ്റിടാത്ത ബൈക്ക് യാത്രക്കാരെ പിന്തുടര്‍ന്ന് പോലീസ് പിടിക്കേണ്ടെന്ന് ഹൈക്കോടതിയുടെ ഉത്തരവുളളതാണെന്നും കലക്ടര്‍ പറഞ്ഞു.

എന്നാല്‍ ഹെല്‍മറ്റ് വേട്ടക്കിടെയാണ് രണ്ട് യുവാക്കള്‍ മരണപ്പെട്ടതെന്ന ആരോപണം ശരിയല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ഹെല്‍മറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ട് സംഭവ ദിവസം പന്നിയങ്കര പോലീസില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പോലീസിന്റെ ഇടപെടലില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കും. സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന കലക്ടറുടെ അഭിപ്രായം അദ്ദേഹവും ശരിവെച്ചു.
എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, എളമരം കരീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ആര്‍ ഡി ഒ രമാദേവി, ഡി സി സി പ്രസിഡന്റ് കെ സി അബു, സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ ചന്ദ്രന്‍ മാസ്റ്റര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍, ബി ജെ പി ജില്ലാ പ്രസിഡന്റ് പി രഘുനാഥ്, കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.