Connect with us

Gulf

മോശം കൂട്ടുകെട്ടിനെതിരെ ദേശീയ കാമ്പയിന് തുടക്കമായി

Published

|

Last Updated

ദുബൈ: യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കൊള്ളരുതാത്ത കൂട്ടുകെട്ടുകള്‍ക്കെതിരെ കാമ്പയിന്‍ തുടങ്ങി. “അരുത്, മോശം കൂട്ടുകെട്ട്” എന്ന പ്രമേയവുമായുള്ള കാമ്പയിന്റെ ഉദ്ഘാടനം ദുബൈ മാളില്‍ നടന്ന ചടങ്ങില്‍ ദുബൈ പോലീസ് മേധാവി ലഫ്. ജനറല്‍ ളാഹി ഖല്‍ഫാന്‍ അല്‍ തമീം നിര്‍വഹിച്ചു.
മോശം കൂട്ടുകെട്ടിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പുതുതലമുറക്ക് ബോധവത്കരണം നല്‍കും. വ്യക്തിക്കും സമൂഹത്തിനും ഇത്തരം കൂട്ടുകെട്ടുകള്‍ വരുത്തുന്ന നഷ്ടങ്ങളെ കുറിച്ചും യുവാക്കള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും വ്യാപകമായ പ്രചരണം നടത്താനാണ് നീക്കം. എന്റെ ചങ്ങാതി എന്ന പേരില്‍ ലഘുലേഖ ഇതിനായി പുറത്തിറക്കിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളിലൂടെ കുട്ടികള്‍ക്കിടയില്‍ പ്രചാരണം സംഘടിപ്പിക്കും. മസ്ജിദുകളിലൂടെയും വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെയും പ്രചാരണം നടത്തും.
ആഭ്യന്തര മന്ത്രാലയം, ദുബൈ പോലീസ്, സാമൂഹ്യക്ഷേമ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ദുബൈ ഇസ്‌ലാമിക് അഫയേര്‍സ് ഡിപ്പാര്‍ട്‌മെന്റ്, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, അജ്മാന്‍ വിദ്യാഭ്യാസ മേഖല തുടങ്ങി 28ഓളം ഗവ. സ്ഥാപനങ്ങളാണ് കാമ്പയിനുമായി സഹകരിക്കുന്നത്.
ചടങ്ങില്‍ ദുബൈ എജ്യുക്കേഷന്‍ സോണ്‍ ഡയറക്ടര്‍ ഡോ. അഹ്മദ് ഈദ് അല്‍ മന്‍സൂരി, അബ്ദുറഹ്മാന്‍ മുഹമ്മദ് റാഫ്, ഇബ്രാഹിം സാലെ, അഹ്മദ് താനി മത്‌റൂഷി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.