Connect with us

Gulf

മഅദനി പ്രശ്‌നം മുന്‍വിധിയോടെയല്ല സമീപിച്ചത്: കെ കെ ഷാഹിന

Published

|

Last Updated

ദുബൈ:അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെട്ട കേസിനെ മുന്‍വിധിയോടെയല്ല സമീപിച്ചതെന്നും ഓരോ സംഭവവും റിപോര്‍ട്ട് ചെയ്യാനായി പോവുമ്പോഴും അവിടെ എത്തി കാര്യങ്ങള്‍ മനസ്സിലാക്കിയാണ് എഴുതാറെന്നും ഓപ്പണ്‍ മാഗസിന്‍ പ്രതിനിധി കെ കെ ഷാഹിന. മഅ്ദനി പ്രശ്‌നത്തില്‍ കുറ്റപത്രം വായിച്ചപ്പോള്‍ ഒരുപാട് പഴുതുകളുള്ള ഒരു കേസാണിതെന്ന് തോന്നിയിരുന്നു.

പല സംഭവങ്ങളും സമാന്യ യുക്തിക്ക് പോലും യോജിക്കുന്നതായിരുന്നില്ല. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെട്ടത്. മഅ്ദനിയെ കണ്ടെന്ന് കര്‍ണാടക പോലീസിന് മൊഴി കൊടുത്ത മൂന്നു പേരില്‍ രണ്ട് പേരും ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു. ഇതില്‍ നിന്നു തന്നെ കേസിലെ താല്‍പര്യം വ്യക്തമാണല്ലോ. കുടകില്‍ പോയി ഇവരില്‍ രണ്ടു പേരെ കാണുകയും അഭിമുഖം നടത്തുകയും ചെയ്തു. അപ്പോഴാണ് അവര്‍ മഅ്ദനിയെ കണ്ടിട്ടില്ലെന്ന് വ്യക്തമായത്. ഈ ഒരു സംശയം ആദ്യമേ തോന്നിയിരുന്നു. ഇതാണ് സംഭവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അന്വേഷിച്ചു കണ്ടെത്തിയ സംഭവങ്ങളുടെ ബലത്തില്‍ റിപോര്‍ട്ട് എഴുതാനും പ്രേരിപ്പിച്ചത്. ഇതോടെ പോലീസിന്റെ കുറ്റപത്രം പൊളിഞ്ഞു. ഇത്തരം കേസുകളില്‍ ഞാനല്ല ആരായാലും വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുക്കുന്നതാണ് നാളിതുവരെ കണ്ടുവരുന്നത്. അതിന് എന്റെ പേരുമായി ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

തെഹെല്‍ക്കയില്‍ ഞാന്‍ ചെയ്ത ഏറ്റവും നല്ല സ്‌റ്റോറികളില്‍ ഒരെണ്ണമൊന്നുമായിരുന്നില്ല, മഅ്ദനിയുടെ കേസ്. സംഭവത്തിന് ശേഷം എന്തിനാ വേണ്ടാത്ത പണിക്ക് പോയതെന്ന് നാട്ടിലെ സുഹൃത്തുക്കളായ പല മാധ്യമ പ്രവര്‍ത്തകരും ചോദിച്ചിരുന്നു. ഞാന്‍ ചെയ്തത് വേണ്ടാത്ത പണിയല്ല. ചെയ്യേണ്ടുന്ന ഒന്ന് തന്നെയായിരുന്നു. ഈ അര്‍ഥത്തില്‍ വേണ്ടാത്ത പണിക്ക് പോകുന്നതു തന്നെയാണ് മാധ്യമ പ്രവര്‍ത്തനമെന്നും ഷാഹിന വ്യക്തമാക്കി. ഹിന്ദു ജാഗരണ്‍ വേദി പ്രവര്‍ത്തകര്‍ പബ്ബ് ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അറിഞ്ഞ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് നവീന്‍ സൂരജ് ഈ വിവരം പോലീസിനെയും മറ്റ് മാധ്യമ പ്രവര്‍ത്തകരെയും അറിയിച്ചിരുന്നു.
എന്നാല്‍ ഇത് തടയാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ നവീന്‍ സുരജിനെതിരായി കേസെടുക്കുകയാണ് ചെയ്തത്. അദ്ദേഹം ഇന്നും തടവറയിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കേയായിരുന്നു അറസ്റ്റ്. മണിപ്പൂരില്‍ ഒരു സാധാരണ സമരം റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നു. കേരളത്തിനോ ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇതൊന്നും പരിചിതമല്ല. കേരളത്തിന് പുറത്ത് മാധ്യമ പ്രവര്‍ത്തനം ജീവന്‍ നഷ്ടപ്പെടുന്ന പണിയായി മാറിയിട്ട് ഒരുപാട് നാളായി. ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം സ്ഥിതി ഏറെ ആശങ്കാജനകമാണ്. പോലീസ് ഭീകരത എന്നത് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്യമായ കാര്യമാണ്.
ഇന്ന് കേരളത്തിലെ മാധ്യമ പ്രവര്‍ത്തനം ഒരുപരിധി വരെ പോലീസ് നല്‍കുന്ന കഥകള്‍ കണ്ണടച്ച് വിഴുങ്ങുന്നിടത്തേക്കാണ് എത്തിയിരിക്കുന്നത്. പലപ്പോഴും സംഭവത്തെക്കുറിച്ച് സ്വന്തം യുക്തികൊണ്ട് ചിന്തിക്കാന്‍ പോലും പറ്റാത്തത്രയും മടിയന്‍മാരായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണകൂടം പറയുന്നത് അതുപോലെ കൊടുക്കുകയെന്നതല്ല മാധ്യമ പ്രവര്‍ത്തനം.
കേസുണ്ടാവുന്നത് നമ്മെ ശക്തിപ്പെടുത്തുമെന്നാണ് എന്റെ അനുഭവം. വ്യക്തിത്വത്തിന്റെ വികാസത്തില്‍ പോലും അത് നിര്‍ണ്ണായക പങ്ക് വഹിക്കും. കേസുമായി ബന്ധപ്പെട്ട് വക്കീല്‍ ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോഴും തെഹല്‍കയാണ് നല്‍കുന്നത്. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലിയുടെ ഭാഗമായി സംഭവിക്കുന്ന ഇത്തരം കേസുകള്‍ സ്വയം നടത്തേണ്ട സ്ഥിതിയാണുള്ളത്.
ഭയമില്ലാതെ സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള ഒന്നും ഇന്ത്യന്‍ ഭരണഘടനയില്‍ ചേര്‍ത്തിട്ടില്ല. ഒരു ജര്‍മ്മന്‍ വനിതാ മന്ത്രിയുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ ഫ്രീഡം ഓഫ് പ്രസ്സില്ലാതെ എങ്ങിനെയാണ് വെല്ലുവിളികള്‍ നിറഞ്ഞ ഈ മേഖലയില്‍ ജോലിയെടുക്കുന്നതെന്ന് അത്ഭുതത്തോടെ ചോദിച്ച അനുഭവവും എനിക്കുണ്ട്. ഭരണകൂട ഭീകരതയെന്നത് ഇന്ന് ഇന്ത്യയില്‍ വാര്‍ത്തയല്ലാതായിരിക്കുന്നു. നമുക്ക് ചുറ്റും എപ്പോഴും എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ കണ്ണും കാതും തുറന്നിരുന്നേ മതിയാവൂവെന്നും ഷാഹിന ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എന്‍ വിജയ് മോഹന്‍ പങ്കെടുത്തു.