Connect with us

Kerala

വളാഞ്ചേരികൊലപാതകം : പ്രതിയെ പൈലിപ്പുറത്തെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

Published

|

Last Updated

പട്ടാമ്പി: വളാഞ്ചേരിയില്‍ വൃദ്ധ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൈലിപ്പുറം അരങ്ങംപള്ളിയാലില്‍ ശാന്തകുമാരി(55)യെ പോലീസ് പൈലിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തിരൂര്‍ ഡി വൈ എസ് പി സൈതാലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുമായി പൈലിപ്പുറത്ത് എത്തിയപ്പോള്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഡി വൈ എസ് പിയെ കൂടാതെ വളാഞ്ചേരി സി ഐ സിദ്ദീഖ്, എസ് ഐ മോഹനന്‍, കാടാമ്പുഴ, എസ് ഐ ഷൈജു, കുറ്റിപ്പുറം എസ് ഐ രാജമോഹന്‍, വളാഞ്ചേരി എ എസ് ഐ വാസുദേവന്‍, സി പി ഒമാരായ മുരളീധരന്‍, ത്വാഹിര്‍, സദാനന്ദന്‍, സുനില്‍കുമാര്‍, വനിതാ പോലീസുകാരായ സുജാത, ശ്രീജ, പത്മിനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വാഹനത്തില്‍ നിന്നും ഇറക്കിയപ്പോള്‍ പ്രകോപിതരായ ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. ജനങ്ങളെ മാറ്റിയ ശേഷം പ്രതിയുമായി നേരെ വീട്ടിലെ ബെഡ്്‌റൂമിലെത്തി ഇവിടെ കിടപ്പുവിരിക്കടിയില്‍ ഒളിപ്പിച്ചിരുന്ന 24,500 രൂപയുടെ കിഴി പ്രതി പൊലീസിനു കാണിച്ചുകൊടുത്തു. 10 മിനിറ്റ് സമയം പ്രതിയുമായി വീട്ടില്‍ ചിലവഴിച്ച് പോലീസ് സര്‍വീസ് സഹകരണ ബേങ്ക് തിരുവേഗപ്പുറയിലെ കൊപ്പം ശാഖയിലും തെളിവെടുത്തു. ബേങ്കില്‍ നിന്നും വായ്്പയെടുത്ത വകയില്‍ ഇവിടെ 20,000 രൂപ അടച്ചിരുന്നു. കുഞ്ഞിലക്ഷ്മി അമ്മയെ കഴിഞ്ഞ നാലിനാണ് കൊലപ്പെടുത്തിയത്. വീട്ടില്‍ മകളോടൊപ്പം താമസിക്കുന്ന കുഞ്ഞിലക്ഷ്മി അമ്മയുടെ പൈലിപ്പുറത്തെ തറവാട്ടു വീട്ടിലെ അയല്‍വാസിയായ ശാന്തകുമാരി വെണ്ടല്ലൂരിലെ വീട്ടിലെ ജോലിക്കാരിയാണ്. കുഞ്ഞിലക്ഷ്മി അമ്മയുടെ മകള്‍ വളാഞ്ചേരി എം ഇ എസ് സ്‌കൂളിലെ അധ്യാപികയാണെന്ന് അറിയാവുന്ന പ്രതി സതി വീട്ടിലില്ലാത്ത സമയം നോക്കിയാണ് കൃത്യം ചെയ്യാനെത്തിയത്. നാലിനു ഉച്ചക്ക് ഒന്നിനും രണ്ടിനും ഇടയിലുള്ള സമയത്ത് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ വീട്ടിലെ അടുക്കള വാതിലൂടെ എത്തിയാണ് കൊല നടത്തിയത്. കൊല ചെയ്യാനുദ്ദേശിച്ചല്ല എത്തിയെങ്കിലും ഉറങ്ങുന്ന അമ്മയുടെ കഴുത്തിലും കൈയിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ കണ്ടപ്പോള്‍ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പ്രതി ശാന്തകുമാരിക്ക് ഭാവം മാറി. അടുക്കളയിലെ വെട്ടുകത്തിയെടുത്ത് മൂന്നു തവണ വെട്ടി. മരിച്ചെന്നു ഉറപ്പ് വരുത്താന്‍ സാരി കൊണ്ട് കഴുത്ത് ഞെരുക്കുകയും ചെയ്തു. തുടര്‍ന്ന് 34 ഗ്രാം വരുന്ന സ്വര്‍ണാഭരണവുമായി വളാഞ്ചേരിയിലെ ഗോപാല്‍ ജ്വല്ലറിയിലെത്തി. സംശയം തോന്നിയ കടയിലെ ജീവനക്കാര്‍ മടക്കി അയച്ചു. മുന്‍പരിചയമുള്ള സഹായിയെയും കൂട്ടി വളാഞ്ചേരി തന്നെ സേട്ടിനെ സമീപിച്ച് 78,900 രൂപ സ്വര്‍ണം വിറ്റു. ഈ പണത്തില്‍ നിന്നും വിവിധ ചിട്ടികളില്‍ നിന്നും മറ്റും കടമെടുത്തിരുന്ന ഇടപാട് തീര്‍ത്തു. ബാക്കി 44,500 രൂപയുമായി തിരുവേഗപ്പുറ സഹകരണ ബേങ്കിലെത്തി ലോണെടുത്തതില്‍ 20,000 രൂപ അടച്ചു. 24,500 രൂപ വീട്ടില്‍ ‘ര്‍ത്താവോ മക്കളോ അറിയാതെ ബെഡ്‌റൂമില്‍ തലയണയിലാക്കി പായക്കുള്ളില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് മരണാനന്തര ചടങ്ങുകളിലും മറ്റും സജീവമായി പങ്കെടുത്തു. അതിനിടെ പൈലിപ്പുറത്തെ കുഞ്ഞിലക്ഷ്്മി അമ്മയുടെ തറവാട്ടു വീട്ടില്‍ മൊഴിയെടുക്കാനെത്തിയ പോലീസ് ശാന്തയുടെ മൊഴിയും ചിത്രവും പകര്‍ത്തിയിരുന്നു. സ്വര്‍ണം വില്‍ക്കാനെത്തിയ സ്ത്രീയെ കുറിച്ചന്വേഷിക്കുന്ന പോലീസ് ശാന്തയുടെ ചിത്രം ജ്വല്ലറിക്കാര്‍ക്ക് കാണിച്ചുകൊടുത്തു. ജ്വല്ലറി ജീവനക്കാര്‍ ചിത്രത്തില്‍ നിന്നും പ്രതിയെ തിരിച്ചറിയുകയും 10ന് രാത്രി പൈലിപ്പുറത്തെ വീട്ടില്‍ നിന്നും പോലീസ് ശാന്തകുമാരിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ 11ന് പുലര്‍ച്ചെ നാലു മണിക്കാണ് പ്രതി കുറ്റം സമ്മതിച്ചത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് കവര്‍ച്ച നടത്തിയതെന്ന് പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, നാട്ടുകാരുടെ കാഴ്ചപ്പാടില്‍ ശാന്ത പ്രകൃതക്കാരിയാണ്. ഇങ്ങിനെയൊരു ക്രൂരകൃത്യത്തിനു അവര്‍ മുതിരുമോ എന്നാണ് പൈലിപ്പുറത്തെ നാട്ടുകാര്‍ ചോദിക്കുന്നത്. കുഞ്ഞിലക്ഷ്മി അമ്മയെ കൊലപ്പെടുത്തിയ ശാന്തകുമാരിയുടെ പൈലിപ്പുറത്തെ ബന്ധുക്കളും, നാട്ടുകാരും ഇപ്പോഴും കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല.

Latest